ബ്ലൂ വെയ്ല്‍ ഭീഷണി: സ്‌കൂളില്‍ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കണമെന്ന് സിബിഎസ്ഇ

ന്യൂദല്‍ഹി- സ്‌കൂളുകളില്‍ മതിയായ ഇന്റര്‍നെറ്റ് സുരക്ഷയും നിയന്ത്രണവും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) എല്ലാ സ്‌കൂളുകള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കി. സ്‌കൂളുകളിലും സ്‌കൂള്‍ ബസുകളിലും ഇന്റര്‍നെറ്റിന്റേയും ഡിജിറ്റല്‍ ടെക്‌നോളജികളുടേയും കാര്യക്ഷമമായ ഉപയോഗത്തിന് മതിയായ ഫയര്‍വാളുകളും, ഫില്‍ട്ടറിംഗ്, മോണിറ്ററിംഗ് സോഫ്റ്റ് വെയര്‍ സംവിധാനങ്ങളും എല്ലാ കമ്പ്യൂട്ടറുകളിലും ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ഈ സംവിധാനവും ഇന്റര്‍നെറ്റ് ബ്ലോക്കിംഗ് നയവും അടിക്കടി പുനപ്പരിശോധിക്കുകയും പുതുക്കുകയും വേണമെന്നും ആവശ്യപ്പെടുന്നു.

രാജ്യത്തുടനീളമുള്ള സിബിഎസ്ഇയില്‍ അഫിലിയേറ്റ് ചെയ്ത 18,000 സ്‌കൂളുകള്‍ക്കാണ് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുള്ളത്. ബ്ലൂ വെയ്ല്‍ ഭീഷണിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ടെക്ക് കമ്പനികളോട് മുന്‍കരുതലെടുക്കാന്‍ ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് സിബിഎസ്ഇയുടെ നീക്കം.

ഇതിന്റെ ഭാഗമായി സുരക്ഷിതമായ സോഷ്യല്‍ മീഡിയാ ഉപയോഗത്തിനുള്ള വഴികള്‍ അടക്കം നിരവധി മാര്‍ഗനിര്‍ദേശങ്ങളും സിബിഎസ്ഇ തയാറാക്കിയിട്ടുണ്ട്. ഗെയിമുകളായാലും സോഷ്യല്‍ മീഡിയയാലും കുട്ടികള്‍ക്ക് ആവശ്യമില്ലാത്ത ലിങ്കുകളിലേക്കും കണ്ടന്റുകളിലേക്കും അവരുടെ ശ്രദ്ധതിരിയുന്നത് നിരീക്ഷിക്കാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു സിബിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.   

മികച്ച ഒരു പഠനസഹായി എന്ന നിലയില്‍ ഐടിയുടെ സാധ്യതകള്‍ക്ക് അതിരില്ല. എങ്കിലും വേണ്ടത്ര സുരക്ഷാ അവബോധമില്ലാതെ കുട്ടികള്‍ ഇന്റനെറ്റ് ഉപയോഗിച്ചാല്‍ നിയമവിരുദ്ധ കെണികളിലും തട്ടിപ്പുകളിലും അല്ലെങ്കില്‍ അതിലേറെ ഗുരുതരമായ വല്ലതിലും പെട്ടുപോകാന്‍ സാധ്യതയേറെയാണ്. ഈ പശ്ചാത്തലത്തില്‍ ഇന്റനെറ്റ് സുരക്ഷാ ചട്ടങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളുടെ സ്വതന്ത്രമായ അറിവന്വേഷണത്തിന് ആവശ്യമാണ്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വന്‍തോതിലുള്ള വ്യാപനം കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ നിയന്ത്രണവും നിരീക്ഷണവും സ്‌കൂളുകളുടെ കടമാക്കി മാറ്റിയിരിക്കുന്നുവെന്നും സിബിഎസ്ഇ സ്‌കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു.

Latest News