Sorry, you need to enable JavaScript to visit this website.

ആധാര്‍ ചോദിച്ച് മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു

വിഴിഞ്ഞം- നടുറോഡില്‍ വച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മര്‍ദ്ദനമേറ്റ ജാര്‍ഖണ്ഡ് സ്വദേശിയായ ഗൗതം മണ്ഡലിനെ കണ്ടെത്തി വിഴിഞ്ഞം പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഓട്ടോ ഡ്രൈവറായ സുരേഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച വൈകീട്ട് മുക്കോല ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തുവെച്ചായിരുന്നു സംഭവം . സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍ റീചാര്‍ജ് കടയിലെത്തിയതായിരുന്നു ഗൗതം മണ്ഡല്‍. ഇതിനിടെ സുരേഷ് വാഹനം പിറകോട്ടെടുക്കുകയും ഇതിനെച്ചൊല്ലി തര്‍ക്കം ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് ആധാര്‍ അടക്കം തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ച് ഇയാള്‍ ഗൗതമിനെ തുടര്‍ച്ചയായി മുഖത്ത് മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

ആധാര്‍ കാര്‍ഡ് ചോദിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് മര്‍ദനം; വൈറലായി വീഡിയോ

മുക്കോല ഓട്ടോസ്റ്റാന്റിലെ കടല എന്നു വിളിപ്പേരുള്ള സുരേഷാണ് പൊതുജനമധ്യത്തില്‍ അതിക്രമം നടത്തിയത്.
ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈല്‍ കടയില്‍ റീചാര്‍ജ് ചെയ്യാന്‍ വന്നതാണ് ഗൗതം. സുരേഷ് ഓട്ടോറിക്ഷ അശ്രദ്ധമായി പിന്നിലേക്ക് എടുക്കവേ കടയിലേക്ക് കയറാന്‍ പോയ ഗൗതമിന്റെ ശരീരത്തില്‍ തട്ടി. എന്താ എന്ന് ഗൗതം ചോദിച്ചതോടെ പ്രകോപിതനായ സുരേഷ് ഗൗതമിനെ  അസഭ്യം പറഞ്ഞു.

സുരേഷ് അയാളുടെ ഐ.ഡി കാര്‍ഡ് കാണിച്ച ശേഷം താന്‍ മുക്കോല സ്വദേശി ആണെന്നും നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണം എന്നും നിന്റെ ഐഡി കാര്‍ഡ് എടുക്കെടാ എന്നും ആക്രോശിച്ച് ഗൗതമിനെ അടിച്ചു. അടി കൊടുത്ത ശേഷം ഗൗതമിന്റെ കാര്‍ഡ് പിടിച്ചു വാങ്ങിയ സുരേഷ് നീയിത് നാളെ പോലീസ് സ്റ്റേഷനില്‍ വന്നു വാങ്ങെടാ ' എന്നു പറഞ്ഞു അസഭ്യ വര്‍ഷം തുടങ്ങി.
ഇയാള്‍ മൂന്നു ദിവസം മുമ്പ് മുക്കോലയിലെ ഒരു കടയില്‍ കയറി അവിടെ ഉണ്ടായിരുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ചുവെന്നും പറയുന്നു.  

 

 

Latest News