ലക്‌നൗ- ഉത്തര്‍ പ്രദേശ് തലസ്ഥാന ജില്ലയായ ലക്‌നൗവില്‍ മുസ്ലിംകളുടെ ബലിപെരുന്നാളിനോടനുബന്ധിച്ച് ഒട്ടകങ്ങളെ ബലിയറുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി. ഒട്ടകത്തെ വില്‍പ്പന നടത്തുന്നതും വാങ്ങുന്നതും നിരീക്ഷിക്കാന്‍ പോലീസിനോടും ഇന്റലിജന്‍സിനോടും ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ നിന്ന് കൊണ്ടുവരുന്ന ഒട്ടക കൂട്ടങ്ങളെ നിരീക്ഷിക്കണമെന്നും ഇവയെ നഗരപരിധിക്കുള്ളില്‍ വില്‍പ്പന നടത്തുന്നില്ലെന്നു ഉറപ്പു വരുത്താനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബക്രീദിന് ഇവിടെ ഒട്ടകത്തെ ബലിയറുത്തതായി ചരിത്രത്തിലില്ല. ജില്ലയില്‍ ഒരിടത്തും ഇങ്ങനെയില്ലെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. ബക്രീദിനു മുന്നോടിയായി രാജസ്ഥാനില്‍ നിന്നെത്തിക്കുന്ന ഒട്ടകങ്ങളെ കിഴക്കന്‍ യൂപിയിലേക്ക് ലക്‌നൗ വഴി കൊണ്ടു പോകുന്നത് പതിവാണ്. ഇവര്‍ നഗരപരിധക്കുള്ളില്‍ വില്‍പ്പന നടത്താതെ നോക്കണമെന്നാണ് പോലീസിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.






