'അമിത് ഷാ ആഭ്യന്തരമന്ത്രി അല്ല, വിദ്വേഷ മന്ത്രി'; രൂക്ഷ വിമര്‍ശനവുമായി ബൃന്ദ കാരാട്ട്

ന്യൂദല്‍ഹി- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അമിത് ഷാ ആഭ്യന്തരമന്ത്രിയെ പോലയല്ല, രാജ്യത്ത് വെറുപ്പ് പടര്‍ത്താന്‍ വേണ്ടിമാത്രമുള്ള ഒരു മന്ത്രിയെപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബൃന്ദകാരാട്ട് ആരോപിച്ചു. സിപിഐഎം ഗോത്രവിഭാഗത്തിന്റെ 22ാമത് സെന്‍ട്രല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷഹീന്‍ ബാഗ് സമരക്കാര്‍ക്കെതിരെയുള്ള അമിത് ഷായുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു ബൃന്ദ കാരാട്ടിന്റെ വിമര്‍ശനം.

'ആഭ്യന്ത്രമന്ത്രി അമിത്ഷാ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇവിഎമ്മിലെ ബട്ടണ്‍ കൂടുതല്‍ ശക്തമായി അമര്‍ത്തൂ .ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്ക് അതില്‍ നിന്നും വൈദ്യുതാഘാതം ഏല്‍ക്കട്ടെയെന്ന്. ഇത്തരം പ്രസ്താവനകള്‍ പക്ഷപാതപരമാണ്. ഇതുകൊണ്ടാണ് ഞാന്‍ പറയുന്നത് അമിത്ഷാ ആഭ്യന്തരമന്ത്രിയല്ല. വിദ്വേഷത്തിന്റെ മന്ത്രിയാണെന്ന്.’ ബൃന്ദകാരാട്ട് പറഞ്ഞു.

Latest News