Sorry, you need to enable JavaScript to visit this website.

കൊച്ചിയിലും കരിപ്പൂരിലും സ്വര്‍ണ വേട്ട; ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച സ്വര്‍ണവും പിടിച്ചു

കൊച്ചി- കൊച്ചി വിമാനത്താവളത്തിലും കരിപ്പൂരിലും വന്‍ സ്വര്‍ണ വേട്ട. കരിപ്പൂരില്‍ 25 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടികൂടിയത്. നെടുമ്പാശ്ശേരിയില്‍ ഒരു കോടി നാല്‍പത്തിയേഴ് ലക്ഷം രൂപയുടെ സ്വര്‍ണവും 32 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി.
ദുബായില്‍നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് ശിവപുരം കായല്‍മൂലക്കല്‍ റമീസില്‍നിന്നാണ് 626 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. ശരീരത്തിനുളളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം യാത്രക്കാരനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കളളക്കടത്ത് കണ്ടെത്തിയത്.

72 മണിക്കൂറിനുളളില്‍ കരിപ്പൂരില്‍നിന്ന് മാത്രം  രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ഡി.ആര്‍.ഐ സംഘവും പിടികൂടിയ സ്വര്‍ണത്തിന് പുറമേയാണിത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ അസി. കമ്മീഷണര്‍ എന്‍.എസ്. ദേവ്, സൂപ്രണ്ടുമാരായ സി.സുരേഷ് ബാബു, കെ.കെ. പ്രവീണ്‍ കുമാര്‍, കെ. പ്രേംജിത്, ഇന്‍സ്‌പെക്ടര്‍മാരായ ഇ. മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍, എം. സന്തോഷ് കുമാര്‍, ഇ.വി മോഹനന്‍ എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.
            
ദുബായില്‍നിന്നു ഇന്നലെ പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ചെന്നൈയിലേക്ക് പോകാന്‍ എത്തിയ സ്‌പൈസ്‌ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ടോയ്‌ലറ്റില്‍നിന്നാണ് ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം ഒരു കോടി പതിനഞ്ച് ലക്ഷം രൂപ വില വരുന്ന 2.75 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. ഈ സ്വര്‍ണം കൊച്ചിയില്‍നിന്നു ചെന്നൈയിലേക്ക് ആഭ്യന്തര യാത്രക്കാരനായി കയറുന്ന ആള്‍ക്ക് പരിശോധന കൂടാതെ ചെന്നൈ വഴി പുറത്ത് ഇറക്കുവാന്‍ കഴിയും. ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നതിനായിരിക്കണം ടോയ്‌ലറ്റില്‍ സ്വര്‍ണം ഒളിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

റിയാദില്‍നിന്നു കൊളംബോ വഴി കൊച്ചിയില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍നിന്ന് 32 ലക്ഷം രൂപ വില വരുന്ന 750 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. കൊച്ചിയില്‍നിന്നു എമിറേറ്റ്‌സ്  വിമാനത്തില്‍ ദുബായിലേക്ക് പോകാന്‍ എത്തിയ പാലക്കാട് സ്വദേശിനിയുടെ ബാഗില്‍നിന്നാണ് 32 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. പട്ടാമ്പിയില്‍ നിന്നു ഒരാള്‍ വിദേശ കറന്‍സി കൈമാറിയതാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി എയര്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

 

 

Latest News