Sorry, you need to enable JavaScript to visit this website.

അഫ്‌ലാജിൽ കാറുകൾ  കൂട്ടിയിടിച്ച് 11 മരണം

റിയാദ് - അഫ്‌ലാജിനു സമീപം മരുഭൂമിയിൽ കാറുകൾ കൂട്ടിയിടിച്ച് 11 പേർ മരണപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അനധികൃത താമസക്കാരെ കടത്തുകയായിരുന്ന കാറുകളിൽ ഒന്ന് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അഫ്‌ലാജിനു സമീപം അൽഹദാറിന് വടക്ക് അർഖ് അസ്അസിൽ ഇന്നലെ പുലർച്ചെയാണ് അപകടം. അനധികൃത താമസക്കാരായ മൂന്നു വനിതകളും ഇഖാമ, തൊഴിൽ നിയമലംഘകരായ ഏഴു എത്യോപ്യക്കാരും കാർ ഡ്രൈവറായ സൗദി പൗരനുമാണ് മരിച്ചതെന്നാണ് വിവരം. സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കി. മൃതദേഹങ്ങൾ അഫ്‌ലാജ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 


മൂന്നു വനിതകളും തനിക്കു പുറമെ പത്തു എത്യോപ്യക്കാരുമാണ് താൻ സഞ്ചരിച്ച കാറിലുണ്ടായിരുന്നതെന്ന് അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട എത്യോപ്യൻ യുവാവ് അലി മുഹമ്മദ് പറഞ്ഞു. അർധരാത്രിക്കു ശേഷം മരുഭൂപ്രദേശത്തു വെച്ചാണ് തങ്ങളുടെ കാർ അപകടത്തിൽ പെട്ടത്. ഈസമയത്ത് താൻ ഉറക്കത്തിലായിരുന്നു. നേരം വെളുത്തശേഷം പ്രദേശത്ത് പതിനൊന്നു പേർ മരിച്ചുകിടക്കുന്നത് താൻ കണ്ടു. അവശേഷിക്കുന്നവർക്ക് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല. നേരം പുലർന്ന ശേഷം സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് പ്രവർത്തകരും എത്തി വലതുകാൽ ഒടിയുകയും ദേഹത്ത് പരിക്കേൽക്കുകയും ചെയ്ത തന്നെ അഫ്‌ലാജ് ജനറൽ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. നേരത്തെ താൻ സൗദിയിൽ ജോലി ചെയ്തിരുന്നു. സുരക്ഷാ വകുപ്പുകളുടെ പിടിയിലായി നാടുകടത്തപ്പെട്ട താൻ വീണ്ടും സൗദിയിൽ തിരിച്ചെത്തി വാദിദവാസിറിൽനിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് സൗദി പൗരന്റെ കാറിൽ കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടതെന്നും 25 കാരൻ പറഞ്ഞു. 

Latest News