റിയാദ് - ഇറാനിൽ നവകൊറോണ (കോവിഡ്-19) വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ കഴിയുന്ന വിദേശികളുടെ ഇറാൻ യാത്രക്ക് വിലക്കേർപ്പെടുത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇറാനിൽ ഏതാനും പേർ കൊറോണ ബാധിച്ച് മരണപ്പെടുകയും നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദി പൗരന്മാരുടെ ഇറാൻ യാത്രക്കുള്ള വിലക്ക് തുടരും.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദിയിൽ കഴിയുന്ന വിദേശികളുടെ ഇറാൻ യാത്ര താൽക്കാലികമായി വിലക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗാണുവിന്റെ പരമാവധി ഇൻകുബേഷൻ കാലം പിന്നിട്ട ശേഷമല്ലാതെ, നേരത്തെ ഇറാൻ സന്ദർശിച്ച മറ്റു രാജ്യക്കാർ സൗദിയിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇതുപ്രകാരം ഇറാൻ സന്ദർശിച്ച് പതിനാലു ദിവസം പിന്നിട്ട ശേഷമല്ലാതെ മറ്റു രാജ്യക്കാരെ സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
വിലക്ക് ലംഘിച്ച് ഇറാൻ സന്ദർശിക്കുന്ന സൗദി പൗരന്മാർക്കെതിരെ പാസ്‌പോർട്ട് നിയമം അനുസരിച്ച ശിക്ഷാ നടപടികൾ സ്വീകരിക്കുകയും അവരെ പതിനാലു ദിവസം ഹെൽത്ത് ക്വാറന്റൈന് (ഐസൊലേഷൻ) വിധേയമാക്കുകയും ചെയ്യും. ഇറാൻ യാത്രാ വിലക്ക് തീരുമാനം ലംഘിക്കുന്ന വിദേശികളെ സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ ഇറാൻ സന്ദർശിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തികളും അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിലെ ജവാസാത്ത് ഉദ്യോഗസ്ഥർക്കു മുന്നിൽ വെളിപ്പെടുത്തൽ നിർബന്ധമാക്കിയിട്ടുമുണ്ട്. സൗദിയിൽ എത്തുന്നതിനു രണ്ടാഴ്ച മുമ്പ് ഇറാനിലുണ്ടായിരുെന്നങ്കിൽ അക്കാര്യമാണ് വെളിപ്പെടുത്തേണ്ടത്. വിദേശങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്ന എല്ലാവരും ഇത് നിർബന്ധമായും പാലിച്ചിരിക്കണം. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ വ്യവസ്ഥ നിർബന്ധമാക്കിയിരിക്കുന്നത്.
സൗദി പൗരന്മാരും സൗദിയിൽ കഴിയുന്ന വിദേശികളും ചൈന സന്ദർശിക്കുന്നതിന് ഈ മാസം ആറിന് ജവാസാത്ത് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ലംഘിക്കുന്ന സൗദി പൗരന്മാർക്കെതിരെ പാസ്‌പോർട്ട് നിയമം അനുസരിച്ച ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വിദേശികളെ രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
സൗദിയിൽ ഇതുവരെ പുതിയ കൊറോണ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സൗദിയിലെത്തുന്നത് തടയുന്നതിന് എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നുണ്ട്. സൗദിയിലേക്ക് വരുന്ന മറ്റു രാജ്യക്കാർ ചൈന സന്ദർശിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം അതിർത്തി പ്രവേശന കവാടങ്ങളിലെ ജവാസാത്ത് ഉദ്യോഗസ്ഥർക്കു മുന്നിൽ വെളിപ്പെടുത്തൽ നിർബന്ധമാക്കിയിട്ടുമുണ്ട്. സൗദിയിൽ എത്തുന്നതിനു പതിനഞ്ചു ദിവസം മുമ്പ് ചൈനയിലുണ്ടായിരുെന്നങ്കിൽ അക്കാര്യമാണ് വെളിപ്പെടുത്തേണ്ടത്. വിദേശങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്ന എല്ലാവരും ഇത് പാലിക്കൽ നിർബന്ധമാണ്.
ദേശീയ വിമാന കമ്പനിയായ സൗദിയ ചൈനയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. മേഖലയിലെ മറ്റു വിമാന കമ്പനികളും ചൈന സർവീസ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഇന്നലെ വരെ 2,362 ആയി ഉയർന്നിട്ടുണ്ട്. ലോകത്ത് ഇതുവരെ 77,924 പേർക്കാണ് രോഗം ബാധിച്ചത്. ചൈനയിൽ മാത്രം 2,345 പേർ മരണപ്പെട്ടിട്ടുണ്ട്. ഇതിൽ 109 പേർ ഇരുപത്തിനാലു മണിക്കൂറിനിടെയാണ് മരണപ്പെട്ടത്. ഇറാനിൽ ആകെ അഞ്ചു പേർ മരണപ്പെട്ടു. ഇന്നലെ രാവിലെ വരെ ഇരുപത്തിയെട്ടു പേർക്കാണ് ഇറാനിൽ രോഗബാധ സ്ഥിരീകരിച്ചത്.