Sorry, you need to enable JavaScript to visit this website.

26 വർഷത്തിനു ശേഷം നായിഫ് അൽഖറാദി രക്തബന്ധത്തിന്റെ സ്‌നേഹത്തണലിൽ

ദമാമിൽനിന്ന് വിമാന മാർഗം ജിസാൻ എയർപോർട്ടിലെത്തിയ നായിഫ് മുഹമ്മദ് അൽഖറാദിയെ യഥാർഥ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സ്വീകരിക്കുന്നു. 

ജിസാൻ - രണ്ടര ദശകത്തിലേറെ നീണ്ട വേർപാട് തീർത്ത തീരാവേദനക്കൊടുവിൽ സ്വന്തം കുടുംബത്തിന് നായിഫ് മുഹമ്മദ് അൽഖറാദിയെ തിരിച്ചുകിട്ടി. 26 വർഷത്തിനു ശേഷം രക്തബന്ധത്തിന്റെ സ്‌നേഹത്തണലിലെത്തിയ നായിഫിനെ കുടുംബാംഗങ്ങളും നാട്ടുകാരും അടങ്ങിയ വൻ ജനാവലി ജിസാൻ എയർപോർട്ടിൽ ഊഷ്മളമായി സ്വീകരിച്ചു. ദമാമിൽ നിന്നാണ് നായിഫ് അൽഖറാദി വിമാന മാർഗം വെള്ളിയാഴ്ച രാത്രി ജിസാനിലെത്തിയത്. ജിസാനിൽ സ്വന്തം കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കുമിടയിൽ എത്തിയതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് നായിഫ് പറഞ്ഞു. സ്വന്തം കുടുംബവുമായി ഒത്തുചേരുന്ന ഇത്തരമൊരു ദിവസത്തിനു വേണ്ടി താൻ അടക്കാനാകാത്ത ആശയോടെ കാത്തിരിക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു. 
ജിസാനിലെത്തിയ നായിഫിന്റെ മുഖത്ത് വലിയ സന്തോഷം പ്രകടമാണെന്ന് ബന്ധു സാലിം ഹസൻ മജ്ഹലി പറഞ്ഞു. നായിഫിന്റെ പിതാവ് സ്വന്തം മകനു വേണ്ടി 26 വർഷം നിരന്തരവും വിശ്രമരഹിതവുമായും അന്വേഷണം നടത്തി. മകനെ കാണാൻ കഴിയണമെന്ന അതിയായ ആഗ്രഹം സഫലമായി കാണാൻ ഭാഗ്യമില്ലാതെ രണ്ടു മാസം മുമ്പ് രോഗബാധിതനായി ഇദ്ദേഹം ഇഹലോകവാസം വെടിയുകയായിരുന്നെന്നും സാലിം മജ്ഹലി പറഞ്ഞു. 


നായിഫിന്റെത് ദരിദ്ര കുടുംബമാണ്. ഇത്തരം സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്ന കുടുംബങ്ങൾ മാനസിക പ്രശ്‌നങ്ങളും നേരിടുക സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ ഈ കുടുംബത്തിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും നൽകുന്നതിന് ഉന്നതാധികൃതർ നിർദേശിച്ചിട്ടുണ്ടെന്നും ഇത് പ്രാവർത്തികമാക്കുന്നതിന് തങ്ങൾ മുൻഗണന നൽകുമെന്നും മാനസിക പ്രശ്‌നങ്ങൾ നേരിടുന്നവരുടെ പരിചരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയിൽ നിന്നുള്ള മുഹമ്മദ് മുദഖലി പറഞ്ഞു. 
ഇരുപത്തിയാറു വർഷം മുമ്പ് ചോരപ്പൈതലായിരിക്കെ ഖത്തീഫ് ആശുപത്രിയിൽ നിന്നാണ് നായിഫ് അൽഖറാദിയെ സൗദി വനിത മർയം തട്ടിക്കൊണ്ടുപോയത്. പ്രസവിച്ച് മണിക്കൂറുകൾക്കകമാണ് നായിഫിനെ നഴ്‌സിനെ പോലെ വേഷംധരിച്ചെത്തി പ്രതി ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. 1993 ജൂലൈ 4 ന് ആയിരുന്നു ഇത്. നായിഫിനെ മർയം പിന്നീട് തന്റെ ഭർത്താവിന്റെ അറിവോടെ ഫാമിലി കാർഡിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ കേസിൽ പ്രതിയുടെ മുൻ ഭർത്താവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് അറിയിച്ചിട്ടുണ്ട്. 


സൗദി വനിത മർയം ആകെ മൂന്നു കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിൽ രണ്ടു കുട്ടികളെ ദമാം മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആശുപത്രിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. ആദ്യ തട്ടിക്കൊണ്ടുപോകൽ 26 വർഷം മുമ്പ് ഖത്തീഫ് ആശുപത്രിയിലായിരുന്നു. നായിഫ് മുഹമ്മദ് അൽഖറാദിയെ ആണ് അന്ന് തട്ടിക്കൊണ്ടുപോയത്. രണ്ടാമത്തെ കുട്ടി മുഹമ്മദ് അൽഅമ്മാരിയെ 1996 സെപ്റ്റംബർ എട്ടിനും മൂന്നാമത്തെ കുട്ടി മൂസ അൽഖുനൈസിയെ 1999 ജൂലൈ 21 നുമാണ് ദമാം ആശുപത്രിയിൽ നിന്ന് പ്രതി തട്ടിക്കൊണ്ടുപോയത്. 
ആദ്യമായി തട്ടിക്കൊണ്ടുപോയ നായിഫ് അൽഖറാദിയെ ഭർത്താവിന്റെ അനുമതിയോടെ ഭർത്താവിന്റെ പേരിൽ മർയം രജിസ്റ്റർ ചെയ്തു. ഈ വിവാഹബന്ധം വേർപ്പെടുത്തി രണ്ടാമത് വിവാഹം ചെയ്ത മർയം പിന്നീട് തട്ടിക്കൊണ്ടുവന്ന രണ്ടു കുട്ടികളെയും തന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിന് രണ്ടാം ഭർത്താവ് സമ്മതിച്ചിരുന്നില്ല. 


മുതിർന്ന് വലുതായ കുട്ടികൾക്ക് സൗദി തിരിച്ചറിയൽ രേഖകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളെ മർയം സമീപിച്ചതാണ് രണ്ടു ദശകത്തിലേറെ മുമ്പ് നടന്ന മൂന്നു തട്ടിക്കൊണ്ടുപോകൽ കേസുകൾക്ക് തുമ്പുണ്ടാക്കാൻ സഹായിച്ചത്. തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടികളെ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാതെ താൻ എടുത്തുവളർത്തുകയായിരുന്നെന്നാണ് മർയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതിൽ സംശയം തോന്നി പഴയ തട്ടിക്കൊണ്ടുപോകൽ കേസുകൾ പൊടിതട്ടിയെടുത്ത് ബന്ധുക്കളുടെയും കുട്ടികളുടെയും ഡി.എൻ.എ പരിശോധനകൾ നടത്തിയതോടെയാണ് ദമാം ആശുപത്രിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളാണെന്ന് വ്യക്തമായത്. പിന്നീട് നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടു പേരെയും യഥാർഥ കുടുംബങ്ങൾക്ക് കൈമാറി. മർയമിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഏറ്റവുമാധ്യം നടത്തിയ തട്ടിക്കൊണ്ടുപോകലിനെ കുറിച്ചും വിവരം ലഭിച്ചത്. ആദ്യ ഭർത്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്തതിനാൽ നായിഫിന് തിരിച്ചറിയൽ രേഖകളും മറ്റുമുണ്ടായിരുന്നു. 


തട്ടിക്കൊണ്ടുപോകൽ കേസിൽ മർയമിനെ കിഴക്കൻ പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. നാലാമതൊരു കുട്ടിയെ കൂടി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നെന്നും പ്രതി സമ്മതിച്ചു. രണ്ടാമതും മൂന്നാമതും തട്ടിക്കൊണ്ടുപോയ കുട്ടികളെയാണ് ഡി.എൻ.എ പരിശോധനയിലൂടെ യഥാർഥ ബന്ധുക്കളെ കണ്ടെത്തി ആദ്യം കൈമാറിയത്. ആദ്യ ഭർത്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും തിരിച്ചറിയൽ രേഖകളെല്ലാം നേടുകയും ചെയ്തതിനാലും ഏറ്റവും ഒടുവിൽ തട്ടിക്കൊണ്ടുപോകൽ തെളിഞ്ഞതെന്നതിനാലും നായിഫ് അൽഖറാദിയെയാണ് അവസാനം യഥാർഥ ബന്ധുക്കൾക്ക് കൈമാറിയത്.

 

Latest News