Sorry, you need to enable JavaScript to visit this website.

ഭൂരഹിത ആദിവാസികൾക്കു ഭൂമി:  സുപ്രീം കോടതി ഉത്തരവ് വനം വകുപ്പ് അട്ടിമറിക്കുന്നു

കൽപറ്റ-ഭൂരഹിത ആദിവാസികൾക്കു നൽകുന്നതിനു വനഭൂമി അനുവദിച്ച   സുപ്രീം കോടതി വിധി വനം-വന്യജീവി വകുപ്പ് അട്ടിമറിക്കുന്നു. കോടതി ഉത്തരവിൽ പറയുന്ന ഭൂമിയുടെ കണക്കിൽ പൂക്കോട്, സുഗന്ധഗിരി പ്രോജക്ടുകൾക്കു ഉപയോഗപ്പെടുത്തിയ സ്ഥലവും വാസയോഗ്യമല്ലാത്ത പ്രദേശവും ഉൾപ്പെടുത്തിയാണ് വനം വകുപ്പിന്റെ തരികിട. ആദിവാസി പുനരധിവാസത്തിനു വനഭൂമി അനുവദിച്ച് 2010 ഏപ്രിൽ 30 നാണ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവായത്. ഇതിനു വളരെ മുമ്പ് വൈത്തിരി താലൂക്കിൽ പ്രാവർത്തികമാക്കിയതാണ് പൂക്കോട്, സുഗന്ധഗിരി പദ്ധതികൾ. 


സുപ്രീം കോടതി വിധിയനുസരിച്ച് കേരളത്തിൽ വിട്ടുകൊടുക്കേണ്ട വനഭൂമിയിൽ 3008.08 ഹെക്ടർ വയനാട്ടിലാണ്. ഇതിൽ 1082.2766 ഹെക്ടർ മാത്രമാണ് വനം വകുപ്പിന് ലഭ്യമാക്കിയത്. 
അടിമവേലയിൽനിന്നു മോചിപ്പിച്ച ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനു ആരംഭിച്ചതാണ് സുഗന്ധഗിരി, പൂക്കോട് പദ്ധതികൾ. സുഗന്ധഗിരി പദ്ധതിക്കു  1087 ഉം പൂക്കോടിനു 365.57 ഉം ഹെക്ടർ ഭൂമിയാണ് പ്രയോജനപ്പെടുത്തിയത്. ഇത്രയും സ്ഥലം സുപ്രീം കോടതി ഉത്തരവു പ്രകാരം വിട്ടുകൊടുക്കേണ്ട വനഭൂമിയുടെ കണക്കിൽ കൊള്ളിക്കുന്നതു ആദിവാസി ഭൂമി വിതരണത്തെ ബാധിക്കുകയാണ്. പട്ടികവർഗ വികസന വകുപ്പിന്റെ കണക്കനുസരിച്ചു ജില്ലയിൽ 3614 ആദിവാസി കുടുംബങ്ങൾ തീർത്തും ഭൂരഹിതരാണ്. 


വാസത്തിനും കൃഷിക്കും യോഗ്യമല്ലാത്ത 234.1723 ഉം കൈയേറ്റം നടന്ന 237.77 ഉം കോടതി വ്യവഹാരത്തിൽപെട്ട 1.3 ഉം ഹെക്ടർ വനവും കോടതി ഉത്തരവു പ്രകാരം വിട്ടുകൊടുത്ത ഭൂമിയുടെ കണക്കിൽ വനം വകുപ്പ് പെടുത്തിയിട്ടുണ്ട്. വനം വകുപ്പ് യഥാർഥത്തിൽ ലഭ്യമാക്കിയതിൽ 1999 ലെ കെ.എസ്.ടി നിയമം അനുസരിച്ച് 660 കുടുംബങ്ങൾക്കു 196.6815 ഹെക്ടറും മുത്തങ്ങ സമരത്തിൽ പങ്കെടുത്തതിൽ 225 കുടുംബങ്ങൾക്കു 91.0502 ഹെക്ടറും വിതരണം ചെയ്തു. മുത്തങ്ങ സമര ഗുണഭോക്താക്കളിൽ 57 കുടുംബങ്ങൾക്കു നൽകുന്നതിനു സർവേ നടന്നുവരുന്ന 23 ഹെക്ടറും വനം വകുപ്പ് വിട്ടുകൊടുത്ത ഭൂമിയിൽ ഉൾപ്പെടുന്നതാണ്. 2006 ലെ വനാവകാശ നിയമപ്രകാരം 670.53 ഹെക്ടറിനു കൈവശക്കാർക്കു രേഖ നൽകിയിട്ടുണ്ട്. കെ.എസ്.ടി നിയമപ്രകാരം 230 പേർക്കു ഓരോ ഏക്കറാണ് നൽകിയത്. 430 പേർക്കു 256 ഏക്കറും വിതരണം ചെയ്തു. 


കോടതി ഉത്തരവ് പ്രകാരം ലഭിക്കേണ്ട മുഴുവൻ വനഭൂമിയും ലഭ്യമായാൽ മാത്രമേ പട്ടികവർഗ കുടുംബങ്ങളുടെ പുനരധിവാസം പൂർണമാകൂവെന്നു ആദിവാസി ഭൂസമര സമിതി കൺവീനറുമായ സി.കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. വിവിധ പദ്ധതികൾക്കു ഉപയോഗപ്പെടുത്തിയതും കൃഷിക്കും വാസത്തിനും യോജിക്കാത്തതും കൈയേറ്റം നടന്നതുമായതിനു പകരം വനഭൂമി ലഭ്യക്കുന്നതിനു നടപടി ആവശ്യപ്പെട്ടു സർക്കാറിനു കത്ത് നൽകിയിട്ടുണ്ടെന്നു അദ്ദേഹം അറിയിച്ചു. 

 

Latest News