Sorry, you need to enable JavaScript to visit this website.

തളിപ്പറമ്പിൽ ഹൈടെക് ജയിൽ ഒരുങ്ങുന്നു

തളിപ്പറമ്പിലെ ഹെടെക് ജയിൽ കെട്ടിട സമുച്ചയത്തിന്റെ മാതൃക

തളിപ്പറമ്പ് - നഗരത്തിനടുത്ത കാഞ്ഞിരങ്ങാട്ട് ഒരുങ്ങുന്നത് അത്യാധുനിക ഹൈടെക് ജയിൽ. പഞ്ചനക്ഷത്ര ഹോട്ടലിനു സമാനമായ സംസ്ഥാനത്തെ ആദ്യ ജയിൽ കെട്ടിടമാവും ഇത്. സുരക്ഷക്കൊപ്പം സൗകര്യവും ഉള്ളതാവും കെട്ടിട സമുച്ചയം.
ഏക പ്രവേശന മാർഗം മാത്രമുള്ള കേന്ദ്ര കെട്ടിടത്തെ ചുറ്റി എട്ടു മുഖങ്ങളുള്ള എട്ടു കെട്ടിടങ്ങളടങ്ങിയ ഒക്ടഗൺ മാതൃകയിലാണ് ജയിൽ നിർമിക്കുക. ജയിലിനകത്തെ ഏതു കെട്ടിടത്തിൽ നിന്നായാലും മധ്യത്തിലുള്ള മുഖ്യ കെട്ടിടത്തിന്റെ വാതിലിലൂടെ മാത്രമേ പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂവെന്നതാണ് ഈ മാതൃകയുടെ പ്രത്യേകത. ചെറുചലനങ്ങൾ പോലും ഒപ്പിയെടുക്കുന്ന കംപ്യൂട്ടർ നിയന്ത്രിത സി.സി.ടി.വി ക്യാമറകൾ, കോടതികളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന വീഡിയോ കോൺഫറൻസിംഗ്, ജയിലിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നവരെ പരിശോധിക്കുന്ന ആധുനിക ബോഡി സ്‌കാനർ, മൾട്ടി ഫംഗ്ഷണൽ അപായ സൈറൺ, ചോദ്യംചെയ്യൽ മുറികൾ എന്നിവയെല്ലാം സജ്ജീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജയിലായിരിക്കും തളിപ്പറമ്പിലേത്.


സർക്കാർ വിഹിതമില്ലാതെ സ്വന്തം വരുമാനത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ജയിൽ എന്ന നിലയിലാണ് തളിപ്പറമ്പ് ജയിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഈ ലക്ഷ്യത്തോടെ വിപുലമായ ഭക്ഷ്യോൽപന്ന നിർമാണ ശാല, പെട്രോൾ പമ്പ്, വരുമാന മാർഗങ്ങളായ മറ്റ് ഉൽപാദന യൂനിറ്റുകൾ എന്നിവ സ്ഥാപിക്കും. മനോഹരമായ പൂന്തോട്ടം, ഡിജിറ്റൽ ലൈബ്രറി, പഠന പരിശീലന യൂനിറ്റുകൾ, ആധുനിക അടുക്കള, ഡൈനിംഗ് ഹാൾ എന്നിവയും സജ്ജീകരിക്കും. സർക്കാർ അനുവദിച്ച 8.477 ഏക്കർ സ്ഥലത്താണ് ജയിൽ സ്ഥാപിക്കുന്നത്. 18.56 കോടി രൂപയാണ് ജയിലിന്റെ നിർമാണച്ചെലവായി കണക്കാക്കുന്നത്. ഇതിൽ 7.74 കോടി രൂപയുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 
ജയിൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് മുഖ്യാതിഥിയാവും.

 

Latest News