കേരളീയ യുവത്വത്തെ മികച്ച തൊഴിൽ  ശക്തിയാക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ

ഇന്ത്യ സ്‌കിൽസ് കേരള 2020 ത്രിദിന നൈപുണ്യോത്സവത്തോടനുബന്ധിച്ച മത്സരാർത്ഥികളുടെ മാർച്ച് പാസ്റ്റ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഫഌഗ് ഓഫ് ചെയ്യുന്നു.

കോഴിക്കോട് - കേരളീയ യുവത്വത്തെ ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. കേരളത്തിലെ ഏറ്റവും വലിയ നൈപുണ്യ മേളയായ ഇന്ത്യ സ്‌കിൽസ് കേരള 2020 ത്രിദിന നൈപുണ്യോത്സവം കോഴിക്കോട് സ്വപ്‌ന നഗരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളിൽ വന്നുകൊണ്ടിരിക്കുന്ന അനുദിന മാറ്റങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളുടെയും തൊഴിലന്വേഷകരുടെയും കഴിവുകളും നൈപുണ്യ ശേഷിയും വളർത്തിയെടുക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ വിപുലമായ നൈപുണ്യ വികസന പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.


തൊഴിൽ കമ്പോളത്തിലെ മാറ്റങ്ങളും തൊഴിലുകളുടെ മഹത്വവും തിരിച്ചറിഞ്ഞാൽ മാത്രമേ മികവ് കൈവരിക്കാൻ യുവാക്കൾക്ക് കഴിയുകയുള്ളൂ. ഇതിന് തൊഴിൽ നൈപുണ്യ വികസനത്തോടുള്ള യുവാക്കളുടെയും സമൂഹത്തിന്റെയും രക്ഷാകർത്താക്കളുടെയും മനോഭാവത്തിൽ മാറ്റമുണ്ടാകണം. പഠനത്തോടൊപ്പം ഏതെങ്കിലും തൊഴിലിൽ ഏർപ്പെട്ട് വരുമാനം കണ്ടെത്തുന്ന സംസ്‌കാരം കേരളത്തിൽ രൂപപ്പെടണം. വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ചെയ്യാൻ അവസരം ഒരുക്കുമെന്ന് സംസ്ഥാന വികസനത്തിനായി പ്രഖ്യാപിച്ച പന്ത്രണ്ടിന കർമ പരിപാടിയിൽ മുഖ്യമന്ത്രി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.


നൈപുണ്യ വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള സംസ്ഥാന നൈപുണ്യ നയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി കരട് നൈപുണ്യ നയം ഉടൻ ചർച്ചക്കായി അവതരിപ്പിക്കും. നൈപുണ്യ ശേഷി വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ നൈപുണ്യോത്സവം സംഘടിപ്പിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ സ്‌കിൽസ് 2020 ന്റെ ദേശീയ മത്സരങ്ങൾ കേരളത്തിൽ നടത്തണമെന്ന് കേന്ദ്ര സർക്കാറിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലും െൈനപുണ്യവും വകുപ്പിനു കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും (കെയ്‌സ്) സംയുക്തമായാണ്  ഇന്ത്യ സ്‌കിൽസ് കേരള മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.


39 മത്സരയിനങ്ങളിലായി 78 ലക്ഷം രൂപയാണ് മികവ് തെളിയിക്കുന്നവർക്ക് സമ്മാനമായി ലഭിക്കുന്നത്. ഓരോ സ്‌കില്ലിലും ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനക്കാർക്ക് അമ്പതിനായിരം രൂപ വീതവും തുടർന്നുള്ള നാല് സ്ഥാനങ്ങളിൽ വരുന്ന നാലുപേർക്ക് പതിനായിരം രൂപ വീതവും സമ്മാനമായി നൽകും. യഥാക്രമം ജില്ലാ, മേഖലാതല മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 253 പേരാണ് 39 ഇനങ്ങളിൽ  തങ്ങളുടെ നൈപുണ്യ മികവ് പ്രകടിപ്പിക്കുന്നതിനായി കോഴിക്കോട്ട് എത്തിയിട്ടുള്ളത്. മത്സരാർത്ഥികളുടെ മാർച്ച് പാസ്റ്റ് മന്ത്രി ടി പി രാമകൃഷ്ണൻ ഫഌഗ് ഓഫ് ചെയ്തു.


എ പ്രദീപ് കുമാർ എം എൽ എ അധ്യക്ഷനായി. ചടങ്ങിൽ ജില്ലാ കലക്ടർ എസ് സാംബശിവ റാവു,  ഡെപ്യൂട്ടി മേയർ മീര ദർശക്, നാഷണൽ സ്‌കിൽ ഡെവലപ്മന്റ് കോർപറേഷൻ അസി. മാനേജർ  ഇന്ദിര താക്കൂർ, സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. കെ രവിരാമൻ,  പത്തനംതിട്ട ജില്ലാ കലക്ടർപി ബി നൂഹ്, ഒഡിഇപിസി ചെയർമാൻ എൻ ശശിധരൻ നായർ, സബ് കലക്ടർ ജി പ്രിയങ്ക തുടങ്ങിയവർ പങ്കെടുത്തു. 

 

 

Latest News