Sorry, you need to enable JavaScript to visit this website.

പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ   കൈമാറണമെന്ന് വിവരാവകാശ കമ്മീഷണർ

കൊച്ചി-പോളിംഗ് ബൂത്തിലെ വീഡിയോ  ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിക്കാൻ പൗരന് അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. വീഡിയോ ഉൾക്കൊള്ളുന്ന സി.ഡി 20 ദിവസത്തിനകം സൗജന്യമായി അപേക്ഷകനു നൽകാനും കമ്മീഷൻ നിർദേശിച്ചു. 
വിവരാവകാശ പ്രവർത്തകനും ആർടി ഐ കേരള ഫെഡറേഷൻ പ്രസിഡന്റുമായ അഡ്വ.ഡി ബി ബിനുനൽകിയ അപ്പീൽ ഹരജിയിലാണ് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം പോളിന്റെ ഉത്തരവ്.


തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി ലഭിച്ചാൽ മാത്രമേ വീഡിയോ നൽകാനാകൂ എന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥന്റെ നിലപാട് നിരാകരിച്ചാണ് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം. പോൾ  ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്ന ബൂത്തുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ടാണ് ആർടിഐ കേരള ഫെഡറേഷൻ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു അപേക്ഷ നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ 2015-ലെ  നിർദേശപ്രകാരവും 1961 ലെ തെരഞ്ഞെടുപ്പ് ചട്ട പ്രകാരവും ഇത് നൽകാനാവില്ലെന്നായിരുന്നു പിഐ ഒ യുടെ നിലപാട്. 


ഇത് നിരാകരിച്ചാണ് കമ്മീഷന്റെ സുപ്രധാനമായ ഉത്തരവ്. പോളിങ് ബൂത്തുകളിൽ കള്ളവോട്ടും ആൾമാറാട്ടവും നടന്ന സാഹചര്യത്തിൽ ഈ വിവരത്തിന് വിശാലമായ പൊതുതാൽപര്യമുണ്ടെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഒന്നാം അപ്പീൽ അധികാരിയും ആവശ്യം നിരസിച്ച സാഹചര്യത്തിലാണ് ഡി ബി ബിനു വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
ആർ ടി. ഐ നിയമത്തിലെ 8, 9 വകുപ്പുകൾ പ്രകാരം മാത്രമേ വിവരം നിഷേധിക്കാൻ പിഐഒക്ക് അധികാരമുള്ളൂ എന്ന് കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി .ആവശ്യപ്പെട്ട വിവരങ്ങൾ പൊതുഅധികാരിയുടെ പക്കൽ സൂക്ഷിക്കുന്നതുമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവർക്ക് മാത്രമേ പോളിങ് ബൂത്തിലെ വീഡിയോ ടേപ് നൽകാനാവൂ എന്നാണ് ചട്ടം. ഫലം പ്രഖ്യാപിച്ച്  45 ദിവസം വരെ തെരഞ്ഞെടുപ്പ് ഓഫീസറുടെ പക്കൽ ഇവ സൂക്ഷിക്കുകയും വേണം. ആ സമയപരിധിക്കകം ചോദിച്ചാൽ മാത്രമേ നൽകാനാവൂ എന്ന നിലപാടും കമ്മീഷൻ തള്ളിക്കളഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒരു പരിധി വരെ സ്വതന്ത്രവും നിഷ്പക്ഷവുമായി മാറ്റാൻ  ഇതിലൂടെ കഴിയുമെന്ന് അഡ്വ. ഡി.ബി. ബിനു പറഞ്ഞു.


 

Latest News