Sorry, you need to enable JavaScript to visit this website.
Thursday , April   02, 2020
Thursday , April   02, 2020

നടുറോഡിലെ നരഹത്യകൾ 

നൂറ്റാണ്ടുകണ്ട മഹാപ്രളയത്തിൽ കേരളത്തിൽ മരിച്ചത് 500 പേർ. നിപ വന്ന് മരിച്ചത് ഇരുപതോളം പേർ. ആരും മരിച്ചില്ലെങ്കിലും കൊറോണ ഏറെ ഭീതിപരത്തി. ഇവയെല്ലാം ഏറെ കാലം വലിയ വാർത്തകളായിരുന്നു. യുദ്ധ സാഹചര്യത്തെ പോലെ നമ്മൾ അവയെ നേരിട്ടു. ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അർഹിക്കുന്ന ഗൗരവത്തോടെ സ്വീകരിച്ചു. എന്നാൽ റോഡപകടങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ ഇത്തരത്തിലുള്ള ഒരു ജാഗ്രതയും കാണുന്നില്ല. ലോക മഹായുദ്ധങ്ങളൊഴികെയുള്ള യുദ്ധങ്ങളിൽ മരിക്കുന്നവരേക്കാൾ കൂടുതലാണ് ഒരു വർഷം കേരളത്തിൽ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം. 2019 ൽ 41,253 അപകടങ്ങളിലായി 4,408 പേർ മരിച്ചെന്ന് ഗതാഗത മന്ത്രിതന്നെയാണ് നിയമസഭയിൽ പറഞ്ഞത്. ഒരു ദിവസം ശരാശരി 12 പേർ. അതാകട്ടെ വർഷം തോറും കുറയുകയല്ല, കൂടുകയാണ്. 2018-ൽ 40,999 റോഡപകടങ്ങളാണ് ഉണ്ടായത്. അതിൽ 4,333 പേർക്ക് ജീവൻ നഷ്ടമായി. റോഡപകടങ്ങൾക്കും മരണങ്ങൾക്കും കാരണം ട്രാഫിക്ക് നിയമം പാലിക്കാത്തതും ഡ്രൈവർമാരുടെ അശ്രദ്ധയുമാണെന്നാണ് മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചത്. എന്നാൽ അതുമാത്രമല്ല കാരണമെന്നത് വ്യക്തമാണ്. 


19 മലയാളികൾ മരിച്ച കഴിഞ്ഞ ദിവസത്തെ കെ.എസ്.ആർ.ടി.സി ബസപകടം കേരളത്തിലല്ല നടന്നത് എന്നതു ശരിയാണ്. എന്നാൽ ഇപ്പോഴെങ്കിലും ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും തയ്യാറായില്ലെങ്കിൽ തെരുവുകളിലെ മനുഷ്യകുരുതികൾക്ക് അവസാനം കാണില്ല. പ്രകൃതി ദുരന്തങ്ങളിലോ യുദ്ധങ്ങളിലോ മാറാരോഗങ്ങളിലോ ഒന്നും ഇത്രയും പേർ മരിക്കുന്നില്ല. പരിക്കേൽക്കുന്നത് പതിനായിരങ്ങൾക്ക്. ജീവിതത്തിൽ ഒരിക്കലും എണീൽക്കാനാവാതെ കിടക്കുന്നത് ആയിരങ്ങൾ. ഈ മരിക്കുന്നവരിലും കിടക്കുന്നവരിലും ബഹുഭൂരിപക്ഷവും നാടിന്റെ ഏറ്റവും വലിയ വിഭവശേഷിയായ ചെറുപ്പക്കാർ. എന്നിട്ടും ഇതു നമുക്കൊരു വലിയ വാർത്തയല്ല. 
പ്രമുഖർ മരിച്ചാലോ ഒരപകടത്തിൽ കൂടുതൽ പേർ മരിച്ചാലോ ചെറിയ ചർച്ചകൾ നടക്കും. എന്നാൽ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള യാതൊരു നടപടിയുമില്ല. നമ്മൾ സ്വയം സ്വീകരിക്കുകയില്ല. സർക്കാരുകൾക്കും അതിൽ താൽപ്പര്യമില്ല.


അർദ്ധരാത്രിയും പുലർച്ചെയും നടക്കുന്ന അപകടങ്ങളും കൂട്ടമരണങ്ങളും ഇന്ന് സ്ഥിരം സംഭവമാണ്. അതിന്റെ പ്രധാന കാരണം ഉറക്കം തന്നെ. ഡ്രൈവറും ഒരു മനുഷ്യനാണെന്ന് അംഗീകരിക്കാതെ, അയാൾക്ക് ആവശ്യത്തിനു വിശ്രമമോ ഉറക്കമോ നൽകാതെ യാത്രകൾ ആസൂത്രണം ചെയ്യൽ. ഈ സംഭവത്തിലും അതാണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബാലഭാസ്‌കറിന്റെ മരണത്തിലും സംഭവിച്ചതു അതുതന്നെ. നിരന്തരമായി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും രാത്രി യാത്രകൾ നിയന്ത്രിക്കാൻ നമ്മൾ സ്വയമോ സർക്കാരോ ഒന്നും ചെയ്യുന്നില്ല. ഇടക്കാലത്ത് റോഡരികിൽ വാഹനങ്ങൾ തടഞ്ഞ് പോലീസ് കട്ടൻ ചായ നൽകിയിരുന്നു. ഇപ്പോൾ അതും കാണാനില്ല. രാത്രി ഒന്നിൽ കൂടുതൽ ഡ്രൈവർമാരുണ്ടാകണമെന്ന് നിയമമുണ്ടാക്കണം. അല്ലെങ്കിൽ നാലു മണിക്കൂറെങ്കിലും യാത്ര നിർത്തി ഡ്രൈവർ ഉറങ്ങണം. 


സാമൂഹ്യ പുരോഗതിയുടെ കാര്യത്തിൽ അസൂയാവഹമായ നേട്ടങ്ങൾ നാം കൈവരിച്ചിട്ടുണ്ട് എന്നാണ് വെപ്പ്. സാക്ഷരതയിലും മുന്നിൽ. എന്നിട്ടും റോഡ് സുരക്ഷയുടെ കാര്യത്തിൽ വളരെ പുറകിൽ. ജനാധിപത്യത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കേണ്ട തെരുവിൽ നാമെല്ലാവരും ജനാധിപത്യ വിരുദ്ധർ. തെരുവിൽ ഏവരും തുല്യരാണെന്ന് അംഗീകരിക്കാതെ, ഒന്നാമനാവാനുള്ള പായലാണ് പ്രധാന പ്രശ്നം. റോഡപകടങ്ങളെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നതും കേരളത്തിലെ വാഹനാപകടങ്ങൾക്ക് പ്രധാന കാരണം വാഹനമോടിക്കുന്നവരുടെ പിഴവാണെന്നാണ്. ഡ്രൈവർമാരിൽ ശരിയായ ഡ്രൈവിംഗ് അവബോധമില്ല. ട്രാഫിക് സംസ്‌കാരമില്ല. പൊതുവഴിയിൽ വണ്ടി ഓടിക്കുമ്പോഴുള്ള നിബന്ധനകൾ പാലിക്കാറില്ല. തിരക്കിൽ വണ്ടി ഓടിക്കാനുള്ള സംയമനമോ, മഴക്കാലത്ത് ഓടിക്കാനുള്ള പരിചയമോ ഇല്ല. രാത്രിയിൽ വണ്ടി ഓടിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട മര്യാദകൾ കാട്ടാറില്ല. ഇതൊന്നും പരിശീലനത്തിന്റെ ഭാഗമായി ലഭിക്കുന്നില്ല. ഇതിനെല്ലാം പുറമെ മദ്യം. സാഹസികതയാണെന്ന തെറ്റിദ്ധാരണയിൽ ചെറുപ്പക്കാരുടെ മരണപ്പാച്ചിലും. ഡ്രൈവിംഗ് സീറ്റിലെത്തുമ്പോൾ സാങ്കൽപ്പിക ലോകത്ത് സാമ്രാജ്യം കീഴടക്കിയ പ്രതീതിയാണ് ചിലർക്ക്. രാജ്യത്ത് ലംഘിക്കപ്പെടേണ്ട നിയമങ്ങൾ നിരവധിയുണ്ട്. എന്നാൽ അതൊന്നും ലംഘിക്കാതെ ട്രാഫിക് നിയമങ്ങൾ ലംഘിക്കാൻ മാത്രമേ നമുക്ക് താൽപ്പര്യമുള്ളു. ഡ്രൈവിംഗ് എന്നാൽ കാലുകൊണ്ടും കയ്യുകൊണ്ടും ചെയ്യേണ്ട ഒന്നാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാലവയേക്കാൾ പ്രധാനം മനസ്സിന്റെ ഏകാഗ്രതയാണ്. മൊബൈൽ ഫോൺ വിളിച്ചും മറ്റും ഡ്രൈവ് ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് അതാണ്. 


തീർച്ചയായും കൂടുതൽ അപകടങ്ങളും മരണങ്ങളും ഉണ്ടാവാൻ പ്രധാന കാരണം വാഹനങ്ങളുടെ ബാഹുല്യമാണ്. നമ്മുടെ റോഡുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം വാഹനങ്ങളാണ് ഇന്ന് ഓരോ ദിവസവും നിരത്തിലിറങ്ങുന്നത്. ഒരു ദിവസം മൂവായിരത്തിൽപ്പരം വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്യപ്പെടുന്നത്. മഹാഭൂരിപക്ഷവും സ്വകാര്യ വാഹനങ്ങൾ. പകുതിയിലധികവും ഇരുചക്ര വാഹനങ്ങൾ. ആകെ അപകടങ്ങളിൽപ്പെടുന്നവയിൽ നാൽപ്പത് ശതമാനവും ഇരുചക്രവാഹനങ്ങൾ തന്നെ. ഇരുചക്രവാഹനങ്ങളുടെ വർധന നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഒരു പരിധിവരെ വാഹനാപകടങ്ങളുടെ തോതിൽ കുറവ് വരുത്താൻ കഴിയും.


കാറുകളുടെ പെരുപ്പവും അപകടത്തിന് മറ്റൊരു കാരണമാകുന്നുണ്ട്. നമ്മുടെ ധനകാര്യ സ്ഥാപനങ്ങൾ ആകർഷകമായ വാഹന വായ്പകൾ നൽകിത്തുടങ്ങിയതോടെ ജോലിയില്ലാത്തവർക്കുപോലും ആഡംബര കാറുകൾ വാങ്ങാമെന്നായി. ഉത്സവ കാലങ്ങളിൽ വാഹന ഡീലർമാരും ബാങ്കുകളും ചേർന്ന് വായ്പാമേളകൾ സംഘടിപ്പിച്ചു തുടങ്ങിയതോടെ കാർ വാങ്ങൽ വളരെ എളുപ്പമായി. മറുവശത്ത് കാറുകൾ അന്തസ്സിന്റെ പ്രതീകമായി. അതില്ലാത്തവർ അപരിഷ്‌കൃതരായി. മനുഷ്യരുടെ സ്വപ്നങ്ങൾക്കുപോലും നിയന്ത്രണം കൊണ്ടു വരുന്ന സർക്കാരുകളാകട്ടെ റോഡുകളുടെ അളവിനനുസരിച്ച് വാഹനങ്ങൾ നിയന്ത്രിക്കുക, ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ വാഹനങ്ങൾ അനുവദിക്കാതിരിക്കുക, കാറുകളിൽ ഒറ്റക്കു യാത്ര ചെയ്യുന്നത് നിരുത്സാഹിപ്പിക്കുക, നഗരങ്ങളിൽ വാഹനങ്ങളുടെ എണ്ണം കുറക്കാൻ ദൽഹിയിൽ നടപ്പാക്കിയ രീതിയിലുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുക തുടങ്ങിയ മിനിമം കാര്യങ്ങൾ പോലും ചെയ്യുന്നില്ല. മദ്യവും ലോട്ടറിയുംപോലെ തങ്ങളുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ് സർക്കാരിന് വാഹനങ്ങൾ. എന്നാൽ ആ വൻതുക റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്നില്ല. അതെല്ലാം ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും മറ്റുള്ളവരും തട്ടിയെടുക്കുന്നു. അവിടെ ചെറുപ്പക്കാരുടെ ജീവന് എന്തു വില? അതേസമയം റോഡുകളുടെ വീതി കൂട്ടി പ്രശ്നം പരിഹരിക്കാമെന്നു കരുതുന്നതും ശരിയല്ല.

വാഹനമോടിക്കുന്നവരുടെ അവകാശത്തേക്കാൾ പ്രധാനമാണ് വീടും പറമ്പുമെല്ലാം നഷ്ടപ്പെടുന്നവരുടെ അവകാശങ്ങൾ. അവ സംരക്ഷിക്കാൻ പക്ഷെ ഒരു സർക്കാരും പ്രതിബദ്ധത കാണിക്കാറില്ല. കുടിയൊഴിക്കപ്പെടുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം മുൻകൂട്ടി നൽകി മാത്രമേ പാത വികസനത്തെ കുറിച്ച് ആലോചിക്കൻ പറ്റൂ. ജനസാന്ദ്രത കൂടിയ കേരളത്തിൽ അത് മറ്റു സംസ്ഥാനങ്ങളേക്കാൾ ബുദ്ധിമുട്ടാണ്. പരമാവധി പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. അതാകട്ടെ തകർച്ചയുടെ വക്കിലുമാണ്.
കുട്ടികൾക്കുള്ള പ്രത്യേക സീറ്റുപോലും ഇല്ലാത്തവയാണ് ഇവിടത്തെ വാഹനങ്ങളിൽ ഭൂരിപക്ഷവും. കനം കുറഞ്ഞ കാറുകൾക്കാകട്ടെ ചെറിയൊരു ഇടിയുടെ ആഘാതത്തെപ്പോലും പ്രതിരോധിക്കാൻ കഴിവില്ല. മോട്ടോർ വാഹന  വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം ഒരു കോടി കവിഞ്ഞിരിക്കുന്നു. അതായത് ജനസംഖ്യാനുപാതത്തിൽ മൂന്നു പേർക്ക് ഒരു വാഹനം. ഇതിനെ പുരോഗതിയെന്നാണോ വിളിക്കുക?


പൊതുവിൽ പറഞ്ഞാൽ അലക്ഷ്യമായ ഡ്രൈവിംഗ്, അമിത വേഗത, മദ്യപിച്ചു വാഹനമോടിക്കൽ, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ഉപയോഗിക്കാത്തത്, ട്രാഫിക്ക് സൂചനാ ബോർഡുകൾ, സിഗ്നൽ ലൈറ്റുകൾ എന്നിവ അവഗണിക്കൽ, തെറ്റായവശത്തുകൂടി ഓവർടേക്ക് ചെയ്യൽ, രാത്രി കാലങ്ങളിൽ ലൈറ്റ് ഡിം ചെയ്യാത്തത്, മൊബൈൽ ഫോൺ ഉപയോഗം, വാഹനങ്ങളുടെ മത്സര ഓട്ടം, വാഹനപ്പെരുപ്പം, റോഡുകളുടെ അവസ്ഥ, റോഡിൽ വേണ്ടത്ര വെളിച്ചമില്ലത്തത് തുടങ്ങിയവയൊക്കെയാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങൾ. വാഹനങ്ങളില്ലാത്ത, റോഡിന്റെ പ്രാഥമിക അവകാശികളായ കാൽനടക്കാരും സൈക്കിൾ യാത്രക്കാരുമടക്കം തെരുവുകളിൽ പിടഞ്ഞുവീണു മരിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം. നിലവിൽ വാഹനങ്ങളോടിക്കുന്നവർ ഇനി ശരിയാകുമെന്നു കരുതാനാകില്ല. പുതു തലമുറയിൽ പ്രതീക്ഷ വെക്കുക മാത്രമേ രക്ഷയുള്ളു. ഇപ്പോൾ വിദ്യാലയങ്ങളിൽ ട്രാഫിക് ബോധവൽക്കരണമൊക്കെ നടക്കുന്നുണ്ട്. അതു പോര. വളരെ ഗൗരവമായ പാഠ്യവിഷയമായി ട്രാഫിക് സംസ്‌കാരം മാറണം. അതു ജനാധിപത്യത്തിന്റെ ആദ്യപാഠമാണെന്ന് അവരെ പഠിപ്പിക്കണം. സർവ്വകലാശാലകളിൽ അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തണം. ഹ്രസ്വകാലവും ദീർഘകാലവുമായ പരിപാടികൾ ആസൂത്രണം ചെയ്യണം. ശക്തമായ നടപടികളിലൂടെ തെരുവുകളിൽ പിടഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണം കുറക്കണം. അതിനുള്ള ആർജവം സർക്കാരുകൾക്കുണ്ടോ എന്നതുതന്നെ പ്രസക്തമായ ചോദ്യം.

Latest News