Sorry, you need to enable JavaScript to visit this website.
Monday , March   30, 2020
Monday , March   30, 2020

പോലീസിലെ അഴിമതിയും സ്വകാര്യവത്കരണവും

ഇനി ചോദിക്കാതെ വയ്യ, കേരള മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയായ സി.പി.എമ്മും സംസ്ഥാനത്തെ ഇപ്പോൾ എങ്ങോട്ടാണ് നയിക്കുന്നത്. കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നതും പറയുന്നതും. 
ഭരണഘടനാ സ്ഥാപനമായ കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ചു. ഭയപ്പെടുത്തുന്നതും ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതുമായ വിവരങ്ങൾ അതിൽ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന വെളിപ്പെടുത്തൽ ജനങ്ങളെ അസ്വസ്ഥരാക്കുന്നതാണ്. 


ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. പിറ്റേന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം അജണ്ടയായില്ല. മൂന്നു മിനിറ്റുകൊണ്ട് യോഗം അവസാനിപ്പിച്ചു. അന്നുതന്നെ ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലും സി.എ.ജി റിപ്പോർട്ട് അജണ്ടയാകുകയോ ആരെങ്കിലും പ്രശ്‌നം ഉന്നയിക്കുകയോ ചെയ്തില്ല. യു.എ.പി.എ നിയമം പ്രയോഗിച്ച് പന്തീരാങ്കാവിൽ  പാർട്ടിയംഗങ്ങളായ രണ്ട് വിദ്യാർത്ഥികൾ ജയിലിൽ കഴിയുന്ന വിഷയംപോലും യോഗത്തിൽ അജണ്ടയായില്ല. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തുപോലുമില്ല. ഉദ്ഘാടന പരമ്പരകൾക്കായി അദ്ദേഹം തലസ്ഥാനം വിട്ടു. തലേദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചിലർ സി.എ.ജി റിപ്പോർട്ടിലെ അതിഗൗരവമായ വിഷയങ്ങളും അതോടുചേർത്ത് പോലീസ് മേധാവി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ ഉയർന്ന പൊലീസിന്റെ വിശ്വാസ്യത തകർക്കുന്ന ആരോപണങ്ങളും ശ്രദ്ധയിൽ പെടുത്തിയിരുന്നു. വിഷയത്തിൽ തൽക്കാലം ആരും പ്രതികരിക്കേണ്ടെന്നും പിന്നീട് താൻ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി തടയിട്ടെന്നാണ് മാധ്യമങ്ങൾ പറയുന്നത്. 
രണ്ടു ദിവസം ചേരാൻ നിശ്ചയിച്ചിരുന്ന സംസ്ഥാന കമ്മറ്റി അജണ്ട തീർന്നതുകൊണ്ട് ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചു. ഷഹീൻബാദ് സമരം, ദൽഹി തെരഞ്ഞെടുപ്പിലെ ബി.ജെ.പി തോൽവി, ട്രംപിന്റെ ഇന്ത്യാ സന്ദർശനവും അതോടുചേർന്നുള്ള ഇന്ത്യ-അമേരിക്ക വ്യാപാര-ആയുധ കരാറടക്കമുള്ള വിഷയങ്ങൾ എന്നിങ്ങനെ നിർണ്ണായക ദേശീയ- സാർവ്വദേശീയ കാര്യങ്ങൾ സി.പി.എം സംസ്ഥാന കമ്മറ്റിയിൽ ചർച്ചയാകാതെപോയി.  


ചികിത്സ കഴിഞ്ഞ് അമേരിക്കയിൽനിന്നെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗശേഷം മാധ്യമപ്രവർത്തകരെ കണ്ടു. തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ കേന്ദ്ര അന്വേഷണം ആവശ്യമില്ലെന്നും നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചാൽ മതിയെന്നും കോടിയേരി പറഞ്ഞു. പോലീസിൽ വെടിയുണ്ടകൾ കാണാതായത് ആദ്യമല്ലെന്നും തിരക്കിൽ സംഭവിക്കുന്നതാണെന്നും മുൻ ആഭ്യന്തരമന്ത്രികൂടിയായ കോടിയേരി ന്യായീകരിച്ചു. സി.എ.ജി റിപ്പോർട്ടിൽ യു.ഡി.എഫ് ഭരിച്ച 2013 മുതൽ എൽ.ഡി.എഫ് ഭരിച്ച 2018 വരെയുള്ള കാര്യങ്ങളുണ്ട്. നാല് ഡി.ജി.പിമാർ ഇക്കാലയളവിൽ സംസ്ഥാന പോലീസ് മേധാവികളായിരുന്നിട്ടുമുണ്ട്. 
ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ഒരു സർക്കാറിന്റെ പ്രധാന ബാധ്യത. അത് ചെയ്യേണ്ടത് പൊലീസ് സംവിധാനമാണ്. അതിനുവേണ്ടി സൂക്ഷിക്കുന്ന തോക്കും വെടിയുണ്ടകളും കാണാനില്ലെന്നും കള്ളത്തിരകളാണ് പകരം സൂക്ഷിച്ചിട്ടുള്ളതെന്നും സി.എ.ജി പറയുമ്പോൾ പോലീസിനെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും. നിയമസഭയിൽ വെച്ച രേഖ ജനങ്ങളുടെ മുമ്പിൽസമർപ്പിച്ച രേഖയാണ്. ഡി.ജി.പിയുടെ വിശ്വാസ്യതയെപോലും അതിലെ പരാമർശങ്ങൾ ചോദ്യം ചെയ്യുമ്പോൾ ക്രമപ്രകാരം പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി മുമ്പാകെ  കൈകാര്യംചെയ്താൽ മതി എന്ന് പുതിയ നിലപാട് സ്വീകരിക്കുകയാണ് സി.പി.എം. 


ഡി.ജി.പിയുടെ നേതൃത്വത്തിൽ വകമാറി ചെലവു ചെയ്തതിന്റെയും പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ മുൻനിർത്തി സ്വകാര്യ സ്ഥാപനത്തിന് ലാഭം കൊയ്യാൻ കരാർ നൽകുന്നതിന്റെയും സ്വകാര്യവത്ക്കരണംതന്നെ പോലീസ് വകുപ്പിലൂടെ നടപ്പാക്കുന്നതിന്റെയും അവിശ്വസനീയമായ വിവരങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഈ റിപ്പോർട്ടുകൾ പോലീസ് ആസ്ഥാനത്തുനിന്ന് പോലീസിലെ ഉന്നതർ തന്നെ സ് ഡി.ജി.പിയ്‌ക്കെതിരെ ചോർത്തിക്കൊടുക്കുന്നു എന്നാണ് മാധ്യമപ്രവർത്തകർ ചാനൽ ചർച്ചകളിൽ പറയുന്നത്. തീക്കട്ടയിൽ ഉറുമ്പരിക്കുന്നതാണ് ന്യായീകരണങ്ങളുടെ പട്ടുതൂവാലകൊണ്ട് സി.പി.എം മൂടിവെക്കാൻ ശ്രമിക്കുന്നത്. പോലീസിനും ആഭ്യന്തര വകുപ്പിനും എതിരെ ഈ സ്വകാര്യവത്ക്കരണം രാജ്യസുരക്ഷപോലും അപകടത്തിലാക്കിയെന്ന ആരോപണമാണ് ഉയരുന്നത്.  


എന്നാൽ പോലീസ് മേധാവിക്കു കീഴിലുള്ള ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിച്ചാൽ മതി എന്ന നിലപാടാണ് എന്നിട്ടും മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പാമോയിൽ വിഷയത്തിൽ സി.എ.ജി റിപ്പോർട്ടിനോട് സി.പി.എം എടുത്ത നിലപാട് മറിച്ചായിരുന്നു. ജ്യോതിർമയി ബസുവും പി. രാമമൂർത്തിയുമൊക്കെ പാർലമെന്റിൽ സി.എ.ജി റിപ്പോർട്ടുകൾ സഭയിൽ വെക്കുന്നതിനുമുമ്പും വെച്ചശേഷവും തരാതരം ആയുധമാക്കിയിട്ടുണ്ട്. പാർലമെന്റിലെ സി.പി.എമ്മിന്റെ അഴിമതിക്കെതിരായ പോരാട്ടം എന്നും ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു. സഭയിൽ വെക്കുന്നതിനുമുമ്പാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് പത്രസമ്മേളനം വിളിച്ച് അഴിമതിവിഷയമാക്കിയത്. 


അത്തരം സാങ്കേതികത്വത്തിൽ പിടിച്ചുതൂങ്ങി ജനങ്ങൾക്കു ബോധ്യമാകുന്ന ഒരന്വേഷണത്തിൽനിന്ന് മാറിനിൽക്കുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും. അത് ശരിയല്ലെന്നു പറയാൻ മന്ത്രിമാർക്കോ സി.പി.ഐയ്ക്കുപോലുമോ കഴിയുന്നില്ല.  
മുൻ സർക്കാറിന്റെ അഴിമതികൾക്കെതിരെ ജനവിധി നേടി അധികാരത്തിൽ വന്നതാണ് പിണറായി വിജയൻ സർക്കാർ. തങ്ങളുടെ ഭരണത്തിനുകീഴിൽ അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്ന ആരോപണത്തെ മൂടിവെക്കാനോ ന്യായീകരിക്കാനോ സർക്കാറിനും മുന്നണിക്കും ധാർമ്മികമായ അവകാശമില്ല. കുറ്റം ചെയ്തവർ ആരായാലും ഉപ്പുതിന്നവർ വെള്ളംകുടിക്കുന്നത് കാണിച്ചുകൊടുക്കേണ്ട ബാധ്യത ഈ സർക്കാറിനുണ്ട്. 


തോക്കുകളുടെയും വെടിയുണ്ടകളുടെയും കാര്യത്തിൽ ഇതിനകം ആഭ്യന്തര വകുപ്പുതന്നെ അന്വേഷണം നടത്തി. 25 തോക്കുകൾ നഷ്ടപ്പെട്ടെന്ന സി.എ.ജി കണ്ടെത്തൽ ക്രൈം ബ്രാഞ്ച് മേധാവി നേരിൽ നടത്തിയ പരിശോധനയിൽ തെറ്റെന്നു കണ്ടെന്നാണ്  റിപ്പോർട്ട്. അതേസമയം ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ വിഭാഗം നടത്തിയ മറ്റൊരു പരിശോധനയിൽ 350 വ്യാജ വെടിയുണ്ടകളും ഒഴിഞ്ഞ തോക്കിൻതിരയും വെടിയുണ്ടയും ചേർത്ത് ഉരുക്കിനിർമ്മിച്ച സായുധ പോലീസ് മുദ്രയും തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽനിന്ന് പിടിച്ചെടുത്തു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ ഉരുക്കിമാറ്റുന്ന കവർച്ചക്കാരും ജ്വല്ലറിക്കാരും തമ്മിലുള്ളതിലും വലിയ വ്യാജനിർമ്മിതി ആയുധങ്ങളുമായി ബന്ധപ്പെട്ട് കേരളാ പൊലീസിൽ നടക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പൊലീസ്തന്നെ ഇതിലൂടെ വെളിപ്പെടുത്തുന്നത്. സൂക്ഷിപ്പിൽനിന്നെടുത്ത ഉണ്ടകൾ കണക്കെഴുതാതെപോയതാണെന്ന കോടിയേരിയുടെ വിദഗ്ധാഭിപ്രായത്തെ തള്ളിപ്പറയുന്നു ക്രൈം ബ്രാഞ്ച് അന്വേഷണം. തോക്കും വെടിയുണ്ടകളും ഭദ്രമായുണ്ടെന്ന ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിലെ അവകാശവാദവും പൊളിയുന്നു. 


പേരൂർക്കട എസ്.എ.പി ക്യാമ്പിൽനിന്ന് വെടിയുണ്ടകൾ മോഷണംപോയ കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ സി.പി.എം മന്ത്രി കടകംപള്ളിയുടെ പഴ്‌സണൽ സെക്യൂരിറ്റിയിലാണ് ഇപ്പോഴും ജോലി ചെയ്യുന്നത്. പ്രതിയായതുകൊണ്ട് കുറ്റംചെയ്‌തെന്ന് അർത്ഥമുണ്ടോ. കുറ്റം തെളിയുംവരെ ആൾ തന്റെ കൂടെയുണ്ടാകുമെന്നാണ് മന്ത്രി മാധ്യമപ്രവർത്തകരെ വെല്ലുവിളിച്ചത്. 
സി.എ.ജി റിപ്പോർട്ടിനെപ്പറ്റി മുഖ്യമന്ത്രി പ്രതികരിച്ചില്ലെങ്കിലും ചീഫ് സെക്രട്ടറി പ്രതികരിച്ചു. റിപ്പോർട്ട് സഭയിൽ വെക്കുംമുമ്പ് ചോർത്തി, ഡി.ജി.പിയെക്കുറിച്ച് പേരെടുത്തു പറഞ്ഞ് വിമർശനമുയർത്തി തുടങ്ങിയ ആരോപണങ്ങളാണ് സി.എ.ജിക്കും മാധ്യമങ്ങൾക്കുമെതിരെ ചീഫ് സെക്രട്ടറി ഉന്നയിച്ചത്. മുഖ്യമന്ത്രി സി.എ.ജി റിപ്പോർട്ടിനെപ്പറ്റി പ്രതികരിക്കാതിരുന്നിട്ടും സർക്കാർ നയമാണ് ചീഫ് സെക്രട്ടറി പറഞ്ഞതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പിന്തുണയ്ക്കുന്നു. ചീഫ് സെക്രട്ടറിയാണോ സർക്കാർ നയം തീരുമാനിക്കുന്നതെന്ന ചോദ്യം വീണ്ടും ഉയരുകയാണ്. 


ഡി.ജി.പി കേന്ദ്ര ഫണ്ട് വകമാറ്റി 41 ആഡംബര വാഹനങ്ങൾ വാങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഡി.ജി.പിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ആഡംബര വാഹനങ്ങളാണ് പോലീസ് അടയാളം പതിച്ച്  ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കും ഡി.ജി.പി ബഹ്‌റ സമ്മാനിച്ചത്. സി.എ.ജി റിപ്പോർട്ടിനെക്കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നൽകാൻ ബഹ്‌റ പോയത് രമൺ ശ്രീവ്‌സ്തവയെ ഒപ്പംകൂട്ടിയായിരുന്നു. ഒന്നര മണിക്കൂറാണ് ആ കൂടിക്കാഴ്ച നീണ്ടുനിന്നത്.  പതിവുപോലെ തന്റെ ഭരണഘടനാ ബാധ്യത നിറവേറ്റുമെന്നൊന്നും തുടർന്ന് പത്രലേഖകരെ വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതികരിച്ചില്ല. 
രമൺ ശ്രീവാസ്തവയ്ക്കും ഡി.ജി.പി ബഹ്‌റയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലുള്ള പിടിപാട് പരസ്യമാണ്. ഗുജറാത്തിൽ സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്ന നർമ്മദാ തീരത്തും ദൽഹിയിലെ രാജ്ഘട്ടിലും കേരളാ പോലീസ് സംഘങ്ങളെ പരേഡിനയച്ചത് ഈയിടെയാണ്. മുണ്ടുമുറുക്കി ചെലവ് കുറയ്ക്കണമെന്ന് ധനമന്ത്രി ബജറ്റിലൂടെ ആഹ്വാനം ചെയ്യുമ്പോൾ. 
2013 മുതൽ 18 വരെ ബഹ്‌റയ്ക്കുമുമ്പ് മൂന്ന് ഡി.ജി.പിമാർ ഉണ്ടായിരുന്നു എന്ന് കോടിയേരിയും ചീഫ് സെക്രട്ടറിയും ഒരുപോലെ ന്യായീകരിക്കുന്നു. മറ്റു ഡി.ജി.പിമാർക്കൊക്കെ സ്വന്തമായി ചെലവഴിക്കാൻ ഒരു കോടി രൂപയുടെ അനുമതിയാണ് ഉണ്ടായിരുന്നത്. ബഹ്‌റ അത് ആഭ്യന്തര വകുപ്പിനെഴുതി. ആദ്യം മൂന്നു കോടിയായും പിന്നീട് അഞ്ചു കോടിയായും വർദ്ധിപ്പിച്ചു. സർക്കാർ അനുമതിയില്ലാതെ പണം ചെലവഴിക്കുകയും ആഭ്യന്തര വകുപ്പിന് എഴുതി ചട്ടലംഘനം നിയമവിധേയമാക്കുകയും ചെയ്തു. 


കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്ക് ഒരുപോലെ മറ്റുള്ളവരിൽനിന്നു ഭിന്നനായ സ്‌പെഷ്യൽ ഡി.ജി.പിയാണ് ഒഡീഷക്കാരനായ ബഹ്‌റ. അതുകൊണ്ട് സമയമെടുത്ത് അതിരുവിട്ടുകളിച്ച എല്ലാ കളികളും നിയമവിധേയമാക്കാനാണ് കീഴുദ്യോഗസ്ഥന്മാരെ വെച്ചുകൊണ്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം. മുമ്പ് രാജൻകേസിൽ ഡി.ഐ.ജി മധുസൂദനൻ ക്രൈം ബ്രാഞ്ച് ഡി.ഐ.ജി ജയറാം പടിക്കൽ, എസ്.പി. ലക്ഷ്മണ തുടങ്ങിയ പ്രതികൾക്കെതിരെ ഡി.ഐ.ജി  രാജ്‌നാരായണന്റെ മേൽനോട്ടത്തിൽ എസ്.പി മൊയ്തീൻ കുഞ്ഞാണ് അന്വേഷണം നടത്തിയത്. കേസിന്റെ കുന്തമുന ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി കരുണാകരനുനേരെ തിരിയുന്നതു തടയാൻ. കരുണാകരനെ രക്ഷിക്കാനുള്ള പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മുഖ്യമന്ത്രി ആന്റണിക്കെതിരെ സി.പി.എം ആഞ്ഞടിച്ചിരുന്നു. രാജൻ കേസിലെ പോലീസ് ഉദ്യോഗസ്ഥരെല്ലാം അപ്പീലുകളിൽ രക്ഷപെട്ടു. കേസിൽനിന്ന് കരുണാകരനും. ഇന്നു അതേ രാഷ്ട്രീയ നാടകം സി.പി.എം ഭരണത്തിലിരുന്ന് അവതരിപ്പിക്കുകയാണ്. ഏറ്റവുമൊടുവിൽ സി.എ.ജി റിപ്പോർട്ടിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. സംസ്ഥാന പോലീസിനും സർക്കാറിനും സി.എ.ജിക്കും കോടതി നോട്ടീസ് അയച്ചു. ആരൊക്കെ മൗനം തുടർന്നാലും കാര്യങ്ങൾ മൂടിവെക്കാനാവില്ലെന്ന് കോടതി ഇടപെടൽ സൂചിപ്പിക്കുന്നു.  
 

Latest News