മോഡിയെ കൊല്ലുമെന്ന് കുട്ടികളെ പഠിപ്പിക്കുന്നു; ആരും പ്രതികരിക്കുന്നില്ലെന്ന് സ്മൃതി ഇറാനി

ലഖ്‌നൗ- പൗരത്വ നിയമ ഭേദഗതിക്കും എന്‍.ആര്‍.സിക്കുമെതിരെ പ്രതിഷേധിക്കുന്നവര്‍ ഞങ്ങള്‍ മോഡിയെ കൊല്ലുമെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും ഇതിനെതിരെ ആരും ഒന്നും പറയുന്നില്ലെന്നും കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി. യു.പി തലസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ ശിഖാര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തങ്ങള്‍ 15 കോടിയുണ്ടെന്നും ഭാരതത്തെ കഷ്ണങ്ങളാക്കുമെന്നും മുദ്രാവാക്യം മുഴക്കുന്നവര്‍ക്കെതിരെയും ആരും പ്രതികരിക്കുന്നില്ല- അവര്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി നിയമത്ത സ്മൃതി ഇറാനി ന്യായീകരിച്ചു. പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് അഭയം നല്‍കുന്ന നിയമത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും കേന്ദ്ര വനിതാ ശിശുക്ഷേ വകുപ്പിന്റെ ചുമതല കൂടിയുള്ള അവര്‍ പറഞ്ഞു. ഹിന്ദു, സിക്ക് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം ബലാത്സംഗം ചെയ്തയാളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന കേസുകള്‍ ഉണ്ടാകാറുണ്ടെന്നും അത്തരം പീഡനങ്ങള്‍ക്കിരയാകുന്നവരാണ് ഇന്ത്യയില്‍ അഭയം തേടുന്നത്. ഈ നിയമം അവര്‍ക്കാണ് അഭയം നല്‍കുന്നതെന്ന് സി.എ.എക്കെതിരായ എതിര്‍പ്പുകളെ അപലപിച്ചുകൊണ്ട് കേന്ദ്ര മന്ത്രി പറഞ്ഞു.
2019 ലെ തെരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടികളാണ് ദല്‍ഹിയിലെ ഷഹീന്‍ ബാഗിലേതു പോലുള്ള പ്രതിഷേധങ്ങളെ പിന്തണക്കുന്നതെന്ന് സ്മൃതി ഇറാനി നേരത്തെ പറഞ്ഞിരുന്നു.

 

Tags

Latest News