Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ 540 കോടിയുടെ ടോയ്‌ലെറ്റ് അഴിമതി; നാലരലക്ഷം ശൗചാലയങ്ങള്‍ കാണാനില്ല

ഭോപ്പാല്‍- മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ചതായി പറയുന്ന നാലരലക്ഷം ശൗചാലയങ്ങള്‍ കാണാനില്ല. ഇത്രയും ശൗചാലയങ്ങള്‍ക്കായി 540 കോടി രൂപയാണ് ചെലവഴിച്ചിരുന്നത്. മുന്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ  വന്‍ അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.  ജി.പി.എസ് ടാഗുകള്‍ അടക്കം രേഖകളുള്ള ശൗചാലയങ്ങളാണ് കാണാതായിരിക്കുന്നത്. പദ്ധതി നടപ്പാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഇവക്ക്  ജി.പി.എസ് ടാഗുകള്‍ നല്‍കിയിരുന്നത്.
2012 നും 2018 നും ഇടയില്‍ നിര്‍മിച്ചതായി  രേഖകളില്‍ പറയുന്ന 4,51,000 ശൗചാലയങ്ങള്‍ കാണാനില്ലെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ പറയുന്നു. ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മുന്‍ ബി.ജെ.പി സര്‍ക്കാര്‍ വലിയ നേട്ടമായി ഉയര്‍ത്തിക്കാണിച്ചതായിരുന്ന ശൗചാലയ നിര്‍മാണം.  
രേഖകളില്‍ നിര്‍മിച്ചതായി പറയപ്പെടുന്ന ശൗചാലയങ്ങളില്‍ ഏറെയും നിലവിലില്ലെന്നും ഇതിനായി ചെലവഴിച്ചെന്ന് പറയുന്ന
540 കോടി രൂപ എവിടെപ്പോയെന്ന് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചോദിക്കുന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ നേരത്തേ ശൗചാലയങ്ങളുടെ വാതില്‍ നിര്‍മാണത്തില്‍ 15 കോടിയോളം രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു. അയല്‍ വീടുകളിലെ ശൗചാലയങ്ങള്‍ക്ക് മുന്നില്‍ നിന്നെടുത്ത ഫോട്ടോ ഉപയോഗിച്ചാണ് ഇവിടെ തട്ടിപ്പ് നടത്തിയത്. 100 ശതമാനം ശൗചാലയങ്ങളുണ്ടെന്ന് ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം പൊതുസ്ഥലത്ത് വിസര്‍ജ്ജിച്ചതിന് രണ്ടുയുവാക്കളെ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. ശൗചാലയങ്ങള്‍ പലതിലും സെപ്റ്റിക് ടാങ്ക് നിര്‍മിക്കാതെ കരാറുകാര്‍ മുങ്ങിയതോടെ വീട്ടുകാരില്‍ പലരും ശൗചാലയം അടുക്കളയും ചെറുകടകളുമാക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു.

 

 

Latest News