രജനി തമിഴരെ കബളിപ്പിക്കുന്നു;വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന നല്‍കി പിതാവ്

ചെന്നൈ- തമിഴ് സൂപ്പര്‍താരം വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് സൂചനകള്‍ നല്‍കി പിതാവ് എസ് എ ചന്ദ്രശേഖര്‍. മക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയെന്നതാണ് പിതാവിന്റെ കടമ. എല്ലാ പിതാക്കന്മാരും ആ കടമ നിറവേറ്റും. അതുപോലെ മകന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിച്ചാല്‍ താന്‍ അത് നിറവേറ്റുമെന്ന് അദേഹം പറഞ്ഞു. രജനികാന്തിനെയും കമല്‍ഹാസനെയും പിന്തുണച്ചതില്‍ ഇപ്പോള്‍ ദു:ഖിക്കുന്നു. അവര്‍ രാഷ്ട്രീയത്തിലെത്തിയാല്‍ നല്ലത് സംഭവിക്കുമെന്നാണ് കരുതിയത്.

എന്നാല്‍ രജനികാന്ത് തമിഴരെ കബളിപ്പിക്കുന്നുവെന്നാണ് തോന്നുന്നത്. തൂത്തുക്കുടിയില്‍ വെടിയേറ്റ് മരിച്ചവരെ രജനികാന്ത് തീവ്രവാദികളോട് ഉപമിച്ചു. തമിഴര്‍ എതിര്‍ക്കുന്ന പൗരത്വഭേദഗതിയെ താരം അനുകൂലിച്ചുവെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു. വിജയ്‌ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താനാണ് ചിലരുടെ ശ്രമം. എന്നാല്‍ അത് അദേഹത്തെ കൂടുതല്‍ വളര്‍ത്തുകയാണ്. സിനിമയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ ജീവിതത്തിലും അങ്ങിനെയാവണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. നാളെ വിജയ് രാഷ്ട്രീയത്തിലെത്തിയാല്‍ അത് ഉണ്ടാകുമെന്നാണ്  താന്‍ ആഗ്രഹിക്കുന്നതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
 

Latest News