Sorry, you need to enable JavaScript to visit this website.
Sunday , July   05, 2020
Sunday , July   05, 2020

ചെരിപ്പ് നിര്‍ണായക തെളിവായി; വൃദ്ധയെ തലക്കടിച്ച് സ്വര്‍ണം കവര്‍ന്ന യുവാവും കൂട്ടുകാരിയും പിടിയില്‍

തൃശൂര്‍- തിരൂരില്‍ വയോധികയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാലക്കുടിയില്‍ താമസിക്കുന്ന ഇടുക്കി തൊടുപുഴ ഏഴല്ലൂര്‍ ദേശം കുമാരമംഗലത്ത് പാഴേരിയില്‍ വീട്ടില്‍ പി.എ. ജാഫര്‍(32), വനിതാ സുഹൃത്ത് തൊടുപുഴ കാഞ്ഞിരമറ്റം ആലപ്പാട്ട് വീട്ടില്‍ കെ.ജെ. സിന്ധു(40) എന്നിവരാണ് അറസ്റ്റിലായത്.
തിരൂരില്‍ വട്ടായി ഭാഗത്തേക്ക് പോകുന്നതിനു ബസ് കാത്തുനിന്ന 73 കാരിയെയാണ് കഴിഞ്ഞ ഒമ്പതിന് പ്രതികള്‍ ഓട്ടോയില്‍ നിര്‍ബന്ധിച്ചുകയറ്റിയ ശേഷം ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്.
സ്ഥിരമായി കയറും ചുറ്റികയും സൂക്ഷിച്ച് ഇരകളെ തേടിയിറങ്ങാറുണ്ടെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരിക്കുന്നതിങ്ങനെ: ബസ് കാത്തുനിന്ന സുശീലയോടു എവിടേക്കാണ് പോകേണ്ടതെന്നു ചോദിച്ചാണ് അടുത്തു കൂടിയത്. വട്ടായിലേക്കാണെന്നു പറഞ്ഞപ്പോള്‍ തങ്ങളും അവിടേക്കാണെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റുകയായിരുന്നു.  പൂമല ഡാം വഴി പോയശേഷം ആളൊഴിഞ്ഞ റബര്‍ എസ്‌റ്റേറ്റിലേക്ക് ഓട്ടോ കയറ്റിയിട്ടു. സിന്ധുവിനോടു കയറെടുത്ത് സ്ത്രീയുടെ കഴുത്തില്‍ മുറുക്കാന്‍ ജാഫര്‍ നിര്‍ദേശിച്ചു. വാഹനത്തിലുണ്ടായിരുന്ന വീല്‍ സ്പാനര്‍ കൊണ്ട് ആറുവട്ടം വയോധികയുടെ തലയ്ക്കടിച്ചു. അതിനിടെ  കഴുത്തിലെ മൂന്നുപവന്റെ മാല അഴിച്ചുമാറ്റി. തുടര്‍ന്ന് വയോധികയെ പത്തായകുണ്ട് ഡാമിനു കുറുകെയുള്ള റോഡില്‍ തള്ളി കടന്നു.
പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ നമ്പര്‍ ഇല്ലാതെ അതുവഴി പോയ ഓട്ടോ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെങ്കിലും തിരിച്ചറിയാനായിരുന്നില്ല. ദൃശ്യങ്ങള്‍ സൂക്ഷമതയോടെ പരിശോധിച്ച പോലീസ് വാഹനത്തില്‍ ഘടിപ്പിച്ച പ്രത്യേകതയുള്ള രണ്ടു ടോപ് ലൈറ്റുകള്‍ കണ്ടെത്തി. അതിനടുത്തു ഇരുവശങ്ങളിലായി പ്രത്യേക സ്റ്റിക്കറും പതിപ്പിച്ചിരുന്നു. സിന്ധു ധരിച്ചിരുന്ന വെള്ള നിറത്തിലുള്ള ചെരിപ്പും ദൃശ്യങ്ങളില്‍ നിന്നു ലഭിച്ചു. ഇതാണു കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
കളര്‍ കോഡില്‍ നിന്നു ഓട്ടോറിക്ഷ മലയോര ഭാഗങ്ങളില്‍ പെര്‍മിറ്റുള്ളതാണെന്ന് കണ്ടെത്തി. കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ വല വിരിച്ചുവെങ്കിലും വിശദാംശം ലഭിച്ചില്ല. ഇവിടങ്ങളില്‍ നിന്നു തൃശൂരില്‍ വന്നു താമസിക്കുന്നവരെ ചുറ്റിപ്പറ്റിയായി അന്വേഷണം. ഇതിനിടെ ചാലക്കുടി മേലൂരില്‍ പുലര്‍ച്ചെ വീട്ടില്‍ നിന്നു പുറപ്പെട്ട് രാത്രി മടങ്ങിയെത്തുന്നവരെ കുറിച്ച് പോലീസിനു വിവരം ലഭിച്ചു. രഹസ്യമായി അന്വേഷിച്ചതോടെ ഇവിടെയുള്ള സ്ത്രീക്ക് കാമറയില്‍ കണ്ടതിനു സമാനമായ ചെരുപ്പുണ്ടെന്നു മനസിലാക്കി. ഇവരാണ് പ്രതികളെന്നു ഉറപ്പിച്ച ഇരുവരും വീട്ടിലെത്തിയപ്പോള്‍ അറസ്റ്റു ചെയ്യുകയായിരുന്നു.
സമാനമായ മറ്റു കളവുകേസുകളിലും ഇവര്‍ ഉള്‍പ്പെട്ടതായി ചോദ്യംചെയ്യലില്‍ വ്യക്തമായി. മറ്റൊരു കേസില്‍ ഉള്‍പ്പെട്ട ശേഷം ഇവര്‍ ഒഎല്‍എക്‌സ് വഴി മേലൂരില്‍ വീടുകണ്ടെത്തുകയായിരുന്നു.
സിറ്റിപോലീസ് ക്രൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസന്‍, സിറ്റി എസിപി വി.കെ. രാജു, ഷാഡോ എസ്‌ഐമാരായ ടി.ആര്‍. ഗ്ലാഡ്സ്റ്റണ്‍, എം. രാജന്‍, എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

Latest News