Sorry, you need to enable JavaScript to visit this website.
Thursday , April   02, 2020
Thursday , April   02, 2020

മോഡിയെയും അമിത് ഷായെയും ചരിത്രത്തിന്റെ  ചവറ്റുകൊട്ടയിൽ എറിയും -രമേശ് ചെന്നിത്തല

ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റിയുടെ മുപ്പത്തിയാറാം വാർഷികം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. 

ജിദ്ദ - പൗരാവകാശവും ജനാധിപത്യവും പിച്ചിച്ചീന്തി, ഭരണഘടനയെ അട്ടിമറിച്ച് ഹിറ്റ്‌ലറും ഗീബൽസുമായി പുനരവതരിച്ചിരിക്കുന്ന നരേന്ദ്രമോഡിയെയും അമിത് ഷായെയും ഇന്ത്യയിലെ ജനങ്ങൾ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ പോരാട്ടത്തിന് നേതൃത്വം വഹിക്കാൻ ഒരേ ഒരു പാർട്ടിക്കേ കഴിയൂ, അത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. രാജ്യത്ത് മതേതര ഐക്യം വരും നാളുകളിൽ രൂപപ്പെടുമെന്നും അതിന് എന്തു വിട്ടുവീഴ്ചക്കും കോൺഗ്രസ് തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റിയുടെ മുപ്പത്തിയാറാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പൗരത്വ പ്രശ്‌നത്തിൽ കേരളത്തിൽ യു.ഡി.എഫ് 101 ശതമാനം ആത്മാർഥതയോടെയാണ് മുന്നോട്ടുപോകുന്നത്. കോൺഗ്രസിന്, യു.ഡി.എഫിന് ഈ പ്രശ്‌നത്തിൽ രാഷ്ട്രീയമില്ല. 56 മുസ്‌ലിം സംഘടനകളുടെ യോഗം ഞാൻ വിളിച്ചു. രാഹുൽ ഗാന്ധിയടക്കമുള്ള എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ ഒട്ടേറെ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. 
വേദനിക്കുന്ന, ഒറ്റപ്പെടൽ അനുഭവിക്കുന്ന, പ്രയാസത്തോടെ ഓരോ ദിവസവും തള്ളി നീക്കുന്ന മുസ്‌ലിം സഹോദരന്മാരെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ മറ്റാരേക്കാൾ കൂടുതൽ കേരളത്തിലെ കോൺഗ്രസും യു.ഡി.എഫും മുന്നിലുണ്ടാകും. ഒരാളും ഭയപ്പെടേണ്ട കാര്യമില്ല, ഒരാളെയും ഭയപ്പെടുത്താനും ഇവർക്കു കഴിയില്ല. 
സെൻസസിനെ അംഗീകരിക്കാം. അതു സ്ഥിതിവിവര കണക്കാണ്. അതു നമ്മുടെ രാജ്യത്ത് ജനങ്ങൾക്ക് ആനുകൂല്യം കിട്ടാൻ ആവശ്യമാണ്. സെൻസസും പോപ്പുലേഷൻ രജിസ്റ്ററുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. സെൻസസ് നടത്തിയാൽ എൻ.പി.ആർ ഉണ്ടാക്കാം. എൻ. പി.ആർ ഉണ്ടാക്കിയാൽ എൻ.ആർ.സി ഉണ്ടാക്കാം. ഇതിനെയാണ് എതിർക്കുന്നത്. അസമിൽ പൗരത്വമില്ലാതെ പുറത്തുപോകുമെന്നു കണ്ട പത്തു ലക്ഷം ഹിന്ദുക്കളെ രക്ഷിക്കുന്നതിനുവേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും മതാധിഷ്ഠിത രാജ്യം നടപ്പാക്കാനുള്ള വലിയ അജണ്ടയുടെ ഭാഗമാണിത്. ഇതിനെ എതിർക്കാൻ കേരളത്തിൽ മാത്രമുള്ള സി.പി.എമ്മിനു കഴിയുമോ? മോഡിയെയും അമിത്ഷായെയും പിടിച്ചുകെട്ടാൻ ഒരേ ഒരു ശക്തിയായ കോൺഗ്രസിനെ കഴിയൂ. അവിടെയാണ് കോൺഗ്രസ് ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത - ചെന്നിത്തല പറഞ്ഞു. 
പൗരത്വം കൊടുക്കാനുള്ള അളവുകോളല്ല ജാതിയും മതവും. ലോകത്ത് ഒരു രാജ്യത്തും ജാതിയും മതവും നോക്കി പൗരത്വം നൽകുന്നില്ല. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റിമറിക്കാൻ ഒരാൾക്കും അവകാശമില്ല. അതുകൊണ്ടുതന്നെ സുപ്രീം കോടതി ഈ നിയമത്തെ ചവറ്റുകൊട്ടയിലെറിയും. ഭരണഘടനാനുസൃതമായി കോടതി കാര്യങ്ങൾ വിലയിരുത്തുമെന്നും അങ്ങനെയുണ്ടായാൽ നിയമം നിലനിൽക്കില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

വിശ്വപൗരന്മാരായി ലോകത്ത് എവിടെപ്പോയും മലയാളികൾക്ക് ജീവിക്കാൻ കഴിയുന്നത് അവർ ജോലി ചെയ്യുന്ന രാജ്യത്തോടു കാണിക്കുന്ന താൽപര്യവും വികസനത്തിലെ അവരുടെ പങ്കാളിത്തവുമാണ്. സൗദി അറേബ്യയിൽ മറ്റേതൊരു സംസ്ഥാനത്തേക്കാളും മലയാളികളുണ്ടാവാൻ കാരണം നമ്മുടെ ഈ നിലപാടും സൗദി അറേബ്യയുടെ വിശാല മനോഭാവവുമാണ്. പുണ്യഭൂമിയുടെ കവാടമായ ജിദ്ദയിൽ ജോലി ചെയ്യുന്നവർ എന്തുകൊണ്ടും അനുഗൃഹീതരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 
എയർലൈൻസ് ഇംപാല ഗാർഡനിൽ നടന്ന സമ്മേളനത്തിൽ ഒ.ഐ. സി.സി റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. കർണാടക മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ മൊയ്തീൻ ബാവ, വ്യാപാര പ്രമുഖരായ വി.പി മുഹമ്മദലി, മുഹമ്മദ് ആലുങ്ങൽ, അർഷദ് നൗഫൽ, വി.പി ഷിയാസ്, ഒ.ഐ.സി.സി നേതാക്കളായ എ.പി കുഞ്ഞാലി ഹാജി, അബ്ദുൽ മജീദ് നഹ, ഷുക്കൂർ വക്കം, ജോഷി വർഗീസ്, ചെമ്പൻ അബ്ബാസ്, നൗഷാദ് അടൂർ, ശ്രീജീത്ത് കണ്ണൂർ, നാസിമുദ്ദീൻ മണനാക്ക്, അലി തേക്കുതോട് തുടങ്ങിയവർ സംബന്ധിച്ചു. മാമദു പൊന്നാനി ആമുഖ പ്രഭാഷണം നടത്തി. 
ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതം പറഞ്ഞു. വനിതാ കമ്മിറ്റിയംഗങ്ങൾ സ്വാഗത ഗാനം ആലപിച്ചു. സമ്മേളനത്തിനു മുന്നോടിയായി പ്രശസ്ത ഗായകരുടെ ഗാന വിരുന്നും ഉണ്ടായിരുന്നു.  

 


 

Latest News