Sorry, you need to enable JavaScript to visit this website.

ഓൺലൈൻ പരസ്യങ്ങൾക്ക് മാനദണ്ഡങ്ങൾ ബാധകമാക്കി

റിയാദ് - ഉൽപന്നങ്ങളെ കുറിച്ച ഓൺലൈൻ പരസ്യങ്ങൾക്ക് ആറു പ്രധാന മാനദണ്ഡങ്ങൾ ബാധകമാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. ഓൺലൈൻ പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് പരാതി നൽകുന്നതിന് വാണിജ്യ, മന്ത്രാലയം നേരത്തെ പുറത്തിറക്കിയ ആപ്പിൽ പുതിയ സേവനം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫോൺ വഴിയും പരാതികൾ സ്വീകരിക്കും. 
വ്യാജ പരസ്യങ്ങൾ വഴിയുള്ള കബളിപ്പിക്കലുകളിൽ നിന്ന് ഉപയോക്താക്കൾക്ക് സംരക്ഷണം നൽകുന്നതിനും ഓൺലൈൻ പരസ്യ മേഖല വ്യവസ്ഥാപിതമാക്കുന്നതിനും നിയമ ലംഘകർക്കെതിരെ പിഴയും മറ്റു ശിക്ഷാ നടപടികളും സ്വീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഓൺലൈൻ പരസ്യങ്ങൾക്ക് മാനദണ്ഡങ്ങൾ ബാധകമാക്കിയിരിക്കുന്നത്. 


പരസ്യമാണെന്ന കാര്യം പരസ്യത്തിൽ വ്യക്തമായി വെളിപ്പെടുത്തണമെന്നതാണ് മാനദണ്ഡങ്ങളിൽ ഒന്ന്. വ്യാപാരിക്ക് ഉടമസ്ഥാവകാശമില്ലാത്ത ട്രേഡ്മാർക്കുകളും വ്യാജ ട്രേഡ്മാർക്കുകളും ഓൺലൈൻ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് പാടെ വിലക്കിയിട്ടുണ്ട്. ഉപയോക്താക്കളെ കബളിപ്പിക്കുന്ന അവകാശവാദങ്ങളൊന്നും പരസ്യത്തിൽ ഉൾപ്പെടുത്താനും പാടില്ല. ഉൽപന്നത്തിന്റെ പേര്, വ്യാപാരിയുടെ പേര്, ബന്ധപ്പെടുന്നതിനുള്ള മാർഗങ്ങൾ എന്നിവ പരസ്യത്തിൽ ഉൾപ്പെടുത്തൽ നിർബന്ധമാണ്. 
പരസ്യത്തിൽ പറയുന്ന കാര്യങ്ങളും ഗുണമേന്മാ മാനദണ്ഡങ്ങളും ഓഫറുകളും വ്യാപാരികൾ പാലിക്കൽ നിർബന്ധമാണ്. പരസ്യങ്ങൾ തനിക്ക് അയക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുന്നതിന് ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്ക് അവസരമൊരുക്കണമെന്നും വ്യവസ്ഥയുണ്ട്. 


ചില സാമൂഹികമാധ്യമ സെലിബ്രിറ്റികളും പ്രശസ്തരും ഉൽപന്നങ്ങളെ കുറിച്ച് പരസ്യങ്ങൾ ചെയ്യുന്നുണ്ട്. ഉൽപന്നം താൻ ഇഷ്ടപ്പെടുന്നതായോ ഉപയോഗിക്കുന്നതായോ കഴിക്കുന്നതായോ ഒക്കെ പറഞ്ഞാണ് ഇത്തരക്കാർ ഉപയോക്താക്കളെ കബളിപ്പിക്കുന്നത്. ഉപയോക്താക്കളെ വശീകരിക്കുന്നതിന് ചില ഓൺലൈൻ സ്റ്റോറുകളും കബളിപ്പിക്കുന്ന പരസ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. വശീകരിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ സ്റ്റോറുകൾ ഇത് പിന്നീട് പാലിക്കാതിരിക്കുകയാണ്. 


 

Tags

Latest News