ന്യുദല്‍ഹി- ഈ വര്‍ഷം 33 ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഗോ സംരക്ഷരെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ നേതൃത്തില്‍ ഇന്ത്യയില്‍ വിവിധയിടങ്ങളിലായി അരങ്ങേറിയത് 30 അതിക്രമ സംഭവങ്ങള്‍. ഡേറ്റ ജേണലിസം വെബ്‌സൈറ്റായ ഇന്ത്യസ്‌പെന്‍ഡ് 2010 മുതല്‍ ശേഖരിച്ചുവരുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. ഏഴു വര്‍ഷത്തിനിടെ 75 ഇത്തരം ആക്രമണങ്ങളുണ്ടായി.
ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളേയും പോലീസ് കേസുകളേയും വിശകലനം ചെയ്ത് നടത്തിയ കണക്കെടുപ്പില്‍ 97 ശതമാനം അതിക്രമങ്ങളും നടന്നിട്ടുള്ളത് 2014-ല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമാണ്. ഇക്കാലയളില്‍ 73 അതിക്രമ സംഭവങ്ങളുണ്ടായി. ഈ അതിക്രമങ്ങളില്‍ ഇരകളാക്കപ്പെട്ടത് പ്രധാനമായും മുസ്ലിംകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പശുവിനെ ചൊല്ലിയുള്ള 75 ആക്രമണങ്ങളില്‍ 42-ലും (56 ശതമാനം) മുസ്ലിംകളാണ് ആക്രമിക്കപ്പെട്ടത്. എട്ടുവര്‍ഷത്തിനിടെയുണ്ടായ അതിക്രമ സംഭവങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ 24 പേരും (86 ശതമാനം) മുസ്ലിംകളായിരുന്നു.
മൊത്തം ഗോ രക്ഷാ അതിക്രമങ്ങളില്‍ പകുതിയിലേറെയും അരങ്ങേറിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 75-ല്‍ 40 കേസുകള്‍ (53 ശതമാനം). ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ് വ്യാഴാഴ്ച ബിഹാറിലാണ്. വെസ്റ്റ് ചംപാരന്‍ ജില്ലയിലെ ദുംറയില്‍ അമ്പതോളം പേരുള്‍പ്പെട്ട സംഘം പശുവിനെ അറുത്ത് ഭക്ഷിച്ചുവെന്നാരോപിച്ചു മുഹമ്മദ് ശഹാബുദ്ധീന്‍ എന്നയാളുടെ വീടിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ശഹാബുദ്ധീനടക്കമുള്ളവരെ വീട്ടില്‍ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പശുവിനെ അറുത്ത് മതവികാരം വൃണപ്പെടുത്തിയതിന് ഏഴു മുസ്ലിംകളെ അറസ്റ്റ് ചെയ്തു. രണ്ടാഴ്ചക്കിടെ ബിഹാറില്‍ നടന്ന രണ്ടാം ആക്രമണ സംഭവമാണിത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ബിഹാറില്‍ ഇത്തരത്തിലൊരു കേസു പോലും ബിഹാറിലുണ്ടായിട്ടില്ലെന്ന് ഇന്ത്യാസ്‌പെന്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിഹാറില്‍ ജെഡിയുവിനെ എന്‍ഡിഎയിലെത്തിച്ച് ബിജെപി ഭരണത്തില്‍ പങ്കാളിയായതോടെയാണ് രണ്ടു ആക്രമ സംഭവങ്ങളും അരങ്ങേറിയത്.