Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി പ്രിവിലേജ് ഇഖാമ ലഭിച്ച ആദ്യ ഇന്ത്യക്കാരനായി മലപ്പുറം സ്വദേശി 

ജിദ്ദ - സൗദിയിൽ പ്രീമിയം റസിഡൻസ് അനുമതി ലഭിച്ച ആദ്യ ഇന്ത്യക്കാരനായി മലപ്പുറം സ്വദേശി. ജിദ്ദ സഹ്‌റാനി ഗ്രൂപ്പ് എം.ഡി റഹീം പട്ടർകടവൻ (30) സൗദി അധികൃതരിൽനിന്ന് പ്രിവിലേജ് ഇഖാമ സ്വീകരിച്ചു. കഴിഞ്ഞ മേയിലാണ് 73 വിദേശികളിൽ ഒരാളായി റഹീം അപേക്ഷ നൽകിയിരുന്നത്.  പ്രവാസി ബിസിനസ് രംഗത്ത് ഇതിനകം വ്യക്തിമുദ്ര പതിപ്പിച്ച റഹീം ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ പൂർവ വിദ്യാർഥിയാണ്. മലപ്പുറം പട്ടർകടവ് സ്വദേശിയും മലയാളം ന്യൂസ് ഉൾപ്പെടെയുള്ള പത്രങ്ങളുടെ അച്ചടി വിഭാഗത്തിലെ മുൻ സ്റ്റാഫംഗവുമായ പി.കെ. കുഞ്ഞാന്റെയും (സഹ്‌റാനി ഗ്രൂപ്പ്) യു.കെ. ഖദീജയുടെയും മകനാണ്.

എം.ഇ.എസ് സംസ്ഥാന ട്രഷററും പ്രമുഖ ബിസിനസുകാരനുമായിരുന്ന അയിലക്കാട് കെ.വി മുഹമ്മദിന്റെ പൗത്രി ടെന്നാസാണ് റഹീമിന്റെ ഭാര്യ. മക്കൾ: ഇഫാത്ത്, ഹംദാൻ.


സൗദി വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള ഉപദേശക സമിതിയംഗമായ റഹീം ട്രാൻസ്‌പോർട്ടിംഗ്, ട്രേഡിംഗ് മേഖലകളിൽ വിജയിച്ച ബിസിനസുകാരനാണ്. സ്‌പോൺസറില്ലാതെ സൗദിയിൽ കഴിയാവുന്ന ആജീവനാന്ത പെർമിറ്റാണ് പ്രീമിയം റസിഡൻസ്. നിരവധി ആനുകൂല്യങ്ങളാണ് ഇത്തരം താമസ രേഖയുള്ളവർക്ക് സൗദി അധികൃതർ നൽകുന്നത്. മക്കയിലും മദീനയിലുമൊഴികെ ഭൂമി വാങ്ങാനും വിൽക്കാനും സാധിക്കും. മക്ക, മദീന എന്നിവിടങ്ങളിൽ 99 വർഷത്തേക്ക് ഭൂമി പാട്ടത്തിനെടുക്കാനും പ്രീമിയം ഇഖാമയുള്ളവർക്ക് കഴിയും. മറ്റു നിബന്ധനകൾ പാലിക്കുന്നതോടൊപ്പം എട്ടു ലക്ഷം റിയാൽ ഫീസ് നൽകേണ്ടതുണ്ട് പ്രീമിയം ഇഖാമക്ക്.

എയർപോർട്ടുകളിൽ സ്വദേശികളുടെ ക്യൂവിൽ നിൽക്കാനും റീ എൻട്രി വിസയില്ലാതെ വിദേശങ്ങളിൽ സഞ്ചരിക്കാനും അനുമതിയുണ്ട്. സൗദിയിൽ സ്ഥിരം വിസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ബിസിനസ് രംഗത്ത് സൗദിയിലെയും ഇന്ത്യയിലെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഈ അസുലഭ പദവി മുഖേന ശ്രമം നടത്തുമെന്നും റഹീം പട്ടർകടവൻ മലയാളം ന്യൂസിനോട് പറഞ്ഞു.

Tags

Latest News