Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരള കോൺഗ്രസ് വീണ്ടും പിളർപ്പിലേക്ക്;  അനൂപും ജോണിയും വെവ്വേറെ യോഗം വിളിച്ചു

കോട്ടയം- കേരള കോൺഗ്രസ് ജേക്കബിലെ ജോണി നെല്ലൂർ, അനൂപ് ജേക്കബ് വിഭാഗങ്ങൾ ഇന്ന് കോട്ടയത്ത് വെവ്വേറെ യോഗം ചേരാൻ തീരുമാനിച്ചതോടെ കേരള കോൺഗ്രസ് രാഷ്ട്രീയം വീണ്ടും ഒരു പിളർപ്പിന്റെ വക്കിലെത്തി. പാർട്ടി ചെയർമാനായ ജോണി നെല്ലൂർ നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലും അനൂപ് ജേക്കബ് വിഭാഗം കെഎസ്ആർടിസിക്ക് സമീപമുളള പാർട്ടി ഓഫീസിലുമാണ് യോഗം ചേരുക. ഇരു വിഭാഗവും അണികളെ ഉറപ്പിച്ചു നിർത്താനും ശക്തി സമാഹരണത്തിനുമുളള നീക്കത്തിലാണ്. ജോസഫ് വിഭാഗവുമായുളള ലയനവുമായി മുന്നോട്ടു പോകാനാണ് ജോണി നെല്ലൂരിന്റെ നീക്കം. ഇതിനെ അനൂപ് അനുകൂലിക്കുന്നില്ല. പുതിയ ഒരു കേരള കോൺഗ്രസ് ഉണ്ടാവില്ലെന്ന് ജോണി നെല്ലൂർ ഇന്നലെ വാർത്താ ലേഖകരോട് പറഞ്ഞു. തങ്ങൾ ജോസഫ് വിഭാഗത്തിൽ ചേരുകയാണെന്ന സൂചനയാണ് ഇത് നൽകുന്നത്. ഫലത്തിൽ അനൂപ് ജേക്കബ് വിഭാഗം അതേ പോലെ തുടരും. ജോണി നെല്ലൂർ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലും. നിലവിലുളള രാഷ്ടീയ സാഹചര്യത്തിൽ അതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.


കേരള കോൺഗ്രസ് ജോസഫുമായി ആദ്യ ലയന ചർച്ചകൾ നടത്തിയത് അനൂപ് ജേക്കബാണെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു. രണ്ടാം മന്ത്രി സ്ഥാനം അടക്കം അനൂപ് ഉന്നയിച്ച ആവശ്യങ്ങളെല്ലാം ജോസഫ് അംഗീകരിക്കുകയും ചെയ്തു. പിന്നീട് ഡെപ്യൂട്ടി ലീഡർ സ്ഥാനം അനൂപ് ആവശ്യപ്പെട്ടു. നിലവിൽ സി.എഫ് തോമസാണ് ഈ പദവി വഹിക്കുന്നതെന്ന് സൂചിപ്പിച്ച ജോസഫ് ഉറപ്പൊന്നും നൽകിയില്ല. ഇത് ലയനത്തിൽ നിന്നു മലക്കം മറിയാൻ  കാരണമായി. അനൂപ് സ്ഥാപിതതാത്പര്യക്കാരുടെ അടിമയായി മാറി.  പാർട്ടി പിളർത്തണമെന്ന നിർബന്ധ ബുദ്ധിയോടെയാണ് അനൂപ് മുന്നോട്ടുപോകുന്നത്. എം.എൽ.എയായാൽ എല്ലാമായെന്ന് കരുതുന്നത് ശരിയല്ല. തനിക്ക് മാത്രം സ്ഥാനം മതിയെന്ന ചിന്തയാണ്  നയിക്കുന്നത്. തനിക്ക് വാക്കു മാറ്റാനാകില്ല. അതിനാൽ ജോസഫ് വിഭാഗവുമായുളള ലയനത്തിലാണ് ശ്രമിക്കുന്നത്.


കേരള കോൺഗ്രസ്  ജേക്കബ് ഗ്രൂപ്പ് ജോസഫ് ഗ്രൂപ്പിൽ ലയിക്കുമെന്ന് ജോണി നെല്ലൂർ അസന്ദിഗ്ധമായി അറിയിച്ചു. എതിർപ്പ് പ്രകടിപ്പിക്കുന്ന  അനൂപ് ജേക്കബിനെതിരെ പാർട്ടി നടപടി സ്വീകരിക്കും. പാർട്ടിയെ നശിപ്പിക്കാനാണ് അനൂപിന്റെ നീക്കം. അത് ഒരു കാരണവശാലും അനുവദിക്കില്ല. ഗീബൽസിനെക്കാൾ വലിയ കള്ളം പ്രചരിപ്പിക്കുകയാണ് അനൂപ്. പാർട്ടിയിൽ ഭൂരിപക്ഷവും തനിക്കൊപ്പമാണെന്നും ജോണി പറഞ്ഞു. നാല് എംഎൽഎമാർ ഉണ്ടായിരുന്ന ജേക്കബ് ഗ്രൂപ്പിന് ഒരു എംഎൽഎമാത്രമാണ് ഇന്നുളളത്. താൻ മാത്രം എംഎൽഎ ആയാൽ മതിയെന്ന ധിക്കാരം ഇനി നടപ്പില്ല. അനൂപ് ജേക്കബ് വിശ്വസിക്കാൻ കൊള്ളാത്തവനാണ്. പുനലൂരിലും ഉടുമ്പൻചോലയിലും തനിക്ക്  സീറ്റ് നൽകാൻ തയ്യാറായിരുന്നു. എന്നാൽ സീറ്റ് വേണ്ട എന്ന് താൻ പറഞ്ഞതായി കള്ളം പ്രചരിപ്പിക്കുകയാണ്. യഥാർത്ഥ കേരള കോൺഗ്രസിലാണ് ലയിക്കുന്നത്.
ജോണി നെല്ലൂർ യുഡിഎഫിനെ ദുർബലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നുവെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.സി സെബാസ്റ്റ്യൻ ആരോപിച്ചു. സമനില തെറ്റിയത് പോലെയാണ് ജോണി നെല്ലൂർ പെരുമാറുന്നത്. പാർട്ടി ഒറ്റക്കെട്ടായി അനൂപ് ജേക്കബിനൊപ്പമാണെന്നും ഇന്നു നടക്കുന്ന സംസ്ഥാന കമ്മിറ്റിയോടെ വ്യക്തമാകുമെന്നും എം.സി സെബാസ്റ്റ്യൻ അവകാശപ്പെട്ടു.


കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കേരള കോൺഗ്രസ് ജേക്കബിനെ പിളർപ്പിലേക്കെത്തിച്ചിരിക്കുന്നത്. ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തോട് ആദ്യം താല്പര്യം കാണിച്ച അനൂപ് ജേക്കബ് പിന്നീട് പിൻവാങ്ങിയതോടെയാണ് ജേക്കബ് വിഭാഗം നേതാക്കൾ തമ്മിലുള്ള ഭിന്നത ശക്തമായത്. ലയനനീക്കവുമായി മുന്നോട്ടു പോകാനാണ് ജോണിയുടെ തീരുമാനം. ഇരുവരും യോഗം വിളിച്ച് പരമാവധി പേരെ കൂടെ നിർത്താനാണ് ശ്രമിക്കുന്നത്. ലയനം പാർട്ടിയുടെ ഭൂരിപക്ഷ തീരുമാനമെന്നാണ് ജോണി നെല്ലൂരിന്റെ വാദം. ഇത് ശരിയല്ല.

 

Latest News