Sorry, you need to enable JavaScript to visit this website.

ഇറാനുമായി പിന്നാമ്പുറ ചർച്ചകളില്ല -അൽജുബൈർ

സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈറും നോർവീജിയൻ വിദേശ മന്ത്രി ഇനി എറിക്‌സണും റിയാദിൽ കൂടിക്കാഴ്ച നടത്തുന്നു.

റിയാദ് - ഇറാനുമായി സൗദി അറേബ്യ പിന്നാമ്പുറ ചാനലുകളിലൂടെ ചർച്ചകൾ നടത്തുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. റിയാദിൽ വിദേശ മന്ത്രാലയ ആസ്ഥാനത്ത് നോർവീജിയൻ വിദേശ മന്ത്രി ഇനി എറിക്‌സണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായി സൗദി അറേബ്യ ഒരു വിധ ചർച്ചകളും നടത്തുന്നില്ല. അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും ഇറാൻ ഭരണകൂടം മാനിക്കണം.  ഭീകരതക്കുള്ള പിന്തുണയും സാമ്പത്തിക സഹായവും ഇറാൻ നിർത്തിവെക്കണം. ഗൾഫ് രാജ്യങ്ങളുമായി നല്ല അയൽപക്ക ബന്ധത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിക്കുകയും വേണം. ലോക രാജ്യങ്ങളുമായി സാധാരണ ബന്ധം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്ന പക്ഷം പ്രവർത്തന ശൈലിയിൽ ഇറാൻ മാറ്റം വരുത്തണം. ഇറാനുമായുള്ള പ്രശ്‌നത്തിൽ സൗദി അറേബ്യയുടെ നിലപാട് വ്യക്തമാണ്.  ഇറാനുമായി ചർച്ചകൾ നടത്തുന്നതിന് പിന്നാമ്പുറ ചാനലുകളില്ല. 


മറ്റു രാജ്യങ്ങളുടെ പരമാധികാരം ഇറാൻ മാനിക്കണം. ഭീകരതക്ക് പിന്തുണ നൽകുന്നതും ഭീകരർക്ക് ബാലിസ്റ്റിക് മിസൈലുകൾ നൽകുന്നതും നിർത്തിവെക്കണം. ഇറാൻ സ്വന്തം രാഷ്ട്രീയ നയങ്ങളിൽ മാറ്റം വരുത്തണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നുമുള്ള സന്ദേശങ്ങൾ പരസ്യമായാണ് സൗദി അറേബ്യ നൽകുന്നത്. അല്ലാതെ പിന്നാമ്പുറ ചാനലുകളിലൂടെ അല്ല. 
നോർവീജിയൻ വിദേശ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ യെമൻ സംഘർഷം വിശകലനം ചെയ്തിട്ടുണ്ട്. യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് യു.എൻ നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കും. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളും യു.എന്നിന് പിന്തുണ നൽകണം. യെമന് ജീവകാരുണ്യ സഹായങ്ങൾ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. 
യെമന് ഏറ്റവുമധികം സഹായം നൽകുന്ന രാജ്യങ്ങളാണ് സൗദി അറേബ്യയും നോർവേയും. യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സ് നടത്തുന്ന ശ്രമങ്ങൾക്കും യെമനിൽ റിലീഫ് വസ്തുക്കൾ എത്തിക്കുന്നതിന് സുരക്ഷിത പാത തുറക്കുന്നതിനും പിന്തുണ നൽകണം. 

Latest News