Sorry, you need to enable JavaScript to visit this website.

സൗദിയില്‍ തൊഴിലിടങ്ങളിലെ റെയ്ഡില്‍ മാറ്റം വരുന്നു;പരിശോധനാ സമയത്തിലും മാറ്റം

റിയാദ് - നിശ്ചിത ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കിയ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിനുള്ള സമയക്രമത്തിലും സംവിധാനത്തിലും മാറ്റം വരുത്തിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി സത്താം ബിൻ ആമിർ അൽഹർബി അറിയിച്ചു. സൗദി ജീവനക്കാർ പുറത്തു പോകുന്ന സമയത്ത് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ ഭീമമായ തുക പിഴ ചുമത്തുന്നതായി പരാതികൾ ഉയർന്നിരുന്നു. 


ഈ പശ്ചാത്തലത്തിലാണ് തൊഴിൽ പരിശോധനാ സംവിധാനത്തിൽ മന്ത്രാലയം ഭേദഗതികൾ വരുത്തിയിരിക്കുന്നത്. സൗദിവൽക്കരണ വ്യവസ്ഥ ലംഘിച്ച് ജോലിക്കു വെക്കുന്ന ഓരോ വിദേശിക്കും 20,000 റിയാൽ തോതിൽ സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പിഴ ചുമത്തുന്നുണ്ട്. 


തൊഴിലുടമകളുമായും സൗദി ജീവനക്കാരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയത്. സൗദി ജീവനക്കാർക്കും തൊഴിലുടമകൾക്കും സുഖകരവും പ്രോത്സാഹജനകവുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തൊഴിൽ നിയമം ലംഘിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താൻ തൊഴിലുടമകളെ സഹായിക്കുന്ന പുതിയ തൊഴിൽ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. 


സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥാപനങ്ങൾ സൗദി ജീവനക്കാരെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്ഥാപനങ്ങൾ എത്രമാത്രം സൗദിവൽക്കരണം പാലിച്ചിട്ടുണ്ടെന്നുമാണ് പരിശോധിച്ച ഉറപ്പു വരുത്തുക. സൗദി ജീവനക്കാരൻ തൊഴിൽ സ്ഥലത്തുണ്ടെന്ന് ഉറപ്പു വരുത്താൻ പിന്നീട് പരിശോധന നടത്തുമെന്ന് തൊഴിലുടമയെ അറിയിക്കും.
സൗദി ജീവനക്കാരനെ ഗോസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായാൽ മന്ത്രാലയ ഉദ്യോഗസ്ഥൻ തൊഴിൽ കരാർ ആവശ്യപ്പെട്ട ശേഷം ജീവനക്കാരനെ ഗോസിയിൽ രജിസ്റ്റർ ചെയ്യും. 


സ്ഥാപനത്തിൽ വീണ്ടും പരിശോധന നടത്തുമെന്ന കാര്യം ഓർമിപ്പിക്കും. രണ്ടാമത്തെ പരിശോധനയിൽ സൗദി ജീവനക്കാരന്റെ സാന്നിധ്യമില്ലെങ്കിൽ നിയമ ലംഘനം രജിസ്റ്റർ ചെയ്ത് സ്ഥാപനത്തിന് പിഴ ചുമത്തും. 
ആദ്യ പരിശോധനയിൽ സൗദി ജീവനക്കാരെ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിൽ  സ്വദേശികളെ ജോലിക്കു വെച്ചതായി തെളിയിക്കുന്ന ഗോസി രേഖകൾ ലേബർ ഓഫീസിൽ സമർപ്പിക്കാൻ തൊഴിലുടമകളോട് ആവശ്യപ്പെടും. 
രണ്ടാം തവണ നടത്തുന്ന പരിശോധനക്കിടെയാണ് ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതെങ്കിൽ സ്ഥാപനത്തിനെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. സമ്പൂർണ സൗദിവൽക്കരണവും വനിതാവൽക്കരണവും നിർബന്ധമാക്കിയ സ്ഥാപനങ്ങൾക്ക് തൊഴിൽ പരിശോധനാ സംവിധാനത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ ബാധകമല്ല. 


ഇത്തരം സ്ഥാപനങ്ങൾക്ക് ഒരുവിധ ഇളവുകളും ലഭിക്കില്ല. പുതിയ ഭേദഗതികൾ പ്രകാരം വെള്ളിയാഴ്ചകളിലും പെരുന്നാൾ ദിവസങ്ങളിലും തൊഴിൽ പരിശോധനകളുണ്ടാകില്ല. കൂടാതെ രാത്രി പത്തു മുതൽ രാവിലെ എട്ടു വരെയുള്ള സമയത്തും ഉച്ചക്ക് 12.30 മുതൽ വൈകിട്ട് നാലു വരെയുള്ള സമയത്തും തൊഴിൽ പരിശോധനകളുണ്ടാകില്ല. 
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ നിയമങ്ങളും വ്യവസ്ഥകളും എത്രമാത്രം പാലിച്ചിട്ടുണ്ടെന്ന് സ്വയം ഉറപ്പു വരുത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ ഓൺലൈൻ വഴി സഹായിക്കുന്ന സ്വയം വിലയിരുത്തൽ പദ്ധതി പൂർത്തിയാക്കിയ സ്ഥാപനങ്ങളിലും പരിശോധനകൾ നടത്തില്ല. സൗദിവൽക്കരണം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താൻ ഓരോ മാസവും 60,000 ഓളം സ്ഥാപനങ്ങളിലാണ് മന്ത്രാലയം പരിശോധന നടത്തുന്നത്. റെയ്ഡുകളിൽ ആറായിരത്തോളം നിയമ ലംഘനങ്ങൾ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നുമുണ്ടെന്ന് സത്താം ബിൻ ആമിർ അൽഹർബി പറഞ്ഞു. 

 

Latest News