പൗരത്വപ്രതിഷേധ റാലിയില്‍ പാകിസ്താന്‍ സിന്ദാബാദ് വിളിച്ച് യുവതി; മൈക്ക് പിടിച്ചുവാങ്ങി ഇന്ത്യക്കൊപ്പമെന്ന് ഉവൈസി

ബംഗളുരു- എഐഎംഐഎം പൗരത്വഭേദഗതിക്ക് എതിരെ നടത്തിയ പരിപാടിയില്‍ യുവതി പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു. സിറ്റിയില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ധീന്‍ ഉവൈസി സ്‌റ്റേജില്‍ എത്തിയപ്പോഴാണ് യുവതി മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ അദേഹം ഉടന്‍ യുവതിയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി 'നമ്മള്‍ ഇന്ത്യക്കൊപ്പം' ആണെന്ന് പ്രഖ്യാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബലം പ്രയോഗിച്ചാണ് യുവതിയെ പോലിസ് സ്‌റ്റേജില്‍ നിന്ന് നീക്കിയത്.

തനിക്കോ തന്റെ പാര്‍ട്ടിക്കോ ഈ യുവതിയുമായി ഒരു ബന്ധവുമില്ലെന്നും സംഘാടകര്‍ അവരെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ പാടില്ലായിരുന്നുവെന്നും അദേഹം പറഞ്ഞു. നമ്മള്‍ ഇന്ത്യക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. ഒരു ഘട്ടത്തിലും ശത്രുരാജ്യമായ പാകിസ്താനെ അനുകൂലിക്കില്ല.അതിനായാണ് നമ്മള്‍ പരിശ്രമിക്കുന്നതെന്നും ഉവൈസി പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം പൗരത്വഭേദഗതി പ്രതിഷേധം അലങ്കോലമാക്കാന്‍ എതിര്‍വിഭാഗമാണ് യുവതിയെ ഇറക്കിയതെന്നും സംസാരിക്കേണ്ടവരുടെ പട്ടികയില്‍ അവരുടെ പേരില്ലായിരുന്നുവെന്നും ജെഡിഎസ് നേതാവ് ഇമ്രാന്‍പാഷ പറഞ്ഞു.

Latest News