Sorry, you need to enable JavaScript to visit this website.

വാറണ്ട് വേണ്ട; സർക്കാർ ചോദിച്ചാൽ വിവരങ്ങൾ നൽകണം 

സോഷ്യൽ മീഡിയയിൽ ഇനി സ്വകാര്യതയില്ല

സമൂഹ മാധ്യമങ്ങളിൽ ഉപയോക്താവിന്റെ രഹസ്യ സ്വഭാവവും സ്വകാര്യതയും പൂർണമായും എടുത്തുകളയാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായുളള പുതിയ ബിൽ ഉടൻ തന്നെ പാസാക്കും. വ്യാജ വാർത്തകളും അനാവശ്യ മെസേജുകളും കുറക്കുന്നതിനായി വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ വെരിഫിക്കേഷൻ നിർബന്ധമാക്കുന്നതിന് കേന്ദ്ര സർക്കാർ സമ്മർദം ചെലുത്തിവരികയായിരുന്നു. ഔപചാരികമായ വാറണ്ട് ഇല്ലാതെ തന്നെ ഏതു കമ്പനിയേയും ഉപയോക്താവിനെ കുറിച്ചുളള വിവരങ്ങൾ നിർബന്ധിക്കുന്നതാണ് പുതിയ ബിൽ. 
ബിൽ പാസാകുന്നതോടെ ഫെയസ്ബുക്ക് യുട്യൂബ്, ട്വിറ്റർ, ടിക്ടോക്, വാട്സ് ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ മുഖംമൂടി അണിയാനോ സ്വന്തം വ്യക്തിത്വം മറച്ചുവെക്കാനോ കഴിയില്ല. സംശയമുള്ള പ്രൊഫൈലുകൾക്കു പിന്നിലാരാണെന്ന് സർക്കാർ അന്വഷിക്കുമ്പോൾ  സോഷ്യൽ മീഡിയാ കമ്പനികൾ ഉപയോക്താവിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്തേണ്ടി വരും. 
ലോകത്ത് പല രാഷ്ട്രങ്ങളും തേടുന്ന വഴി തന്നെയാണ് ഇന്ത്യയും സ്വീകരിക്കുന്നത്. ഈ നീക്കം ഇന്ത്യയിൽ മാത്രം പരിമിതമല്ല. ഇതിലൂടെ സമൂഹ മാധ്യമങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുക എന്ന ലക്ഷ്യമാണ് വിവിധ സർക്കാറുകൾ ചൂണ്ടിക്കാണിക്കുന്നത്. 
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ആർക്കും എന്തും പോസ്റ്റ് ചെയ്യാം. പോസ്റ്റ് ചെയ്യുന്നവർക്കോ സമൂഹ മാധ്യമങ്ങൾക്കോ അതിൽ യാതൊരു ഉത്തരവാദിത്തവുമില്ല. ആൾക്കൂട്ടം തല്ലിക്കൊന്നാലോ കലാപം പൊട്ടിപ്പുറപ്പെട്ടാലോ വ്യക്തിഹത്യ നടന്നലോ നിലവിൽ സമൂഹ മാധ്യമങ്ങൾ അതു കാര്യമാക്കുന്നില്ല.  ഈ സ്ഥിതിക്കാണ് മാറ്റം വരുത്താൻ പല രാജ്യങ്ങളും ആഗ്രഹിക്കുന്നത്.  സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തയായാലും കുട്ടികളുടെ അശ്ലീലമായാലും വിദ്വേഷ പ്രചാരണമാണെങ്കിലും വംശീയ അധിക്ഷേപമാണെങ്കിലും ഭീകരവാദ സന്ദേശമാണെങ്കിലും സമൂഹ മാധ്യമങ്ങൾ ഒന്നുമറിയേണ്ടെന്ന നിലയാണുള്ളത്. ഇതു പരിഹരിക്കുന്നതിന് മറ്റു രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടുകളേക്കാൾ ഒരു പടി മുന്നിലുള്ള തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊള്ളുന്നത്. ഒരു പ്രൊഫൈലിനു പിന്നിലുള്ള ആളെക്കുറിച്ചു ചോദിച്ചാൽ അതു  100 ശതമാനം അംഗീകരിച്ചുകൊണ്ട് വിവരങ്ങൾ കൈമാറുകയായിരിക്കും കമ്പനികൾക്ക് മുന്നിലുള്ള വഴി. ഇതിന് കോടിതിയുടെ ഉത്തരവോ വാറണ്ടോ ആവശ്യമില്ലെന്ന വ്യവസ്ഥയാണ് ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.  ഈ നിയമത്തിന്റെ മാർഗനിർദേശ രേഖകൾ 2018 ഡിസംബറിൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ദി ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഫെയ്സ്ബുക്കിനെ പ്രതിനിധീകരിക്കുന്നവർ, ആമസോൺ, ഗൂഗിളിന്റെ പ്രതിനിധികൾ തുടങ്ങിയവരെല്ലാം ഇതിനെക്കുറിച്ചു പ്രതികരിച്ചിരുന്നു.  സുപ്രീം കോടതി സ്വകാര്യതയെ മൗലികാവകാശമായി പ്രഖ്യാപിച്ചതിന്റെ ലംഘനമായിരിക്കും ഈ നിയമത്തിലെ വ്യവസ്ഥകളെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കലും വ്യാജ വാർത്തകൾ പരക്കുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. 

ഫെയ്സ്ബുക്ക്, വാട്സ്ആപ് തുടങ്ങിയവക്കുള്ള മാർഗനിർദേശങ്ങളാണ് തയാറാക്കുന്നത്.  ഇവ പ്രസിദ്ധീകരിക്കുന്നതു വരെ ചർച്ചകൾ അനുവദിക്കുന്നുമില്ല. നേരത്തേ പ്രസിദ്ധീകരിച്ചിരുന്ന കരടു രേഖകൾ പ്രകാരം ഫെയ്സ്ബുക്കിന്റെ കീഴിലുള്ള വാട്സ് ആപ് ഗൂഗിളിന്റെ കീഴിലുള്ള യുട്യൂബ്, ബൈറ്റ്ഡാൻസിന്റെ അധീനതയിലുള്ള ടിക്ടോക് തുടങ്ങിയ സേവന ദാതാക്കളോട് ഒരു ഉപയോക്താവിനെക്കുറിച്ചു ഉദ്യോഗസ്ഥർ ചോദിച്ചാൽ 72 മണിക്കൂറിനുള്ളിൽ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കണം എന്നാണ് കാണിച്ചിരുന്നത്. ഇത്തരം പ്ലാറ്റ്ഫോമുകളിൽ ആരെങ്കിലും എന്തെങ്കിലും പ്രസിദ്ധീകരിച്ച ശേഷം ഡിലീറ്റ് ചെയ്താലും സർക്കാറിന് അതറിയാനായി ആ ഉള്ളടക്കം 180 ദിവസത്തേക്ക് സൂക്ഷിക്കണമെന്നും നിബന്ധനയുണ്ട്. അനാവശ്യ സന്ദേശം അയച്ച ശേഷം അതു ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാമെന്ന് കരുതിയാൽ നടക്കില്ല. ഇങ്ങനെയുള്ള പോസ്റ്റുകൾ  180 ദിവസത്തേക്ക് സെർവറിൽനിന്ന് നീക്കില്ല. നിലവിൽ സർക്കാർ വകുപ്പുകൾ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിച്ചാൽ  സമൂഹ മാധ്യമങ്ങളും ടെക്നോളജി കമ്പനികളും വിവരങ്ങൾ നൽകാത്ത സ്ഥിതിയാണുള്ളത്. ആൾക്കൂട്ട ആക്രമണങ്ങൾ വർധിച്ചപ്പോൾ അതിനു കാരണമാകുന്ന വ്യാജ വാർത്തകളുടെ സ്രോതസ്സുകൾ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വാട്‌സ്ആപ് സഹകരിച്ചിരുന്നില്ല. ഉപയോക്താക്കളുടെ സ്വകാര്യതയാണ് കമ്പനിക്ക് പ്രധാനമെന്നായിരുന്നു മറുപടി. തങ്ങളുടെ ആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഭേദിക്കാനാവില്ലെന്നായിരുന്നു കമ്പനിയുടെ പ്രധാന വാദം. നിലവിൽ 200 കോടിയിലേറെ ഉപയോക്താക്കളുള്ള വാട്സ്ആപ്പിന്റെ നിലപാട് ഇപ്പോഴും മാറിയിട്ടില്ല. തങ്ങളുടെ ഉപയോക്താക്കളെക്കുറിച്ചുള്ള ഒരു വിവരവും നൽകില്ല എന്ന നിലപാടിലാണ് അവർ.  കേന്ദ്ര സർക്കാറിന്റെ നീക്കം സെൻസർഷിപ്പിന്റെ മറ്റൊരു രൂപമാണെന്നും ഇത് സോഷ്യൽ മീഡിയാ കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്. വിവിധ കമ്പനികൾ തങ്ങളുടെ പ്രതിഷേധവും എതിർപ്പും ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച സന്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എൻക്രിപ്ഷൻ ഒഴിവാക്കണമെന്നും സോഷ്യൽ മീഡിയയിൽ ഒരു ഉപയോക്താവ് ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിക്കേണ്ടിവരുമെന്നുമാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ആവശ്യപ്പെടുന്നത്. ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ മൗലികാവകാശമായ സ്വകാര്യതക്കാണ് സർക്കാർ കത്തിവെക്കാൻ ഒരുങ്ങുന്നത്. അതേസമയം, സമൂഹ മാധ്യമങ്ങൾക്ക് പുറത്തെ ഇന്റർനെറ്റ് ബ്രൗസിംഗിനും മറ്റും പുതിയ നിയമം ബാധകമാകില്ലെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്.  ബ്രൗസറുകൾ, ഓപറേറ്റിങ് സിസ്റ്റങ്ങൾ, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് പ്ലാറ്റ്ഫോമുകൾ തുടങ്ങയിവയെ പുതിയ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന.
 

Latest News