നിര്‍ഭയാ കേസ് പ്രതി വിനയ് ശര്‍മയ്ക്ക് മാനസിക രോഗം ; ചികിത്സ വേണമെന്ന് അഭിഭാഷകന്റെ ഹരജി

ന്യൂദല്‍ഹി- നിര്‍ഭയാ കേസിലെ പ്രതി വിനയ് ശര്‍മ സ്വയം തലക്ക് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ തിഹാര്‍ ജയില്‍ അധികൃതരോട് വിശദീകരണം തേടി ദല്‍ഹി പ്രത്യേക കോടതി.  പ്രതിക്ക് തലക്കും കൈയ്ക്കും സാരമായി പരുക്കേറ്റിട്ടുണ്ടെന്നും സ്വന്തം മാതാവിനെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം സ്‌കിസോഫ്രീനിയ ബാധിച്ചിട്ടുണ്ടെന്നും വിനയ് ശര്‍മയുടെ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. പ്രതിക്ക് മാനസിക രോഗത്തിനും ശരീരത്തില്‍ സാരമായി ഏറ്റ പരുക്കുകള്‍ക്കും ചികിത്സ വേണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.

ഇതേതുടര്‍ന്നാണ് കോടതി തിഹാര്‍ ജയില്‍ അധികൃതരോട് വിശദീകരണം തേടിയത്. ഫെബ്രുവരി 16നായിരുന്നു സെല്ലിനകത്തെ ചുവരില്‍ സ്വയം തല ഇടിച്ച് പ്രതി പരുക്കേല്‍പ്പിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കേസ് ഈ മാസം 22ലേക്ക് മാറ്റി. പ്രതിയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്റ് സയന്‍സിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. മാര്‍ച്ച് മൂന്നിനാണ് നിര്‍ഭയാ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുക.
 

Latest News