പാന്‍കാര്‍ഡും ആധാരങ്ങളുമടക്കം 15 രേഖകള്‍ നല്‍കിയിട്ടും പൗരത്വമില്ല; കാരണം മകളാണെന്ന് തെളിഞ്ഞില്ല

ജബേദ ബീഗവും മകളും.

ഗുവാഹത്തി- പാന്‍ കാര്‍ഡും സ്ഥലത്തിന്റെ ആധാരങ്ങളുമടക്കം 15 രേഖകള്‍ സമര്‍പ്പിച്ചിട്ടും അസമില്‍ 50 കാരിയായ സ്ത്രീക്ക് പൗരത്വം തെളിയിക്കാനായില്ല. പാന്‍ കാര്‍ഡും മാതാപിതാക്കളുടെ പേരുകളുള്ള വോട്ടര്‍ ലിസ്റ്റുകളും ഉള്‍പ്പെടെ 15 രേഖകളുടെ അടിസ്ഥാനത്തില്‍ പൗരത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജബേദ ബീഗം സമര്‍പ്പിച്ച ഹരജി ഗുവാഹത്തി ഹൈക്കോടതി തള്ളി.

ജസ്റ്റിസ് മനോജിത് ഭൂയാന്‍, ജസ്റ്റിസ് പാര്‍ത്ഥിവ് ജ്യോതി സൈകിയ എന്നിവരടങ്ങിയ ബെഞ്ചാണ് ജബേദ  ബീഗത്തിന്റെ ഹരജി  തള്ളിയത്. മാതാപിതാക്കളുമായും സഹോദരനുമായുള്ള ബന്ധം തെളിയിക്കുന്നതില്‍ ഹരജിക്കാരി പരാജയപ്പെട്ടുവെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

വിദേശികളെ തീരുമാനിക്കുന്ന ട്രൈബ്യൂണലിന് സമര്‍പ്പിച്ച 15 രേഖകളില്‍ പാന്‍ കാര്‍ഡും റേഷന്‍ കാര്‍ഡും രണ്ട് ബാങ്ക് പാസ്ബുക്കുകളും പിതാവ് ജാബീദ് അലിയുടെ എന്‍.ആര്‍.സി വിശദാംശങ്ങളും  മുത്തശ്ശിമാരുടെയും മാതാപിതാക്കളുടെയും ഭര്‍ത്താവിന്റേയും പേരുകള്‍ ഉള്‍പ്പെടുന്ന വോട്ടര്‍ പട്ടികയും ഉണ്ടായിരുന്നു. ഇതോടൊപ്പം ഭൂമിക്ക് നികുതിയടച്ച നിരവധി രസീതുകളും സമര്‍പ്പിച്ചു.

പൗരത്വം തെളിയിക്കാനും അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍ആര്‍സി) ഉള്‍പ്പെടുത്താനും  1971 മാര്‍ച്ചിന് മുമ്പ് ഇഷ്യൂ ചെയ്ത 14 രേഖകളില്‍ ഏതെങ്കിലും ഒന്നാണ് സമര്‍പ്പിക്കേണ്ടത്. ജബേദ ബീഗം നല്‍കിയ രേഖകളില്‍ തന്റെ പിതാവിന്റെ പേരില്‍  1966 നു മുമ്പ് ലഭിച്ച രേഖകളും ഉള്‍പ്പെടുന്നുണ്ട്.  പിതാവുമായുള്ള ബന്ധം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2018 ല്‍  വിദേശ ട്രൈബ്യൂണല്‍ ഇവരെ വിദേശിയാണെന്ന് പ്രഖ്യാപിച്ചത്. ട്രൈബ്യൂണലിന്റെ വിധി ഇപ്പള്‍ കോടതിയും ശരിവെച്ചു.

ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍  മാതാപിതാക്കളുടെ പേരും ജനനസ്ഥലവും ഉള്‍പ്പെടുത്തി ഗ്രാമത്തലവന്‍ നല്‍കിയ രേഖ  ട്രൈബ്യൂണലും ഹൈക്കോടതിയും അംഗീകരിച്ചില്ല.

തന്റെ പക്കലുള്ള പണമെല്ലാം ചെലവഴിച്ചുവെന്നും നിയമപോരാട്ടം തുടരാന്‍ ഇനി കൈയില്‍ ഒന്നുമില്ലെന്നും നിരാശയായ ജബേദ ബീഗം പറഞ്ഞു. കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കിയിരുന്ന ഭര്‍ത്താവ് റെജക് അലി വളരെക്കാലമായി രോഗിയാണ്. ഇപ്പോള്‍ ജേബദ ജോലി ചെയ്താണ് കുടുംബത്തെ പോറ്റുന്നത്. ദമ്പതികളുടെ  മൂന്ന് പെണ്‍മക്കളില്‍  ഒരാള്‍ അപകടത്തില്‍ മരിച്ചു, മറ്റൊരാളെ കാണാതായി. ഇളയവളായ അസ്മിന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
മകളെ കുറിച്ചാണ് കുടുംബത്തിന്റെ ഏറ്റവും വലിയ ആശങ്ക. ജബേദ ബീഗം  പൗരത്വം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും അവിടെ നിന്ന് നാടുകടത്തല്‍ നടപടി ആരംഭിക്കുകയും ചെയ്യും.

അസമിലെ വിദേശികളെ തിരിച്ചറിയുന്നതിനായി സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അഞ്ചുവര്‍ഷം നീണ്ട പ്രക്രിയക്കുശേഷം 2019 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍  19 ലക്ഷം അപേക്ഷകരാണ് പുറത്തായത്.

 

 

Latest News