Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജി.എസ്.ടി ഏറ്റവും വലിയ ബുദ്ധിശൂന്യതയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഹൈദരാബാദ്- ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ബുദ്ധിശൂന്യതയാണ് ജി.എസ്.ടിയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഹൈദരാബാദില്‍ പ്രജ്ഞാ ഭാരതി  സംഘടിപ്പിച്ച ഇന്ത്യ ആന്‍ എക്കണോമിക് സൂപ്പര്‍ പവര്‍ ബൈ 2030 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
2030ഓടെ സാമ്പത്തിക സൂപ്പര്‍ പവര്‍ ആകണമെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ച പ്രതിവര്‍ഷം 10 ശതമാനമായിരിക്കണമെന്ന് അദ്ദേഹം  പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം ചൊരിഞ്ഞ സുബ്രഹ്മണ്യന്‍ സ്വാമി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതിന് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ടു.  അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ മന്‍മോഹന്‍ സിംഗ് ധനമന്ത്രി ആയിരുന്നതാണ് പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കാന്‍ സഹായകമായത്. ഇതിന് ശേഷം ഇന്ത്യ പടിപടിയായി എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചു. എന്നാല്‍ നരസിംഹ റാവു കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍  മുന്നോട്ടുകൊണ്ടുപോയില്ല.  ഇന്ത്യ എട്ട് ശതമാനത്തോളം വളര്‍ച്ച കൈവരിച്ച സമയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നരസിംഹ റാവുവിന്റെ പരിഷ്‌കരണങ്ങള്‍ക്ക് ശേഷം  പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
10 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ 3.7 ശതമാനം കൂടി വളരേണ്ടതുണ്ട്. അത് നേടിയെടുക്കണമെങ്കില്‍ അഴിമതി നിയന്ത്രിക്കുകയും നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുകയും വേണം. നിക്ഷേപകരെ ആദായനികുതി, ജി.എസ്.ടി എന്നിവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തരുത്. ജി.എസ്.ടി വളരെ സങ്കീര്‍ണമാണ്. ഏത് ഫോറമാണ് വേണ്ടതെന്നും എവിടെയാണ് പൂരിപ്പിക്കേണ്ടതെന്നും ആര്‍ക്കുമറിയില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു
അടുത്ത 10 വര്‍ഷത്തേക്ക് 10 ശതമാനം വളര്‍ച്ച നിലനിര്‍ത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് സൂപ്പര്‍ പവര്‍ ആകാന്‍ സാധിക്കൂ. ഇത് തുടരുകയാണെങ്കില്‍ 50 വര്‍ഷം കൊണ്ട് ചൈനയേയും അമേരിക്കയേയും മറികടക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ കൈയില്‍ ചെലവഴിക്കാന്‍ പണമില്ലാത്തതാണ് വിപണിയെ ബാധിച്ചിരിക്കുന്നത്. ഇതാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടാനും അഴിമതി ഇല്ലാതാക്കാനും ആദായനികുതി ഇല്ലാതാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News