Sorry, you need to enable JavaScript to visit this website.

പൗരത്വ പ്രക്ഷോഭം: മരിക്കാന്‍ വരുന്നവര്‍ എങ്ങനെ ബാക്കിയാകുമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗവില്‍ നടന്ന പ്രതിരോധ പ്രദര്‍ശനത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും.

ലഖ്‌നൗ- പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചിലര്‍ മരിക്കണമെന്ന ഉദ്ദേശ്യത്തോടെ വരികയാണെങ്കില്‍ എങ്ങനെയാണ് അവര്‍ ജീവനോടെയുണ്ടാവുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രക്ഷോഭവുമായി
ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് നിയമസഭയില്‍ വിശദീകരണം നല്‍കുകയായിരുന്നു യോഗി ആദിത്യനാഥ്.
പോലീസിന്റെ വെടിയേറ്റ് ആരും മരിച്ചിട്ടില്ലെന്നും എന്നാല്‍ കലാപമുണ്ടായാല്‍ അവരുടെ ഭാഷയില്‍തന്നെ തിരിച്ചടിക്കുമെന്നും മുഖ്യമന്ത്രി  പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചപ്പോള്‍ 20 പേരാണ് ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത്.
പോലീസിന്റെ ബുള്ളറ്റുകള്‍ കൊണ്ട് ആരും മരിച്ചിട്ടില്ല. കലാപകാരികളുടെ ബുള്ളറ്റുകള്‍ കൊണ്ടാണ് അവരെല്ലാം മരിച്ചത്. വെടിവെക്കണമെന്ന നിശ്ചയത്തോടെ ചിലര്‍ തെരുവിലിറങ്ങിയാല്‍ അവരോ അല്ലെങ്കില്‍ പോലീസുകാരോ മരിക്കും- അദ്ദേഹം വിശദീകരിച്ചു.
ആസാദി മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. എന്ത് ആസാദിയാണ് വേണ്ടത്? ജിന്നയുടെ സ്വപ്നം നടപ്പാക്കാന്‍ വേണ്ടിയാണോ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്? അതോ ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണോ? ഡിസംബറിലെ കലാപത്തിന് ശേഷം ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച പോലീസിനെ പ്രകീര്‍ത്തിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരിക്കലും സമരക്കാര്‍ക്ക് എതിരല്ലെന്നും എന്നാല്‍ കലാപം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യരീതിയിലുള്ള എല്ലാ പ്രതിഷേധങ്ങളെയും ഞങ്ങള്‍ പിന്തുണയ്ക്കുമെന്ന് ഞാന്‍ പലപ്പോഴം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരെങ്കിലും അതിന്റെ മറവില്‍ അന്തരീക്ഷം വഷളാക്കി കലാപമുണ്ടാക്കിയാല്‍ അവര്‍ക്ക് അവരുടെ ഭാഷയില്‍തന്നെ  മറുപടി നല്‍കും -മുഖ്യമന്ത്രി  പറഞ്ഞു.

 

 

Latest News