Sorry, you need to enable JavaScript to visit this website.

ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്  പുഛിച്ചു തള്ളുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽനിന്നും ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ കെത്തിയ വെടിയുയുടെ വ്യാജ കെയ്‌സുകളും എംബ്ലവും.

തിരുവനന്തപുരം- സി.എ.ജി റിപ്പോർട്ടിനെപ്പറ്റിയുള്ള ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് പുഛിച്ചു തള്ളുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ്.ഐ മാർക്കും എ.എസ്.ഐമാർക്കും ക്വാർേട്ടഴ്‌സ് പണിയാൻ നീക്കിവെച്ച പണം വകമാറ്റി ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കും വേണ്ടി  പണിത ലക്ഷുറി  വില്ലകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.ജി.പിക്ക് ഫണ്ട് വക മാറ്റി ലക്ഷുറി വില്ലകൾ പണിതത്    ഗുരുതരമായ ക്രമക്കേടാണ്.   പോലീസ് മോഡണൈസേഷന്റെ ഫണ്ട് വക മാറ്റി ചെലവഴിച്ച  ഡി.ജി.പിയുടെ  നടപടിയെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല.  
കള്ളനെ കാവലേൽപിക്കുന്നത് പോലെയാണ് സർക്കാറിന് വെള്ളപൂശിക്കൊണ്ടുള്ള അഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്.  പിണറായി വിജയൻ ആവശ്യപ്പെട്ടതു പോലെ എഴുതിക്കൊടുത്ത റിപ്പോർട്ടാണിത്. ഇതിനെ യു.ഡി.എഫും പ്രതിപക്ഷവും തള്ളിക്കളയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ ആഭ്യന്തര  സെക്രട്ടറി അറിഞ്ഞാണ്  പോലീസിലെ എല്ലാ പർച്ചേസുകളും നടക്കുന്നത്. അതെല്ലാം  ഒപ്പിട്ട്  ക്ലിയർ ചെയ്ത് കൊടുക്കുന്നയാളാണ് ആഭ്യന്തര സെക്രട്ടറി.  അപ്പോൾ ആ പർച്ചേസുകളിൽ ക്രമക്കേടുള്ളതു സെക്രട്ടറി കണ്ടെത്തുമോ?  സർക്കാറിന്റെ മുഖം  രക്ഷിക്കാൻ  ആഭ്യന്തര സെക്രട്ടറി കള്ളക്കളി  നടത്തുകയാണ്. ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയും ചെയ്യുന്നത് സർക്കാറിന്റെ മുഖം രക്ഷിക്കാനുള്ള  തട്ടിപ്പു വിദ്യകളാണ്. സി.എ.ജിയുടെ പരിശോധിച്ച്  തോക്ക് കാണാതെ പോയെന്ന് കണ്ടെത്തിയപ്പോൾ  തോക്ക്  എങ്ങും പോയിട്ടില്ലന്നാണ് തച്ചങ്കരിയുടെ കണ്ടെത്തൽ. അപ്പോൾ തോക്ക് എവിടെയായിരുന്നു. ഇപ്പോൾ ആരാണ് കൊണ്ടുവെച്ചതെന്നും അദ്ദേഹം ചോദിച്ചു.
ഡി.ജി.പിയുടെ അഴിമതികൾക്കെല്ലാം  മുഖ്യമന്ത്രിയാണ്  കുടപിടിക്കുന്നത്. അദ്ദേഹം അറിയാതെ ഈ ക്രമക്കേടുകളെല്ലാം നടത്താൻ ഡി.ജി.പിക്ക് ധൈര്യം വരില്ല. മുഖ്യമന്ത്രിയെ കൂടി അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം. എന്ത്  തീവെട്ടിക്കൊള്ള നടത്തിയാലും ചോദിക്കാൻ ആരുമില്ലെന്ന  ധൈര്യമാണ് ഡി.ജി.പി അടക്കമുള്ളവർക്ക് ലഭിച്ചത് മുഖ്യമന്ത്രിയുടെ പിന്തുണ കാരണമാണ്.    
അതുകൊണ്ടാണ്  മുഖ്യമന്ത്രിയെ കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവന്നു കൊണ്ടുള്ള  സി.ബി.ഐ അന്വേഷണം വേണമെന്നു  പ്രതിപക്ഷം ശക്തമായി   ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പോലീസിൽ   വിവിധ പർച്ചേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന  വൻ അഴിമതിയുടെ വിശദ വിവരങ്ങൾ സിആന്റ്എജി   പുറത്ത് കൊണ്ടുവന്നു.   ഇത് നിയമസഭയിൽ പി.ടി തോമസ് ഉന്നയിച്ചപ്പോൾ  സിആന്റ്എജി റിപ്പോർട്ട് ചോർത്തിയെന്നാണ് സ്പീക്കർ പറയുന്നത്. സിആന്റ്എജി റിപ്പോർട്ട്  രഹസ്യ രേഖയൊന്നുമല്ല. കഴിഞ്ഞ എട്ടു മാസമായി   സി ആന്റ് എജി  റിപ്പോർട്ട്  തയാറാക്കുന്നതുമായി ബന്ധപ്പെട്ട്  വിവിധ ഡിപ്പാർട്ട്‌മെന്റുകളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.  ആഭ്യന്തര സെക്രട്ടറിയും കൂടി ഇരുന്നാണ് ചർച്ച നടത്തിയത്.  അതുകൊണ്ട്  ഈ റിപ്പോർട്ട് രഹസ്യ രേഖയാണെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഏഴെട്ടു മാസമായി സർക്കാറിനോട് സി.എ.ജി ഇതിന്റെ വിവരങ്ങൾ ചോദിക്കുന്നുണ്ട്. ഇനി പി.ടി തോമസ്  രേഖ ചോർത്തിയിട്ടുണ്ടെന്നാണെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ  സർക്കാറിന് ധൈര്യമുണ്ടോ എന്നും രമേശ് ചെന്നിത്തല  ചോദിച്ചു. അഴിമതി നടത്തിയവരെയല്ല, അത്  പുറത്ത് കൊണ്ടുവന്നവരെയാണ് സർക്കാർ  വേട്ടയാടുന്നതെന്നും  പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.മുമ്പ് പാമോയിൽ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ട്   നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്നതിന്റെ തലേദിവസം അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ അക്കാര്യത്തിൽ  അടിയന്തര പ്രമേയം കൊണ്ടുവരികയും പത്രസമ്മേളനം നടത്തുകയും ചെയ്തിട്ടുണ്ട്.  സർക്കാർ ഈ ക്രമക്കേടുകൾക്കെതിരെ സി.ബി.ഐ അന്വേഷണം  പ്രഖ്യാപിക്കുന്നത് വരെ പ്രതിപക്ഷവും യു.ഡി.എഫും പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും  പ്രതിപക്ഷ നേതാവ്   പറഞ്ഞു.
 

Latest News