Sorry, you need to enable JavaScript to visit this website.

20 വർഷം മുമ്പ് തട്ടിക്കൊണ്ടുപോയ മകനെ സൗദി പൗരന് തിരിച്ചുകിട്ടി

പുനഃസമാഗമം.... സൗദി പൗരൻ അലി അൽഖുനൈസി 20 വർഷത്തിനുശേഷം ആദ്യമായി കണ്ടുമുട്ടിയ മകൻ മൂസക്കൊപ്പം

ദമാം- 20 വർഷത്തിനു മുൻപ് ദമാം മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആശുപത്രിയിൽനിന്ന് നവജാത ശിശുവായിരിക്കെ തട്ടിക്കൊണ്ടുപോകലിന് ഇരയായ പൊന്നുമകനെ സൗദി പൗരൻ അലി അൽഖുനൈസിക്കും ഭാര്യക്കും തിരിച്ചുകിട്ടി. യുവാവ് മൂസ അൽഖുനൈസിയുടെയും മാതാപിതാക്കളുടെയും ഡി.എൻ.എ പരിശോധനകളിൽ യുവാവിന്റെ മാതാപിതാക്കൾ മൂസ അൽഖുനൈസിയും ഭാര്യയുമാണെന്ന് 100 ശതമാനവും തെളിഞ്ഞതിനെ തുടർന്നാണ് ഇന്നലെ ആദ്യമായി ഇവരുടെ പുനഃസമാഗമം നടന്നത്. മൂസ അൽഖുനൈസിയുടെയും മാതാവിന്റെയും ഡി.എൻ.എ പരിശോധനാ ഫലങ്ങൾ ദിവസങ്ങൾക്കു മുമ്പു തന്നെ ലഭിച്ചിരുന്നു. വിദേശത്തായിരുന്ന അലി അൽഖുനൈസി ഇവിടെ എത്തുന്നത് കാത്തിരുന്നതിനാലാണ് പിതാവിന്റെ ഡി.എ.എ പരിശോധന നടത്താൻ വൈകിയത്. മൂസ അൽഖുനൈസിയുടെ പിതാവ് അലി അൽഖുനൈസിയാണെന്ന് ഇദ്ദേഹത്തിന്റെ ഡി.എൻ.എ പരിശോധനയിലും തെളിഞ്ഞു. 


എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ മകനെ 20 വർഷത്തിനു ശേഷം തിരിച്ചുകിട്ടിയതിലുള്ള ആഹ്ലാദം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് അലി അൽഖുനൈസി പറഞ്ഞു. സ്വന്തം കുടുംബത്തിൽ തിരിച്ചെത്തിയതിൽ ആഹ്ലാദവും സമാധാനവുമുണ്ടെന്ന് മൂസ അൽഖുനൈസിയും പറഞ്ഞു. ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിൽനിന്നുള്ള ഡി.എൻ.എ പരിശോധനാ ഫലം തിങ്കളാഴ്ച അലി അൽഖുനൈസിക്ക് ലഭിച്ചിരുന്നു. ഇന്നലെ പബ്ലിക് പ്രോസിക്യൂഷനിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് അലി അൽഖുനൈസി മകനെ സ്വീകരിച്ചത്. 


പ്രസവിച്ച് അധികം കഴിയുന്നതിനു മുമ്പ് ദമാം മെറ്റേണിറ്റി ആശുപത്രിയിൽനിന്ന് മൂസ അൽഖുനൈസിയെ അജ്ഞാത വനിത തട്ടിക്കൊണ്ടുപോവുകയായിരുന്നു. മറ്റൊരു കുഞ്ഞിനെയും ഇവർ സമാന രീതിയിൽ തട്ടിക്കൊണ്ടുപോയിരുന്നു. മുതിർന്ന  രണ്ടു കുട്ടികൾക്കും സൗദി തിരിച്ചറിയൽ രേഖകളുണ്ടാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ച് പ്രതി നൽകിയ വിവരങ്ങളിൽ ഉദ്യോഗസ്ഥർക്ക് ഉടലെടുത്ത സംശയമാണ് 20 വർഷങ്ങൾക്കു മുമ്പു നടന്ന തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾക്ക് തുമ്പുണ്ടാക്കാൻ സഹായിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ തെരുവുകളിൽ കണ്ടെത്തിയ കുട്ടികളെ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാതെ താൻ എടുത്തുവളർത്തുകയായിരുന്നെന്നാണ് പ്രതി ഉദ്യോഗസ്ഥർക്കു മുന്നിൽ വാദിച്ചത്. പ്രതി വീട്ടിൽ വളർത്തിയ രണ്ടാമത്തെ കുട്ടി യെമനി കുടുംബത്തിലെ അംഗമാണെന്നും ഈ കുട്ടിയെയും ദമാം മെറ്റേണിറ്റി ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്നുമാണ് കരുതുന്നത്. ഇക്കാര്യം 100 ശതമാനവും സ്ഥിരീകരിക്കുന്നതിന് ഡി.എൻ.എ പരിശോധനാ ഫലങ്ങൾ വരുന്നത് കാത്തിരിക്കുകയാണ്. 

 

 

Latest News