Sorry, you need to enable JavaScript to visit this website.
Wednesday , April   01, 2020
Wednesday , April   01, 2020

രക്തം നൽകി ചുവപ്പിച്ച മുത്തങ്ങ

  • കേരളം ദർശിച്ച ഏറ്റവും ഉജ്വലമായ ആദിവാസി സമരത്തിന് ഇന്ന് 17 വയസ്സ് 

ചരിത്രത്തിലുടനീളം ഭൂമിയിൽ നിന്നും വിഭവങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവർ ആദ്യമായി തങ്ങളുടെ ന്യായമായ അവകാശം ചോദിച്ചപ്പോൾ കേരളമവർക്ക് തിരിച്ചുനൽകിയത് വെടിയുണ്ടയും ലാത്തിയും ഇന്നും തീരാത്ത കേസുകളും. 
കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌കരണത്തിൽ വഞ്ചിക്കപ്പെട്ടവരായിരുന്നല്ലോ നമ്മുടെ ദളിതരും ആദിവാസികളും. ഏറെക്കാലം ആ വഞ്ചന മൂടിവെക്കാൻ ഭരണാധികാരികൾക്ക് സാധിച്ചു. ആദിവാസികൾക്കാകട്ടെ, സ്വന്തം ഭൂമിയെന്നു കരുതിയിരുന്ന വനഭൂമിയും നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടതിനെ തുടർന്നായിരുന്നു വയനാട്ടിലെ ആദിവാസികൾ മുത്തങ്ങയിൽ അമ്പുകുത്തിയിൽ ഭൂമി വളച്ചുകെട്ടി കുടിൽ കെട്ടി സമരമാരംഭിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിൽ മാസങ്ങളോളം നടന്ന കുടിൽ കെട്ടി സമരത്തിനൊടുവിൽ നൽകിയ വാഗ്ദാനവും പാലിക്കാതായപ്പോഴാണ് ഈ തീരുമാനത്തിലേക്ക് സമര നേതൃത്വം എത്തിയത്.  


2003 ജനുവരി 5 നായിരുന്നു സമരമാരംഭിച്ചത്.  ആദിവാസി ഗോത്ര മഹാസഭയുടെ ലേബലിൽ സി.കെ. ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തിലായിരുന്നു സമരം. വന്യജീവി സംരക്ഷണത്തിന്റെ പേരിൽ 1960 ലും യൂക്കാലിപ്റ്റസ് പ്ലാന്റേഷന്റെ പേരിൽ  1980 ലും  മുത്തങ്ങ വനത്തിൽ നിന്നും കുടിയിറക്കപ്പെട്ടവരായിരുന്നു ഈ ആദിവാസികൾ.  തങ്ങളുടെ സാമൂഹികാവസ്ഥയിലുണ്ടായ മാറ്റം കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കുമാണ് അവരെ തള്ളിയിട്ടത്.


സാധാരണ ഭൂസമരങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം ഊര് സ്ഥാപിക്കാനായിരുന്നു ആദിവാസികളുടെ നീക്കം. 28 ഓളം ഊരുസഭകളുണ്ടാക്കി.  സ്വയംഭരണം എന്ന മുദ്രാവാക്യമായിരുന്നു അവർ മുന്നോട്ടു വെച്ചത്. ആദിവാസികളുടെ സ്വയംഭരണം ഇന്ത്യൻ ഭരണഘടന (ആർട്ടിക്കിൾ 244) അനുശാസിക്കുന്നതാണ്. നിരവധി സംസ്ഥാനങ്ങളിൽ അംഗീകരിക്കപ്പെട്ടതുമാണ്. മുത്തങ്ങയിലെ ഒരു പ്രധാന ആവശ്യം വയനാടിനെ ഭരണഘടനയുടെ 5 ഷെഡ്യൂൾ പ്രകാരം ഷെഡ്യൂൾ ഏരിയ ആയി പ്രഖ്യാപിക്കുക എന്നതായി രുന്നു. അതിനനുസൃതമായി സമര ഭൂമിയുടെ പ്രവേശന കവാടങ്ങളിൽ ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചു. 


പൊതുസമൂഹത്തിന് ഒരു ശല്യവുമില്ലാതെ സ്വന്തമായ നിയമങ്ങളുമായി മുത്തങ്ങയിൽ ആദിവാസികൾ ഊര് സ്ഥാപിച്ച് പുതിയൊരു ജീവിതം പടുത്തുയർത്തുകയായിരുന്നു.  കേരളം സാധാരണ കാണുന്ന പോലെ നിഷേധാത്മകമായ ഒന്നായിരുന്നില്ല ഈ സമരം. മറിച്ച് തികച്ചും ക്രിയാത്മകമായിരുന്നു. 700 ഓളം കുടിലുകളാണ് ഗോത്രഭൂമിയിൽ ഉയർന്നത്. അവയിൽ ഏകദേശം 2000 ത്തോളം ആദിവാസികളുണ്ടായിരുന്നു. കാടിനെ സംരക്ഷിച്ച് കൃഷി ചെയ്തായിരുന്നു അവരുടെ ജീവിതം. കുട്ടികൾക്കായി പാഠശാലയും സ്ഥാപിച്ചു. എന്നാൽ ആദിവാസികൾ സ്വന്തം മുൻകൈയിൽ സംഘടിക്കുന്നതോ സമരം ചെയ്യുന്നതോ ഏതെങ്കിലും മുഖ്യധാരാ പ്രസ്ഥാനത്തിനു സഹിക്കാനാവുമോ? മാത്രമല്ല, സമരം വിജയിക്കുകയും കേരളത്തിലെ ആദിവാസികൾക്കെല്ലാം ഭൂമി നൽകുകയും ചെയ്യേണ്ടിവന്നാൽ കുടിയേറ്റക്കാരും കൈയേറ്റക്കാരും വൻകിട ഭൂമാഫിയകളും അതംഗീകരിക്കില്ല എന്നവർക്കറിയാമായിരുന്നു. അതിനാൽ സമരത്തെ രാജ്യദ്രോഹമായും നിയമ ലംഘനമായും വ്യാഖ്യാനിച്ചുള്ള പ്രചാരണം വ്യാപകമായി. എ.കെ. ആന്റണി മുഖ്യമന്ത്രിയും വി.എസ.് അച്യുതനന്ദൻ പ്രതിപക്ഷ നേതാവുമായിരുന്നു. പതിവുപോലെ വി.എസിനു മാത്രം വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. മറ്റെല്ലാവരും സമരത്തെ അടിച്ചമർത്തണമെന്ന അഭിപ്രായക്കാരായിരുന്നു. 


ആദിവാസികൾ പരിസ്ഥിതി നശിപ്പിക്കുമെന്ന അസാധാരണവാദം മുന്നോട്ടു വെച്ച് ചില കപട പരിസ്ഥിതിവാദികളും രംഗത്തുവന്നു. മുത്തങ്ങയിലെ വന്യജീവി സങ്കേതത്തിന്റെ പേരു പറഞ്ഞായിരുന്നു അവർ സമരത്തെ എതിർത്തത്. സുഗതകുമാരിയും ആർ.വി.ജി. മേനോനുമൊക്കെ അതിലുൾപ്പെടുന്നു.  വനം വകുപ്പ് ഉദ്യോഗസ്ഥരാകട്ടെ,  ആദിവാസികൾ കെട്ടിയ കുടിലിന് തീ വെക്കുകയും ഇണങ്ങിയ ആനകളെ മദ്യം നൽകി ഊരുകളിലേക്ക് ഇറക്കിവിടുകയും ചെയ്തു. 2003 ഫെബ്രുവരി 17 ന് ആദിവാസി കുട്ടികൾ ഉറങ്ങിക്കിടന്നിരുന്ന കുടിലിന് സമീപം തീപ്പിടിത്തമുണ്ടായി. അതോടെ സഹികെട്ട ആദിവാസികൾ ഉദ്യോഗസ്ഥരെ ബന്ദികളാക്കി. അതൊരു ഭീകര സംഭവമായി ചിത്രീകരിക്കപ്പെട്ടു. സമരത്തിനെതിരെ രൂപീകരിച്ചിരുന്ന സർവകക്ഷി സംഘം രംഗത്തിറങ്ങി.

ആദിവാസികളെ പുറത്താക്കാനാവശ്യപ്പെട്ട് മുത്തങ്ങയിൽ ഹർത്താൽ നടത്തി. ജില്ലാ കലക്ടർ നേരിട്ട് നടത്തിയ ചർച്ചയിൽ ബന്ദികളെ മോചിപ്പിച്ചെങ്കിലും സമരക്കാരെ മുത്തങ്ങ വനത്തിൽ നിന്നും പുറത്താക്കാനായിരുന്നു സർക്കാർ തീരുമാനം. ഫെബ്രുവരി 19 ന് കൽപറ്റ ഡിവൈ.എസ്.പി ഉണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് കാട് വളഞ്ഞു. തുടർന്നു നടന്നത് നരനായാട്ടായിരുന്നു. അമ്പും വില്ലുമൊക്കെയായി ചെറുക്കാൻ ശ്രമിച്ച ആദിവാസികളെ തോക്കും ലാത്തികളും ഗ്രനേഡുകളുമായി പോലീസ് നേരിട്ട ദൃശ്യങ്ങൾ ഏറെ പ്രസിദ്ധമാണല്ലോ. പോലീസ് ആദിവാസികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും മർദിക്കുകയും കുടിലുകൾ കത്തിക്കുകയും ചെയ്തു. നിരവധി ആദിവാസികൾ ഉൾവനങ്ങളിലേക്ക് പിൻവലിഞ്ഞു. പോലീസ് അവിടെയുമെത്തിയപ്പോൾ  പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ വിനോദടക്കം മൂന്നുപേരെ ബന്ദികളാക്കി ആദിവാസികൾ പ്രതിരോധം തീർത്തു. അതേസമയം വിനോദ് ചോര വാർന്നു കിടക്കുന്നതു കണ്ടപ്പോൾ ഡോക്ടറെ എത്തിച്ച് ചികിത്സിക്കാൻ ആദിവാസികൾ ആവശ്യപ്പെട്ടു. 


എന്നാൽ അതു ചെയ്യാതെ പോലീസ് അതൊരവസരമായി ഉപയോഗിക്കുകയായിരുന്നു. സന്ധി സംഭാഷണങ്ങൾ നടക്കുമ്പോൾ പോലീസ്  സമരപ്പന്തൽ വളയുകയും തീപ്പന്തവുമായി  കാവൽ നിന്ന ജോഗിയെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു.  വെടിവെപ്പ് തുടങ്ങിയതോടെ ആദിവാസികൾ ചിതറിയോടി. ഇതിനിടെ രക്തം വാർന്ന് പോലീസ് ഉദ്യോഗസ്ഥൻ വിനോദ് മരിക്കുകയും ചെയ്തു. 
നൂറുകണക്കിന് ആദിവാസികളെ പോലീസ് പിടികൂടി. തുടർന്ന് സമീപത്തെ എല്ലാ ആദിവാസി കുടിലുകളും പോലീസ് അരിച്ചു പെറുക്കി. അതിക്രൂരമായ മർദദ്ദനമായിരുന്നു അവർക്ക് ലഭിച്ചത്. ഫെബ്രുവരി 21 ന് സുൽത്താൻ ബത്തേരിക്കടുത്ത് നമ്പിക്കൊല്ലിയിൽ ഗീതാനന്ദനും ജാനുവും അറസ്റ്റിലായി. ഇരുവർക്കും അതിക്രൂരമായ മർദനമേറ്റു. 


ഒരു നിമിഷം ഞെട്ടിയെങ്കിലും കേരളം പ്രതിഷേധ പ്രകടനങ്ങളാൽ മുഖരിതമായി. കുൽദീപ് നയ്യാറും അരുന്ധതി റോയിയും വി.എസ്. അച്യുതാനന്ദനും മുത്തങ്ങയിലെത്തി. അതുവരെയും സമരത്തെ എതിർത്തിരുന്ന പ്രതിപക്ഷം സർക്കാറിനെതിരായ ആയുധമാക്കി വെടിവെപ്പിനെ മാറ്റി. അതേസമയം സംസ്ഥാനത്തെ ജനകീയ പ്രതിരോധ പ്രവർത്തകർ എല്ലാ ശക്തിയും സംഭരിച്ച് ആദിവാസികൾക്കൊപ്പം നിലനിന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മാനന്തവാടിയിൽ  സംസ്ഥാന തലത്തിൽ വൻ സമ്മേളനം നടന്നു. എം.ടിയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഒപ്പം ആദിവാസികളുടെ പ്രശ്‌നങ്ങൾ പുറത്തു കൊണ്ടുവരാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്കെതിരെ സർക്കാർ പ്രതികാര നടപടികൾ കൈക്കൊണ്ടപ്പോൾ അവർ ശക്തമായി രംഗത്തിറങ്ങി. സംസ്ഥാന വനിതാ കമ്മീഷൻ മൗനമായിരുന്നെങ്കിലും ദേശീയ കമ്മീഷൻ വയനാട്ടിലെത്തി തെളിവുകളെടുത്തു.


വർഷങ്ങൾക്കു ശേഷം തിരിഞ്ഞു നോക്കുമ്പോൾ മുത്തങ്ങ സമരം എന്തു നേടി എന്ന ചോദ്യം പ്രസക്തമാണ്. കേരളത്തിലെ ആദിവാസി - ദളിത് വിഭാഗങ്ങളുടെ ഭൂപ്രശ്‌നം സജീവമാക്കി എന്നതു തന്നെയാണ് അതിനുളള പ്രധാന മറുപടി. അതിനു ശേഷം എത്രയോ ഭൂസമരങ്ങൾ രൂപം കൊണ്ടു. ഇപ്പോഴും തുടരുന്നു. മുത്തങ്ങ മോഡലിൽ ദളിതർ നടത്തുന്ന ചങ്ങറയും അരിപ്പയും മാതൃകാപരമായ ഉദാഹരണങ്ങൾ. പല സമരങ്ങളും പരിമിതമായാണെങ്കിലും വിജയകരമായി. മുത്തങ്ങക്കു പിന്നാലെ ആദിവാസി കരാർ നടപ്പിലാക്കിയതിന്റെ ഫലമായി ഏതാണ്ട് 8000 കുടുംബങ്ങൾക്ക് 10,000 ഏക്കർ ഭൂമി കിട്ടി. ആദിവാസികളും ദളിതുകളും സ്വന്തം കാലിൽ നിന്ന് പോരാടാനുള്ള കരുത്തു നേടിയത് ചെറിയ കാര്യമല്ല. 


അതുവരെയും രക്ഷകരായി അവതരിച്ചിരുന്നവരെ അവർ തള്ളിപ്പറഞ്ഞു. എന്നാൽ ഈ അപകടം തിരിച്ചറിഞ്ഞ് സി.പി.എം ഇരുമേഖലകളിലും സ്വന്തം പോഷക സംഘടനയുണ്ടാക്കി എന്നതു വേറെ കാര്യം. അതേസമയം മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്കെതിരായ പല കേസുകളും 17 വർഷമായിട്ടും തുടരുകയാണ്. കേസുകൾ പിൻവലിക്കുമെന്നു ഇരുമുന്നണികളും സ്ഥിരമായി പറയുമെങ്കിലും അതു പാലിച്ചിട്ടില്ല. ഇപ്പോഴും കോടതി കയറിയിറങ്ങുന്ന അവരുടെ അവസ്ഥ ദയനീയമാണ്. കേസുകൾ അവസാനിപ്പിക്കാനായി ഇനിയും ശക്തമായ പോരാട്ടം നടത്തേണ്ട അവസ്ഥയിലാണവർ. 

Latest News