Sorry, you need to enable JavaScript to visit this website.

പ്രതിഭ അടയാളപ്പെടുത്തിയ പത്രാധിപർ

എം.എസ്. മണി

കേരള ചരിത്രത്തിൽ വേരിറങ്ങി നിൽക്കുന്ന കുടുംബത്തിലാണ് എം.എസ്. മണി എന്ന പത്രാധിപർ പിറന്നു വീണത്.  പത്രം പോരാട്ടത്തിനുമുള്ളതാണ് എന്ന് മലയാളിയെ പഠിപ്പിച്ചു തന്ന പത്രാധിപർ കെ. സുകുമാരന്റെയും  മാധവി സുകുമാരന്റെയും പ്രിയ പുത്രൻ. പിതാവ് കെ. സുകുമാരൻ അദ്ദേഹത്തിന്റെ പേര് പോലും  പോരാട്ടത്തിനായി ഉപയോഗിച്ച വ്യക്തിയായിരുന്നുവെന്ന് കാലമെത്രയോ കഴിഞ്ഞാകാം കേരളം തിരിച്ചറിഞ്ഞത്. പത്രാധിപർ ആരെന്ന് ചോദിച്ചാൽ തിരുവിതാംകൂറിനെങ്കിലും ഒരു കാലത്ത് കെ. സുകുമാരൻ ബി.എ ആയിരുന്നു. അദ്ദേഹത്തിന്റെ പേരിനൊപ്പം ചേർന്നു നിൽക്കുന്ന ബി.എ എന്ന രണ്ടക്ഷരം ആ കാലത്തിന് നൽകിയ വലിയൊരു സന്ദേശമുണ്ടായിരുന്നു -വിദ്യാഭ്യാസ കാര്യത്തിലുൾപ്പെടെ പിന്നോക്കമായിപ്പോയ ഒരു സമൂഹത്തെ മുന്നോട്ട് നടത്താനുള്ള സന്ദേശം.


പിതാവിൽ നിന്നും പിതാവിന്റെ പിതാവ് സി.വി. കുഞ്ഞുരാമനിൽ നിന്നുമെല്ലാം പകർന്നു കിട്ടിയ ചരിത്ര ബോധവും സാമൂഹ്യ ചിന്തയും മണിയെയും ആ വഴിക്ക് തന്നെ ഉറപ്പിച്ചു നിർത്തി. അധഃസ്ഥിത പിന്നോക്ക പക്ഷം എന്ന അവസ്ഥയിൽ നിന്ന് മണി ഒരിക്കൽ പോലും മാറിയില്ല. 
പിതൃസ്വത്തായി കിട്ടിയ പത്രാധിപ സ്ഥാനം ആ മട്ടിൽ കൈകാര്യം ചെയ്ത പത്രാധിപരായിരുന്നില്ല അദ്ദേഹം. പഠിക്കുന്ന കാലത്ത് തന്നെ പത്ര പ്രവർത്തനം തുടങ്ങിയ മണി ആ രംഗത്ത് തന്റേതായ ഒരിടം ഉറപ്പിച്ചിരുന്നു. നാല് വർഷത്തെ ദൽഹി പത്രപ്രവർത്തനമാകാം അദ്ദേഹത്തെ അടിമുടി മാറ്റിയത്.  മലയാള പത്രരംഗത്തെ നിയമനത്തിന്റെ തുടർച്ചയെപ്പറ്റി നിലനിൽക്കുന്ന പഴയൊരു ധാരണയുണ്ട്- ജില്ലാ തലത്തിൽ ലേഖകരായി കഴിവ് തെളിയിച്ച ശേഷമുള്ള രാജ്യ തലസ്ഥാന മാറ്റം പത്രരംഗത്ത് പ്രതിഭയുടെ തിളക്കം വർധിപ്പിക്കാൻ വ്യക്തികളെ സഹായിക്കുമെന്നതായിരുന്നു ആ ധാരണ. മണിയുടെ കാര്യത്തിൽ അങ്ങനെയായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക. ദൽഹിയിൽ പ്രതിഭകൾക്കൊപ്പമാണ് നാല് കൊല്ലം അദ്ദേഹം പ്രവർത്തിച്ചത്. 


കേരള കൗമുദിയുടെ അന്നത്തെ ലേഖകൻ നരേന്ദ്രൻ എന്ന പേര് ഒരു കാലത്ത് മലയാളിയുടെ മനസ്സിൽ പതിഞ്ഞ ബൈലൈനായിരുന്നു. 1970 കളിലാണ് എം.എസ്. മണി ദൽഹിയിൽ പത്ര പ്രവർത്തന രംഗത്തുണ്ടായിരുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പരിവർത്തനങ്ങൾ നടന്ന അക്കാലവും അന്നത്തെ നായകരെയും അദ്ദേഹം ശരിക്കും വായിച്ചു. അടുത്തറിഞ്ഞു. 
ജവാഹർലാൽ നെഹ്‌റു നേതൃത്വം വഹിച്ച 1962 ലെ കോൺഗ്രസിന്റെ പട്‌നാ പ്ലീനം, ഇന്ദിരാഗാന്ധി നേതൃത്വം വഹിച്ച ബംഗളൂരു എ.ഐ.സി.സി സമ്മേളനം എന്നിവ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു.   


കെ.ആർ. നാരായണൻ രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സംഘാംഗമായി രണ്ടാഴ്ചയിലധികം ബ്രിട്ടനിൽ പര്യടനം  നടത്തിയ മണി മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പവും  മോസ്‌കോ, താഷ്‌കന്റ്, ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളും ഹംഗറി, ചെക്കോസഌവാക്യ, യുഗോസ്ലാവ്യ എന്നീ രാജ്യങ്ങളും  സന്ദർശിക്കുക വഴി തന്റെ ലോക വീക്ഷണം വിശാലമാക്കി.  അമേരിക്ക, ബ്രിട്ടൻ, യു.എസ്.എസ്.ആർ, പശ്ചിമ,  പൂർവ ജർമനികൾ, ഹംഗറി എന്നീ രാജ്യങ്ങളിലെ സർക്കാറുകളുടെ ക്ഷണപ്രകാരം ആ രാജ്യങ്ങളും  സന്ദർശിച്ചിട്ടുണ്ട്. ഈജിപ്ത്, ഇസ്രായിൽ, സ്വീഡൻ, നോർവേ, ഡെ ന്മാർക്ക്, തായ്‌വാൻ, സിംഗപ്പുർ, യു.എ.ഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ  പര്യടനവും മണിയിലെ പ്രതിഭയെ ഒരുപാട് വളർത്തിയിരിക്കണം 


1975 ലാണ് കലാകൗമുദി സ്ഥാപിക്കുന്നത്. അതൊരു വലിയ തുടക്കം തന്നെയായിരുന്നു.  മലയാളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന വാരിക. മലയാള നാടിന്റെ അഭാവം തീർത്തു തന്ന പ്രസിദ്ധീകരണം.
കൗമുദിയുടെ മുഖപ്രസംഗങ്ങൾക്ക്  മൂർച്ച നൽകിയത് മണിയുടെ വാക്കുകളും വാചകങ്ങളുമായിരുന്നു. ഒരുപാട് തീരുമാനങ്ങളെ സ്വാധീനിക്കാൻ അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങൾക്ക് സാധിച്ചു. മുഖപ്രസംഗമെന്നാൽ അതും, ശരി, ഇതും ശരി എന്ന മട്ടിലുള്ള ഉപ്പിടാതെ പുഴുങ്ങിയ കുമ്പളങ്ങയല്ലെന്ന് വജ്ര മൂർച്ചയുള്ള വാക്കുകളിൽ മണി അന്ന് തെളിയിച്ചുകൊണ്ടേയിരുന്നു.

 

കെ. ബാലകൃഷ്ണന് ശേഷം എം.എസ്. മണിയെപ്പോലെ ഇതയും ശക്തമായ ഭാഷയിൽ മുഖ പ്രസംഗമെഴുതിയ പത്രാധിപന്മാർ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. എത്രയെത്രയോ തീരുമാനങ്ങളെ അത്തരം എഡിറ്റോറിയലുകൾ സ്വാധീനിച്ചു! അന്വേഷണ പത്രപ്രവർത്തനത്തിന്റെ വഴിയിലും അദ്ദേഹം തന്റേതായ വഴി കണ്ടെത്തി. കോളിളക്കം സൃഷ്ടിച്ച പല അനേഷണ റിപ്പോർട്ടുകളും അദ്ദേഹം എഴുതി. 
ഡോ. കെ.ജി. അടിയോടിയുമയി ബന്ധപ്പെട്ട വനം അഴിമതിക്കേസ് സഹപ്രവർത്തകരായ എസ്. ജയചന്ദ്രൻ നായർ, എൻ.ആർ.എസ്. ബാബു എന്നിവരോടൊപ്പം ചേർന്ന് അദ്ദേഹം കലാകൗമുദിയിലെഴുതിയത് ഒരു കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചു.


സഹപ്രവർത്തകനായ രവിമേനോൻ എഴുതിയ ഫെയ്‌സ് ബുക്ക് കുറിപ്പിലെ ഇനി പറയുന്ന വരികൾ മറ്റൊരു മണിയെ കേരളത്തിന് പരിചയപ്പെടുത്തിത്തരുന്നുണ്ട്. അതിങ്ങനെ 'സ്വന്തം പടം സ്വന്തം പത്രത്തിൽ അച്ചടിച്ച് വന്നതിന് ന്യൂസ് എഡിറ്ററിൽ നിന്ന് വിശദീകരണം തേടിയ പത്രാധിപന്മാർ എത്ര പേരുണ്ട്?' അംഗീകാരങ്ങൾ തേടിപ്പോകുന്ന വ്യക്തിയായിരുന്നില്ല മണി. അതുകൊണ്ട് തന്നെ കേരള സർക്കാർ നൽകിയ മാധ്യമ രംഗത്തെ മികവിനുള്ള  സ്വദേശാഭിമാനി-കേസരി പുരസ്‌കാരം എടുത്തുപറയേണ്ടതു തന്നെ.
എഴുത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും വഴിയിൽ ഒരുപാട് തിളക്കമുള്ള സംഭാവനകൾ നൽകിയ  പ്രതിഭകളെ സംഭാവന ചെയ്ത പ്രദേശത്തിന്റെയും കുടുംബത്തിന്റെയും കണ്ണിയായിരുന്നു എം.എസ്. മണി. അവരോടും അവരുടെ ജീവിതത്തോടും നീതി പുലർത്തിയ ജീവിതം നയിക്കാനും ശ്രദ്ധിച്ച  മനുഷ്യൻ. 

Latest News