തിരൂരിലെ ദമ്പതികളുടെ ആറ് കുഞ്ഞുങ്ങളുടെ മരണം; ജനിതക തകരാറെന്ന് ചികിത്സിച്ച ഡോക്ടര്‍

മലപ്പുറം-തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുഞ്ഞുങ്ങളും മരിച്ചത് ജനിതക രോഗം മൂലമാണെന്ന് ഡോക്ടര്‍. തിരൂര്‍ നഴ്‌സിങ് ഹോമിലെ ഡോ.നൗഷാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് കുട്ടികളില്‍ ആദ്യത്തെ രണ്ട് കുട്ടികളെയും ഈ ഡോക്ടറായിരുന്നു ചികിത്സിച്ചത്. മൂന്നാമത്തെ കുഞ്ഞിനെ അമൃത ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തിരുന്നു. മൂന്നാമത്തെ കുഞ്ഞിനെ ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും ആന്തരിക അവയവങ്ങള്‍ ഹൈദരാബാദിലെ ലാബിലേക്ക് പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മരണകാരണം കണ്ടെത്താനായില്ലെന്നും ജനിതക രോഗമാകാം മരണകാരണമെന്ന നിഗമനത്തിലാണെന്നും ഡോക്ടര്‍ നൗഷാദ് പറഞ്ഞു. മരണകാരണം സിഡ്‌സ് അഥവാ സഡന്‍ ഇന്റന്റ് ഡെത്ത് സിന്‍ഡ്രോം ആണെന്ന വിലയിരുത്തലുകളുമുണ്ട്. ഉറക്കത്തില്‍ പോലും ഈ സിന്‍ഡ്രോം ഉണ്ടായാല്‍ കുഞ്ഞ് മരിച്ചുപോകുമെന്നും ഡോക്ടര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തറമ്മല്‍ റഫീഖ്-സബ്‌ന ദമ്പതികളുടെ മക്കളാണ് ഒന്‍പത് വര്‍ഷത്തിനിടെ മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം 93 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം സംഭവിച്ചതാണ് പ്രശ്‌നം ചര്‍ച്ചയാകാന്‍ കാരണം. അയല്‍വാസികള്‍ സംഭവത്തെ കുറിച്ച് തിരൂര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം പോലിസിന്റെ നിര്‍ദേശമനുസരിച്ച് ചെയ്തതായും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സര്‍ജന്റെ മൊഴിയെടുക്കുമെന്ന് പോലിസ് അറിയിച്ചു.
 

Latest News