Sorry, you need to enable JavaScript to visit this website.

വിവാഹം സ്വന്തം ഇഷ്ടപ്രകാരമെന്ന് വീഡിയോ; ഹിന്ദു പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലയച്ചു

ജക്കോബാബാദ്- പാക്കിസ്ഥാനില്‍ മുസ്ലിം യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവായി സ്വീകരിച്ചതാണെന്ന് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞ ഹിന്ദു പെണ്‍കുട്ടിയെ കോടതി അഭയകേന്ദ്രത്തിലേക്കയച്ചു.

സിന്ധ് പ്രവിശ്യയിലെ മെഹക് കുമാരി എന്ന 15 കാരിയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നും വിവാഹം ചെയ്തുവെന്നുമുള്ള ആരോപണത്തെ തുടര്‍ന്ന് ജക്കോബാബാദ് സെഷന്‍സ് കോടതിയാണ് തീരുമാനമെടുത്തത്.

മെഹക് കുമാരിയെ ജനുവരി 15 ന് തട്ടിക്കൊണ്ടുപോയതാണെന്നും പിന്നീട് മതംമാറ്റി അലിസാ എന്ന പേരു നല്‍കിയെന്നും അലി റാസ എന്നായാളുമായുള്ള വിവാഹം നടത്തിയെന്നുമാണ് പിതാവും ഹിന്ദു സംഘടനകളും പരാതിപ്പെട്ടത്. 28 കാരനായ അലി റാസക്ക് രണ്ട് ഭാര്യമാരും നാല് മക്കളുമുണ്ടെന്നും ഹിന്ദു സംഘടനകള്‍ പറയുന്നു.

ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന മെഹക്കിന് 15 വയസ്സാണ് പ്രായമെന്ന വാദം അംഗീകരിച്ചാണ് കോടതി അഭയകേന്ദ്രത്തിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.

സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതാണെന്ന മെഹക്കിന്റെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് പെണ്‍കുട്ടിയുടെ പിതാവും ഹിന്ദു സംഘടനകളും പറയുന്നു.

അഭയകേന്ദ്രത്തില്‍ അയക്കാതെ പെണ്‍കുട്ടിയെ മാതാപിതാക്കളെ തിരികെ ഏല്‍പിക്കണമെന്നാണ് പിതാവിന്റേയും ബന്ധുക്കളുടേയും ആവശ്യം.

 

Latest News