ചൈനയില്‍ കൊറോണ മരണം 2000 കവിഞ്ഞു

ജപ്പാനിലെ യോകോഹോമ തുറമുഖത്ത് ഈ മാസം മൂന്നിന് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പല്‍.
കൊറോണ ബാധയുള്ളവരുണ്ടെന്ന സംശയത്തില്‍ പലരാജ്യങ്ങളിലും അടുപ്പിക്കാന്‍ അനുവദിക്കാതിരുന്ന യു.എസ് ആഢംബര കപ്പല്‍ വെസ്റ്റര്‍ഡാം കംബോഡിയയിലെ സിഹോനോക്‌വില്‍ തുറമുഖത്ത് നങ്കൂരമിട്ടപ്പോള്‍. കപ്പലിലെ ഒരു യാത്രികന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

ബീജിംഗ്-  ചൈനയില്‍ കൊറോണ മരണസംഖ്യ 2000 കടന്നു. ജപ്പാന്‍ തീരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കപ്പലില്‍നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണ കൊറിയ, കാനഡ, ഓസ്ട്രിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍. കപ്പലിലെ യാത്രികരില്‍ കൊവിഡ് വൈറസ് ഗണ്യമായ തോതില്‍ പടര്‍ന്നതിനെ തുടര്‍ന്നാണ് വിവിധ രാജ്യങ്ങള്‍ നടപടികള്‍ ഊര്‍ജിതമാക്കിയത്. ഈ മാസം മൂന്നിന് യോകോഹോമ തുറമുഖത്ത് ക്വാറന്റൈന്‍ ചെയ്ത ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ 542 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 2666 യാത്രക്കാരും 1045 ജോലിക്കാരുമുള്ള കപ്പലില്‍നിന്ന് 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം വൈറസില്ലെന്ന് സ്ഥിരീകരിച്ചവരെ പുറത്തെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഹുബൈ പ്രവിശ്യയില്‍ 136 പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. 1749 പേര്‍ക്കു കൂടി പുതുതായി പുതിയ കൊറോണ വൈറസായ കൊവിഡ്-19  സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1693പേര്‍ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. ഇതോടെ ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74000 കടന്നു.

ദക്ഷിണ കൊറിയയില്‍ 10 പേര്‍ക്കു കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിനകം ദക്ഷിണ കൊറിയയില്‍ 31പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

ചൈനയിലുള്ള പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉക്രൈന്‍. ചൈനയിലുള്ള 49 പൗരന്മാരെ തിരിച്ചു കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കും.  ഫെബ്രുവരി 20 മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.

അതിനിടെ, കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമല്ലെന്ന്  ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 2019 ഡിസംബറിലാണ് ഹുബൈ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന വുഹാനില്‍നിന്ന് കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്.

 

Latest News