കൊച്ചി- ലക്ഷദ്വീപിൽ നിന്ന് ശ്രീലങ്കയിലേക്ക് കടത്താനിരുന്ന കോടികള്‍ വിലവരുന്ന കടല്‍വെള്ളരി പിടികൂടി. മൽസ്യത്തൊഴിലാളികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സീ കുക്കുംബർ പ്രൊട്ടക്‌ഷൻ ടാസ്ക് ഫോഴ്സ് നടത്തിയ പരിശോധനയില്‍ 852 കിലോ കടൽവെള്ളരി പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം നാലരക്കോടിയോളം ഇതിന് വിലവരും. ലോകത്തിലേതന്നെ ഏറ്റവും വലിയ കടല്‍വെള്ളരി വേട്ടയാണ് ഇതെന്ന് ടാസ്ക് ഫോഴ്സ് പറഞ്ഞു.
ജനവാസമില്ലാത്ത സുഹലി ദ്വീപിൽ ശ്രീലങ്കയിലേക്ക് കയറ്റിഅയക്കാന്‍ തയാറാക്കി സൂക്ഷിച്ചതായിരുന്നു കണ്ടെടുത്ത കടൽവെള്ളരി. കുടലും മറ്റും വൃത്തിയാക്കി പ്രിസർവേറ്റീവുകൾ ഉപയോഗിച്ച് ശേഷം വലിയ കണ്ടെയ്നറുകളിൽ നിറച്ച നിലയിലായിരുന്നു ഇവ.
വെള്ളരിയുടെ ആകൃതിയിലുള്ള ഒരിനം കടൽ ജീവിയാണ് കടൽവെള്ളരി(Sea Cucumbers) എന്നറിയപ്പെടുന്നത്. ചൈന ഉൾപ്പടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവ ഉപയോഗിക്കുന്നത്.ഭക്ഷണമായും മരുന്നിനും ഉപയോഗിക്കുന്നു. കിലോയ്ക്ക് 50,000 രൂപയാണ് വില.