Sorry, you need to enable JavaScript to visit this website.
Thursday , October   01, 2020
Thursday , October   01, 2020

രാജരഥങ്ങളുരുണ്ട ജെയ്‌സൽമേർ

രാജകിരീടവും സ്വർണരഥങ്ങളും നിറഞ്ഞ രാജസ്ഥാനിലെ ജെയ്‌സൽമേറിലേക്ക് ഒരു റോഡ് യാത്ര

സഞ്ചാരത്തിനുള്ള അവസരങ്ങൾ കിട്ടുമ്പോൾ ഒന്നും നഷ്ടപ്പെടുത്താറില്ല. നമ്മുടെ തിക്കും തിരക്കും കാര്യങ്ങളും എല്ലാം ഒഴിഞ്ഞു യാത്ര പോകാം എന്നു വിചാരിച്ചിരുന്നാൽ നിന്നിടത്തു നിന്നും ഒരടി മുന്നോട്ടു വെക്കാനും കഴിയില്ല. അത്ര വലിയ തിരക്കുകൾ ഒന്നുമില്ലെങ്കിൽ അവസരങ്ങൾ ലഭിക്കുമ്പോഴെല്ലാം യാത്രകൾ ചെയ്തിട്ടുണ്ട്. വായനയിൽ നിന്നെന്ന പോലെ യാത്രാ അനുഭവങ്ങളും നമ്മെ കൂടുതൽ പ്രചോദിപ്പിക്കും. അത്തരത്തിലൊരു അനുഭവം ഇവിടെ പങ്കു വെച്ചുകൊള്ളട്ടെ.
2020 ജനുവരി 19. സ്വപ്‌ന വീടിന്റെ  അവസാനഘട്ട മിനുക്കു പണികളിലാണ്. ഇന്റീരിയർ വർക്കിന്റെ  ചുമതല ഏൽപിച്ചത് 15 വർഷത്തോളമായി കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും ഇന്റീരിയർ ജോലിയിൽ പ്രാവീണ്യം തെളിയിച്ച രാജസ്ഥാൻ ജോധ്പുർ സ്വദേശി ഗജേന്ദ്ര സുതാറിനാണ്. അദ്ദേഹം പത്തു പതിനഞ്ച് ദിവസത്തേക്ക് ഇവിടെ ഉണ്ടാകില്ല, ജോലിക്കാര്യങ്ങളെല്ലാം പറഞ്ഞു ഏൽപിച്ചിട്ടുണ്ട് എന്നും നാട്ടിൽ പോയി വരാം എന്നും പറഞ്ഞു. അദ്ദേഹത്തിന്റെ  മഹീന്ദ്ര സ്‌കോർപിയോ വണ്ടിയിലാണ് യാത്ര. രണ്ടായിരത്തഞ്ഞൂറോളം കിലോമീറ്റർ യാത്രയുണ്ട്. കൂടെ ആരെല്ലാമാണെന്ന ചോദ്യത്തിന് കൊച്ചിയിൽ ബിസിനസ് ചെയ്യുന്ന അച്ഛന്റെ  അനിയനും കോയമ്പത്തൂരിൽനിന്ന് അദ്ദേഹത്തിന്റെ  ബന്ധുവും ഉണ്ടെന്ന് പറഞ്ഞു. ഉത്തരേന്ത്യയിലേക്ക് റോഡ് മാർഗം ഒരു യാത്ര പോകാം എന്നുള്ള ഒരുപാട് കാലത്തെ എന്റെ ആഗ്രഹത്തിന്റെ  മൊട്ടുകൾ ഉള്ളിൽ നിന്നും വിടർന്നു.


ഞാനും കൂടെ പോന്നാലോ?
അസൗകര്യമാകുമോ?
എന്റെ  ചോദ്യം ആദ്യം അദ്ദേഹം വിശ്വസിച്ചില്ല. കാര്യമായിട്ടാണോ പറയുന്നത്? ഞങ്ങൾ മറ്റന്നാൾ ഇരുപത്തൊന്നാം തീയതി പുറപ്പെടും.
ഞാൻ റെഡി. മറ്റന്നാൾ എന്നല്ല ഇന്നു തന്നെയായാലും ഞാൻ തയാർ!!
അങ്ങനെ ഇരുപത്തൊന്നാം തീയതി ഉച്ചക്ക് പുറപ്പെടാം എന്നു തീരുമാനിച്ചു. 
കോഴിക്കോട്ടു നിന്ന് ആദ്യം പാലക്കാട്ടേക്ക്. ഗജേന്ദ്രയുടെ ഒരു വർക്ക് പാലക്കാട്ട് നടക്കുന്നുണ്ട്. വൈകിട്ട് മൂന്നു മണിക്ക് അവിടെയെത്തി. രണ്ട് മണിക്കൂറിനു ശേഷം കൊച്ചിയിൽ നിന്നും വന്ന പൂനംജിയെയും കൂട്ടി കോയമ്പത്തൂരിലേക്ക്. അവിടെ ഞങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഓം പ്രകാശിന്റെ വീട്ടിലെത്തി. 
ഇരുപതു വർഷങ്ങൾക്കു മുമ്പ് കണ്ട കോയമ്പത്തൂർ അല്ല. സിറ്റി ആകെ മാറിയിട്ടുണ്ട്. ഏതാനും സമയം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ നാലു പേരും യാത്ര പുറപ്പെട്ടു. കോഴിക്കോട് - കോയമ്പത്തൂർ 150 കിലോമീറ്റർ. അവിടെ നിന്നും ജെയ്‌സൽമേറിലേക്ക് 2400 കിലോമീറ്റർ ഉണ്ട്. 1100 കിലോമീറ്റർ കഴിഞ്ഞാൽ പൂനെയിൽ വിശ്രമിക്കാം എന്ന ലക്ഷ്യത്തോടെ സ്‌കോർപിയോ എക്‌സ്പ്രസ് ഹൈവേയിലൂടെ മുന്നോട്ട് കുതിച്ചു. 

ഇന്ത്യയിലെ ഏറ്റവും ആധുനിക എക്‌സ്പ്രസ് ഹൈവേകളിൽ ഒന്നാണ് പൂനെ - മുംബൈ ഹൈവേ. 2002 ൽ പണി പൂർത്തിയായ ഇന്ത്യയിലെ ആദ്യ ആറുവരി കോൺക്രീറ്റ് ഹൈസ്പീഡ് എക്‌സ്പ്രസ് ഹൈവേ ആണിത്. ഗൾഫ്  രാജ്യങ്ങളിലെ റോഡുകളെ പോലും തോൽപിക്കുന്ന രീതിയിലാണ് പല ഭാഗങ്ങളിലും റോഡിന്റെ  നിർമാണം. 

കാറിൽ കയറിയതു മുതൽ സ്റ്റീരിയോയിൽ മാർവാഡി ഭാഷയിലുള്ള ഭജൻ കേൾക്കുന്നു. ആദ്യമായി കേൾക്കുന്ന ഭക്തിഗാനങ്ങൾ ആണെങ്കിലും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ താളവും ഭാവവും മടുപ്പുളവാക്കുന്നില്ല. പാടിയ പാട്ടുകൾ തന്നെയാണ് വീണ്ടും വീണ്ടും വരുന്നത്. എന്നാലും ഭജൻ സംഗീതത്തിന്റെ താളത്തിനൊത്തു വാഹനം 140 - 160 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്നു. ഞാൻ ബാക്ക് സീറ്റിൽ സുഖപ്രദമായി കൈയിൽ താളമിട്ടു കൊണ്ട് അവരോടൊപ്പം സൊറ പറഞ്ഞിരുന്നു. 
ഈറോഡ്, സേലം, കൃഷ്ണഗിരി, ബാംഗ്ലൂർ വഴി കർണാടകയിലെ ദാവൺഗരെയിൽ എത്തുമ്പോൾ നേരം വെളുത്തു. രാവിലെ 7.00 മണി. 
വഴിയിൽ കണ്ട തനി വെജിറ്റേറിയൻ ഹോട്ടലിനു മുമ്പിൽ വണ്ടി നിർത്തി. അടിപൊളി മസാല ദോശയും ചായയും. ബാത്ത് റൂമിൽ കയറി ഒന്ന് ഫ്രഷ് ആയ ശേഷം വീണ്ടും യാത്ര. ബെൽഗാം, കോലാപുർ പട്ടണങ്ങൾ കഴിഞ്ഞ് വൈകിട്ട് ആറു മണിയോടെ മഹാരാഷ്ട്രയിലെ പൂനെയിൽ എത്തി. 


യാത്രയിൽ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളും കൊച്ചുകൊച്ചു ഗ്രാമങ്ങളും പട്ടണങ്ങളും കണ്ടിരിക്കാൻ തന്നെ നല്ല ചന്തം. പൂനെയിൽ ഗജേന്ദ്രയുടെ ഭാര്യാ സഹോദരിമാരും ഭാര്യാപിതാവും ഉണ്ട്. വർഷങ്ങളായി അവർ പൂനെ  നഗരത്തിൽ ഇന്റീരിയർ വർക്കിന്റെ കോൺട്രാക്ടിങ് ബിസിനസ് നടത്തുന്നവരാണ്. അവരുടെ വീട്ടിൽ എത്തുമ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. 
റാം റാം അഭിവാദ്യങ്ങളോടെ ഞങ്ങൾക്ക് ഹൃദ്യമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. കയറി ഇരുന്നപ്പോൾ തന്നെ ഒരു സ്റ്റീൽ കുടുക്കയിൽ വെള്ളം ലഭിച്ചു. പാത്രം ചുണ്ടിൽ തട്ടാതെ എല്ലാവരും ഒരേ പാത്രത്തിൽ നിന്നും വെള്ളം കുടിക്കുന്നു. ഞാനും അത് അനുകരിച്ചു. കുറച്ചു കഴിഞ്ഞതിനു ശേഷം രണ്ട്  വട്ട സ്റ്റീൽ പാത്രങ്ങളിലായി ഭക്ഷണം വന്നു. കുറച്ചു ചപ്പാത്തിയും തനി വെജിറ്റേറിയൻ രാജസ്ഥാനി വിഭവങ്ങളും.
ഒരു പാത്രത്തിൽ എനിക്കു മാത്രം.  മറ്റേ പാത്രത്തിനു ചുറ്റും അവർ അഞ്ചെട്ട് ബന്ധുക്കൾ വട്ടം ഇട്ടിരുന്നു. ഗൾഫ് രാജ്യങ്ങളിലെ അറബികൾ പരമ്പരാഗത രീതിയിൽ ഭക്ഷണം കഴിക്കുന്ന അതേ രീതി. ചപ്പാത്തി ഒരാൾ കൈകൊണ്ട് കൂട്ടിപ്പിടിച്ച് ചെറിയ കഷ്ണങ്ങളാക്കി ഇടുന്നു. അതിലേക്ക് മറ്റു വിഭവങ്ങളും ഒഴിച്ച് എല്ലാവരും കൂടി ഒരു പിടി. അവരുടെ ആ ചെറിയ സ്റ്റീൽ പാത്രത്തിലേക്ക് അടുക്കളയിൽ നിന്നും തട്ടം കൊണ്ട് മുഖംമൂടി ധരിച്ച സ്ത്രീകൾ ചപ്പാത്തിയും വിഭവങ്ങളും കൊണ്ടുവന്ന് ഇട്ടു കൊണ്ടിരിക്കുന്നു. അവർ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പാത്രം കാലിയാക്കിക്കൊണ്ടിരിക്കുന്നത് കണ്ടും എന്റെ  പാത്രത്തിലെ ശുദ്ധ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ചു കൊണ്ടും ഞാൻ അങ്ങനെ ഇരുന്നു. 


രാത്രി പത്തു മണിയോടു കൂടി പൂനെയിൽ നിന്നും പുറപ്പെട്ടു. 150 കിലോമീറ്റർ അകലെയുള്ള മുംബൈ നഗരമാണ് അടുത്ത ലക്ഷ്യം. രണ്ടു മണിക്കൂർ കൊണ്ട് ആ ദൂരം താണ്ടി 12 മണിയോടെ കൂടെയുള്ള പൂനംജിയുടെ മകനും മറ്റു ബന്ധുക്കളും താമസിക്കുന്ന ഫഌറ്റിൽ എത്തി. 
ഇന്ത്യയിലെ ഏറ്റവും ആധുനിക എക്‌സ്പ്രസ് ഹൈവേകളിൽ ഒന്നാണ് പൂനെ - മുംബൈ ഹൈവേ. 2002 ൽ പണി പൂർത്തിയായ ഇന്ത്യയിലെ ആദ്യ ആറുവരി കോൺക്രീറ്റ് ഹൈസ്പീഡ് എക്‌സ്പ്രസ് ഹൈവേ ആണിത്. ഗൾഫ് രാജ്യങ്ങളിലെ റോഡുകളെ പോലും തോൽപിക്കുന്ന രീതിയിലാണ് പല ഭാഗങ്ങളിലും റോഡിന്റെ  നിർമാണം. സ്‌കോർപിയോ 170 കിലോമീറ്റർ വേഗത്തിലാണ് കുതിക്കുന്നത്. ചങ്കിടിപ്പോടെ ആണെങ്കിലും സ്പീഡ് ആസ്വദിച്ച് യാത്ര തുടർന്നു.
(തുടരും)