Sorry, you need to enable JavaScript to visit this website.

ഏറ്റുപറച്ചിൽ കൊണ്ട് തീരുമോ, മഹാപരാധങ്ങൾ?  

മൂന്നാം വട്ടവും അരവിന്ദ് കെജ്‌രിവാൾ ദൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റു. ബി.ജെ.പിയുടെ അധികാര പ്രമത്തതക്കെതിരായി ആഞ്ഞടിച്ച ജനരോഷത്തിന്റെ പ്രതീകമായാണ് കെജ്‌രിവാൾ അധികാരത്തിലേറിയത്.
ആം ആദ്മി പാർട്ടിയെ വീണ്ടും ഭരണമേൽപിച്ച ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവി കൂടുതൽ ദയനീയമാക്കിയത് വോട്ടെടുപ്പിന് ശേഷവും അവർ പ്രകടിപ്പിച്ച അമിതമായ ആത്മവിശ്വാസമായിരുന്നു. വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങൾ നടത്തിയ അഭിപ്രായ സർവേയിൽ മഹാഭൂരിപക്ഷവും ബി.ജെ.പിയുടെ പരാജയം പ്രവചിച്ചിട്ടും അവർ അതെല്ലാം തള്ളി, തങ്ങൾ അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ടു. അതിന് മതിയായ കാരണങ്ങൾ അവരുടെ മുന്നിലുണ്ടായിരുന്നു. രാജ്യസഭയിലും ലോക്‌സഭയിലുമുള്ള ഒട്ടുമിക്ക അംഗങ്ങളും പ്രചാരണത്തിനെത്തി. കേന്ദ്ര മന്ത്രിമാർ ഭൂരിപക്ഷവും നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചു.


ബി.ജെ.പി മുഖ്യമന്ത്രിമാരെല്ലാം ദൽഹി തെരഞ്ഞെടുപ്പ് വേദികളിൽ ഓടിനടന്നു. ദേശീയതയും ദേശാഭിമാനവും മത വിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും ആവും വിധം ചെലവഴിക്കാൻ പോന്ന സകലകലാ വല്ലഭന്മാരെയെല്ലാം ഗോദയിലിറക്കി. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ തങ്ങൾ ജയിച്ചുകയറുമെന്ന അമിതമായ ആത്മവിശ്വാസം കൊണ്ടുനടന്നതിൽ ബി.ജെ.പിയെ കുറ്റം പറയാനാവില്ല. 


പക്ഷേ 2019 മെയ് മാസത്തിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം, തങ്ങൾ ചെയ്തത് മഹാ അബദ്ധമായിരുന്നുവെന്ന് ഇന്ത്യൻ ജനത തിരിച്ചറിഞ്ഞു തുടങ്ങിയെന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ ബി.ജെ.പിക്കായില്ല. അതാണ് ദൽഹി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കപടമായ ദേശീയ ബോധത്തിനും ദേശാഭിമാനത്തിനും അവർ ചമയ്ക്കാൻ ശ്രമിച്ച നിർവചനങ്ങൾക്കും അപ്പുറം ജീവിതത്തിന്റെ തിക്തമായ യാഥാർത്ഥ്യങ്ങളുണ്ടെന്ന് ദൽഹി ജനത തിരിച്ചറിഞ്ഞു. വികസനവും ജീവിത പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന്റെ പ്രചോദനമാണെന്ന് ദൽഹിയിലെ വോട്ടർമാർ അടയാളപ്പെടുത്തി. 
അതുകൊണ്ടാണ് തോൽവി നേരിട്ടതിന്റെ നാലാം ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ കുമ്പസാരം പ്രസക്തമാകുന്നത്. ദൽഹിയിൽ ബി.ജെ.പിയുടെ എല്ലാ തന്ത്രങ്ങളും ദോഷം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.


ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇല്ലാതിരുന്നത്രയും വെറുപ്പിന്റെ രാഷ്ട്രീയവും വിദ്വേഷ പ്രസ്താവനകളും നിറഞ്ഞാടിയതായിരുന്നു ദൽഹി തെരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രചാരണം. അതെല്ലാം വിപരീത വിധിയെ സ്വാധീനിച്ചുവെന്ന കുറ്റസമ്മതമാണ് അമിത്ഷായിൽ നിന്നുണ്ടായിരിക്കുന്നത്. ഗോലി മാരോ (വെടിവെച്ചു കൊല്ലൂ), ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെക്കുറിച്ച് നടത്തിയ പ്രസ്താവനകൾ, ബി.ജെ.പിയെ ഇന്ത്യയും എതിരാളികളെ പാക്കിസ്ഥാനുമായി ചിത്രീകരിച്ച് നടത്തിയ യുദ്ധ താരതമ്യങ്ങൾ എല്ലാം തെറ്റായിരുന്നുവെന്നാണ് ഹൈന്ദവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രയോക്താവായ അമിത് ഷാ പറഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ വംശഹത്യാ രാഷ്ട്രീയത്തിൽ നരേന്ദ്ര മോഡിയുടെ വലംകൈ ആയിരുന്നു അമിത് ഷാ. മാത്രമല്ല കുതന്ത്രങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും നിരവധി പട്ടികകളിൽ ആ പേര് പല തവണ ഇടം പിടിച്ചിട്ടുമുണ്ട്.
അഞ്ച് വർഷമായി ബി.ജെ.പി അധ്യക്ഷനെന്ന നിലയിൽ രാജ്യത്ത് അഴിച്ചുവിട്ട എല്ലാത്തരം വൃത്തികേടുകളുടെയും രണ്ട് ഉത്തരവാദികളിൽ ഒരാൾ അമിത് ഷായാണ്. മറ്റൊരാൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. 


അതുകൊണ്ടു തന്നെ ദൽഹിയിൽ തോറ്റപ്പോഴെങ്കിലും ഇങ്ങനെയൊരു നിലപാടെടുത്ത അമിത് ഷായുടെ കുമ്പസാരം കൊണ്ട് തീരുന്നതല്ല കുറ്റങ്ങൾ. ആറു വർഷത്തോളമായി രാജ്യത്തുള്ള അധികാരം നിലനിർത്തുന്നതിനും ജനങ്ങൾ നേരിടുന്ന ദുരിതങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനും ഉയർത്തിക്കൊണ്ടുവന്ന വിവിധ വിഷയങ്ങളും അനാവശ്യ വിവാദങ്ങളും നിരവധിയായിരുന്നു. അതിൽ ഗോസംരക്ഷണമുണ്ട്, ലൗ ജിഹാദുണ്ട്, മുസ്‌ലിം വിരോധമുണ്ട്, ന്യൂനപക്ഷ ദ്രോഹമുണ്ട്, ദളിത് അതിക്രമമുണ്ട്. അതിന്റെ പേരിൽ വേട്ടയാടപ്പെട്ടവരും കൊല്ലപ്പെട്ടവരും പലരാണ്. എന്തിന് പുൽവാമയിലുണ്ടായ ഭീകരാക്രമണവും അതിർത്തി കടന്ന് നടത്തിയ മിന്നലാക്രമണവും പോലും സംശയത്തിന്റെ നിഴലിൽ നിൽക്കുകയാണിപ്പോഴും.
ഗോ സംരക്ഷണമെന്ന മുദ്രാവാക്യവുമായി ഗുണ്ടാപ്പടയെ തെരുവിലിറക്കി, അത് മാത്രമാണ് ഏക പ്രശ്‌നമെന്ന് വരുത്തിത്തീർത്ത് നടത്തിയ അതിക്രമങ്ങളിൽ മരിച്ചു പോയവരുണ്ട്. ലൗ ജിഹാദെന്ന വ്യാജ പ്രചാരണത്തിൽ വശംവദരായ അക്രമികളുടെ ക്രൂരതക്കു മുന്നിൽ പിടഞ്ഞു  പോയവരുണ്ട്. 


അടികൊണ്ട് ശരീരവും ജീവിതവും തകർന്ന എത്രയോ മുസ്‌ലിം — ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരും ദളിതരും രാജ്യത്തിന്റെ ഉത്തരേന്ത്യൻ ഭാഗങ്ങളിലെവിടെയൊക്കെയോ ദുരിത ജീവിതം നയിക്കുന്നുണ്ട് ഇപ്പോഴും. ദേശവിരുദ്ധരെന്ന് മുദ്ര കുത്തി അമിത് ഷായുടെ പോലീസ് ജയിലിൽ അടച്ച, ബി.ജെ.പി സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസ് വേട്ടയാടി ഇപ്പോഴും ജയിലിൽ കഴിയുന്ന എത്രയോ പേരുണ്ട്. അങ്ങനെ മരിച്ചു പോയവരുടെ ഇപ്പോഴും നീതി കിട്ടാത്ത കുടുംബങ്ങൾക്ക് എന്തു നൽകിയാണ് അമിത് ഷാ കുമ്പസാരം ചെയ്യാൻ പോകുന്നത്. 
മാസങ്ങളും വർഷങ്ങൾ തന്നെയും കാരാഗൃഹത്തിൽ കഴിയേണ്ടി വന്നവർക്ക് നഷ്ടപ്പെട്ടുപോയ ജീവിതം തിരികെ നൽകാൻ എന്തു കുമ്പസാരമാണ് അമിത് ഷായ്ക്ക് നടത്താനാവുക. അതുകൊണ്ട് ഒരു തെരഞ്ഞെടുപ്പ് തോൽവിയുണ്ടായപ്പോൾ നടത്തിയ കുമ്പസാരം കൊണ്ട് തീരില്ല അമിത് ഷായുടെയും ബി.ജെ.പിയുടെയും മഹാപരാധങ്ങൾ.

Latest News