Sorry, you need to enable JavaScript to visit this website.
Thursday , April   02, 2020
Thursday , April   02, 2020

കുഴൽപണ ഇടപാടിലെ അധോലോകം

മലബാർ മേഖലയിൽ ഏറെക്കാലമായി നടന്നു വരുന്ന കുഴൽപണ ഇടപാടുകാർ സമാന്തര സമ്പദ്‌വ്യവസ്ഥ തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വിദേശത്തു നിന്നും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മലബാർ ജില്ലകളിലേക്ക് ഹവാല പണം ഒഴുകുന്നത് ഏറെക്കാലമായി തുടരുന്നു. ബാങ്ക് ഇടപാടുകൾ ഒഴിവാക്കിയുള്ള ഈ പണമിടപാട് നിയമ വിരുദ്ധമാണെന്ന് പോലും പണം കൈപ്പറ്റുന്ന വ്യക്തികളിൽ പലരും അറിയാറില്ല, ചിന്തിക്കാറില്ല. ഏറെ രഹസ്യമായി നടന്നിരുന്ന ഈ ഇടപാടുകൾ പലപ്പോഴും പോലീസോ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയോ പിടികൂടുന്ന സമയത്ത് മാത്രമാണ് പുറംലോകമറിഞ്ഞിരുന്നത്. എന്നാൽ ഈയിടെയായി കുഴൽപണ സംഘങ്ങൾക്കിടയിലുള്ള തർക്കങ്ങളും തട്ടിപ്പുകളും ഈ മേഖലയിൽ അക്രമങ്ങൾക്ക് വഴിവെക്കുകയാണ്. കുഴൽപണവുമായി പോകുന്ന വാഹനങ്ങൾ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാവുന്നു. റോഡുകളിൽ ഇവർ നടത്തുന്ന നാടകീയ ആക്രമണങ്ങൾ കണ്ട് സാധാരണ ജനങ്ങൾ അന്ധാളിച്ചു നിൽക്കുന്നു. കുഴൽപണ ഇടപാടുകാരാണെന്ന് തെറ്റിദ്ധരിച്ച് നിരപരാധികളുടെ വാഹനങ്ങൾ വരെ ആക്രമിക്കപ്പെടുന്നു. ഹവാലാ സംഘങ്ങൾ അക്രമകാരികളും പൊതുസമൂഹത്തെ ഭയപ്പെടുത്തുന്നവരുമായി മാറിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്. 


മലപ്പുറം, പാലക്കാട് ജില്ലകളിൽ കഴിഞ്ഞ ദിവസം പലയിടങ്ങളിലാണ് കുഴൽപണ ഇടപാടുമായി ബന്ധപ്പെട്ട ആക്രമണങ്ങളുണ്ടായത്. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് വലിയപറമ്പിൽ പട്ടാപ്പകൽ ഓട്ടോ റിക്ഷ ആക്രമിച്ച് പണം തട്ടിയെടുത്തത് നാടകീയമായായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് കോട്ടക്കലിലേക്ക് പോയ ഓട്ടോയെ കാറിൽ പിന്തുടർന്നവർ ഇടിച്ചിടുകയായിരുന്നു. 
ഓട്ടോയിൽ കോടികളുടെ കുഴൽപണമാണ് ഉണ്ടായിരുന്നത്. ഈ പണം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെട്ട സംഘം നാട്ടുകാരുടെ പിടിയിലായി. ഓട്ടോ ഡ്രൈവറെ കാറിലെത്തിയവർ തട്ടിക്കൊണ്ടു പോയെങ്കിലും പണം പോലീസ് പിടിച്ചെടുത്തു.

 

അടുത്ത ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തു നിന്നെത്തി ഓട്ടോയിൽ കോഴിക്കോട്ടേക്ക് പോകുകയായിരുന്നയാളും ഇത്തരത്തിൽ ആക്രമിക്കപ്പെട്ടു. പാലക്കാട്-കോയമ്പത്തൂർ പാതയിൽ കാറിൽ മോട്ടോറുകളുമായി വരികയായിരുന്നയാൾ കുഴൽപണ സംഘത്തിന്റെ ആക്രമണത്തിനിരയായി. കാറിൽ പണമുണ്ടെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവറെ ആക്രമിച്ച് വാഹനം തട്ടിയെടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്നത് പണമല്ലെന്നും മോട്ടോറുകളാണെന്നും തിരിച്ചറിഞ്ഞതോടെ കിലോമീറ്ററുകൾക്കകലെ വാഹനം ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. കുഴൽപണ ഇടപാട് സംഘങ്ങൾക്ക് അധോലോക സ്വഭാവം കൈവരികയാണെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. തീർത്തും നിയമ വിരുദ്ധമായ ഒരു ഇടപാടിന് അക്രമ ഭാവം കൂടി കൈവന്നാൽ അത് സാധാരണക്കാരായ ജനങ്ങളുടെ സൈ്വര ജീവിതത്തിന് തന്നെ വെല്ലുവിളിയാകും. 


വലിയൊരു ശൃംഖലയാണ് ഹവാലാ ഇടപാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. വിദേശത്തുള്ള ഏജന്റുമാർ വഴി പണം സ്വീകരിക്കുന്ന കേരളത്തിന് പുറത്തുള്ള സംഘങ്ങൾ, അവരിൽ നിന്ന് പണം കേരളത്തിലെത്തിക്കുന്ന കരിയർമാർ, പണം മൊത്തമായി സ്വീകരിക്കുന്ന ഇടത്തരം സംഘങ്ങൾ, വീടുകളിലേക്കും വ്യക്തികളിലേക്കും പണമെത്തിക്കുന്ന വിതരണക്കാർ തുടങ്ങി വലിയൊരു ചങ്ങല തന്നെ ഈ മേഖലയിൽ പരന്നു കിടക്കുന്നു. വില കൂടിയ ആഡംബര വാഹനങ്ങൾ മുതൽ ചെറുകാറുകൾ, ഓട്ടോ റിക്ഷകൾ, ബൈക്കുകൾ തുടങ്ങി വിവിധ വാഹനങ്ങളാണ് പണം കൈമാറുന്നതിന് ഉപയോഗിക്കുന്നത്. താഴെ തട്ടിലുള്ള വിതരണക്കാർ ലൈൻ ബസുകൾ വരെ യാത്രക്കായി ഉപയോഗിക്കുന്നു.


കുഴൽപണം പിടികൂടാൻ പോലീസും മറ്റു സർക്കാർ സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ പണം തട്ടിയെടുക്കുന്ന സംഘവും സജീവമായി രംഗത്തുണ്ട്. കുഴൽപണം കൊണ്ടുപോകുന്ന വാഹനങ്ങൾ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങളാണിത്. പണം നഷ്ടപ്പെട്ടാൽ പലപ്പോഴും പരാതിക്കാറുണ്ടാകില്ല എന്നതാണ് ഈ മേഖലയിലെ പ്രത്യേകത. പണം തട്ടലും തിരിച്ചു വാങ്ങാനുള്ള ശ്രമങ്ങളും പലയിടത്തും നടക്കുന്നു. ഇത് പലപ്പോഴും അക്രമത്തിന് വഴിവെക്കുന്നു.


കുഴൽപണ ഇടപാടുകളുടെ നിയമ വിരുദ്ധതയും അപകടങ്ങളും നേരത്തെ ചർച്ച ചെയ്തതാണ്. സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ വിഷയം വീണ്ടും ആവർത്തിക്കുന്നുവെന്നത് നിയമ  നടപടികൾ ശക്തമല്ലെന്നാണ് കാണിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നിന്ന് ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതാണ് കുഴൽപണ മാഫിയാ സംഘങ്ങളുടെ പ്രവർത്തനം. ഇത്തരം സംഘങ്ങൾക്കെതിരായ പോലീസ് നടപടികൾ പര്യാപ്തമല്ലെന്നാണ് ആവർത്തിച്ചുള്ള അക്രമങ്ങൾ കാണിക്കുന്നത്.


യുവാക്കൾ ഈ മേഖലയിൽ നിന്ന് മാറിനിൽക്കേണ്ടതുണ്ട്. കുഴൽപണത്തിന്റെ കരിയർമാരായും വിതരണക്കാരായും പ്രവർത്തിക്കുന്നവരിൽ വലിയൊരു വിഭാഗം യുവാക്കളാണ്. താൽക്കാലികമായ സാമ്പത്തിക ലാഭത്തിനായി ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന്റെ നിയമത്തിന് വിരുദ്ധമാണ്. ഒരിക്കൽ ഈ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചാൽ പിന്നീട് അതിൽ നിന്ന് അവർക്ക് മാറിനിൽക്കാനുമാകില്ല. ഏത് സമയവും കുഴൽപണ വിതരണക്കാർ ആക്രമിക്കപ്പെടാമെന്ന നില കൂടി വന്നതോടെ അവരുടെ ജീവനും അപകടത്തിലാണ്.
കുഴൽപണം പിടിച്ചെടുക്കുന്ന കേസുകളിൽ അന്വേഷണത്തിന് തുടർച്ചയുണ്ടാകാറില്ലെന്നത് ഇത്തരം സംഘങ്ങൾക്ക് ആശ്വാസമാവുകയാണ്. ഗൾഫ് നാടുകളിലേതു പോലെ, സംഘത്തിലെ ഒരു കണ്ണിയെ പിടികൂടിയാൽ വിതരണ ശൃംഖല പൂർണമായും കണ്ടെത്തി അവരെ പിടികൂടി ശിക്ഷിക്കുന്ന രീതി കേരളത്തിലും വരേണ്ടതുണ്ട്. പലപ്പോഴും അന്വേഷണം പാതിവഴിയിൽ അവസാനിക്കുന്നത് ഹവാലാ സംഘങ്ങളുടെ പ്രവർത്തനം തുടരുന്നതിനും അക്രമങ്ങൾ ആവർത്തിക്കുന്നതിനും ഇടയാക്കും. 
 

Latest News