സര്‍ക്കാരിന്റെ ആശങ്ക നീങ്ങി; തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം- നിയമസഭ പാസാക്കിയ തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ  നിയമമായി. നേരത്തെ അയച്ച വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടിരുന്നില്ല.


നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ 31 വോട്ടിനെതിരെ 73 വോട്ടുകള്‍ക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ല് പാസായത്. ബില്ല് കേന്ദ്ര നിയമത്തിന് എതിരല്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.സി മൊയ്തീന്‍ പറഞ്ഞിരുന്നു. വാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.


തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ബില്ല് വരുമ്പോള്‍ എന്തെങ്കിലും തടസ്സവാദങ്ങള്‍ ഉന്നയിക്കുമോ എന്ന ആശങ്ക സര്‍ക്കാരിന് ഉണ്ടായിരുന്നു.സംസ്ഥാനത്ത് ആകെ 1200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ 82 ഇടത്ത് മാത്രമാണ് 2011ലെ സെന്‍സസ് പ്രകാരം വാര്‍ഡ് വിഭജനം നടന്നിട്ടുള്ളത്.


ബാക്കിയുള്ള 1118 ഇടത്തും 2001 ലെ സെന്‍സസ് പ്രകാരമാണ് വാര്‍ഡുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഈ ബില്ലിലൂടെ ഐക്യം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. ഇത് മുന്‍കൂട്ടി കണ്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സഹരജി നല്‍കി. 2019ലെ പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ കോടതിയെ സമീപിക്കുന്നത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തിവെച്ചിരിക്കയാണ്.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജിയില്‍ തങ്ങളുടെ വാദം കൂടി കേട്ട ശേഷമേ ഉത്തരവ് ഇറക്കാന്‍ പാടുള്ളു എന്നാണ് മുസ്്‌ലിം ലീഗിന്റെ തടസ്സഹരജിയിലെ ആവശ്യം.

 

 

Latest News