തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ദമ്പതികളുടെ ആറ് കുഞ്ഞുങ്ങളുടെ ദുരൂഹമരണം; പോലിസ് കേസെടുത്തു

തിരൂര്‍-  മലപ്പുറം തിരൂരില്‍ ഒന്‍പത് വര്‍ഷത്തിനിടെ ഒരു ദമ്പതികളുടെ ആറ് കുട്ടികളുടെ മരണം ദുരൂഹത ഉണര്‍ത്തുന്നു. തറമ്മല്‍ റഫീക് -സബ്‌ന ദമ്പതികളുടെ മക്കളുടെ മരണമാണ് ദുരൂഹതയിലേക്ക് നീങ്ങുന്നത്. ചൊവ്വാഴ്ച രാവിലെ ഈ ദമ്പതികളുടെ 93 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. എന്നാല്‍ കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ ധൃതി പിടിച്ച് നടത്തിയത് അയല്‍വാസികളില്‍ സംശയമുണ്ടാക്കി. ഇതേതുടര്‍ന്ന് അയല്‍വാസികളുടെ പരാതിയിലാണ് പോലിസ് അന്വേഷിച്ചത്. 2010 ല്‍ വിവാഹം കഴിഞ്ഞ ഈ ദമ്പതികള്‍ക്ക് ഒന്‍പത് വര്‍ഷത്തിനിടെ ആറ് കുഞ്ഞുങ്ങളാണ് ജനിച്ചത്.

ഒരു കുട്ടി നാലര വയസിലും മറ്റുള്ളവര്‍ ഒരു വയസിന് താഴെ പ്രായമുള്ളപ്പോഴും പല കാലത്തായി മരിച്ചു.കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായി അപസ്മാരമാണെന്നാണ് ദമ്പതികള്‍ അയല്‍വാസികളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ ഏറ്റവും ഒടുവിലുണ്ടായ മരണത്തില്‍ സംശയം തോന്നിയതാണ് അയല്‍വാസികളെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്. കുഞ്ഞുങ്ങളുടെ മരണശേഷം പോസ്റ്റ്‌മോര്‍ട്ടം  ചെയ്തിരുന്നില്ല. സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായി തിരൂര്‍ സിഐ അബ്ദുല്‍ കരീം അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും പോലിസ് അറിയിച്ചു.
 

Latest News