ട്രംപിന്‍റെ സന്ദർശനം: ഗുജറാത്തില്‍ ചേരിനിവാസികളെ ഒഴിപ്പിക്കുന്നു

അഹമ്മദാബാദ്- യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ  വരവിനോടനുബന്ധിച്ച മതിൽ നിർമാണം വിവാദമായതിനു പിന്നാലെ അഹമ്മദാബാദിലെ ചേരി നിവാസികളെ പൂർണമായും ഒഴിപ്പിക്കാൻ നീക്കം. ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാൻ അഹമ്മദാബാദ് കോർപ്പറേഷൻ നോട്ടിസ് നൽകി. മതില്‍ നിർമാണം താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കയാണ്.

ചേരി ഒഴിപ്പിക്കുന്നതിന് ട്രംപും-മോഡിയും പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടിയുമായി ബന്ധമില്ലെന്നാണു കോർപ്പറേഷന്റെ വിശദീകരണം. ചേരി നിവാസികള്‍ കയ്യേറി താമസിക്കുന്നത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമിയാണെന്നും ടൗണ്‍ പ്ലാനിംഗിന്റെ ഭാഗമായാണു നടപടിയെന്നും കോര്‍പ്പറേഷന്‍ പറയുന്നു. ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് അധികൃതര്‍ പറയുന്നതെന്നു ചേരി നിവാസികള്‍ പറഞ്ഞു.

 ഈ മാസം 24,25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. സന്ദര്‍ശനവേളയില്‍ അഹമ്മദാബാദിലെ ചേരി കാണാതിരിക്കാനല്ല സുരക്ഷ ഉറപ്പാക്കാനാണ് മതിൽ പണിതതെന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വിശദീകരണം.

ട്രംപിനു മുന്നില്‍ ഗുജറാത്തും അമേരിക്ക പോലെ വികസിച്ചതാണെന്ന് തെളിയിക്കാനാണ്  സർക്കാർ നീക്കമെന്നും ഇതിനായാണ് ചേരികളും ദരിദ്രജീവിതങ്ങളും മറച്ചുവെക്കാന്‍ ഏഴടിയോളം ഉയരത്തിൽ മതിൽ പണിയുന്നതെന്നുമായിരുന്നു  വിമർശനം. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് സന്ദർശിച്ചപ്പോൾ നടത്തിയ ഹൗഡി മോഡി പരിപാടിക്കു സമാനമായ രീതിയിൽ കെം ഛോ ട്രംപ് (ഹൗ ആർ യു ട്രംപ്) പരിപാടിയും ലക്ഷങ്ങളെ പങ്കെടുപ്പിച്ചു റോഡ് ഷോയും നടത്താനാണു മോഡിയും വിജയ് രുപാണി സർക്കാരും ലക്ഷ്യമിടുന്നത്.

മൂന്നുമണിക്കൂർ മാത്രം ഗുജറാത്തിൽ ചെലവഴിക്കുന്ന ട്രംപ് കടന്നു പോകുന്ന വഴികളിൽ കോടികൾ മുടക്കിയുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ട്രംപ് കടന്നു പോകുന്ന വഴികളിലെ പാൻമസാല കടകൾ സീൽ ചെയ്തതായും വഴിയിലെ തെരുവ്‌നായ്ക്കളെ പൂട്ടിയിടാന്‍ തീരുമാനിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

Latest News