Sorry, you need to enable JavaScript to visit this website.

ചൈനയില്‍ മുസ്ലിംകളെ നിരീക്ഷിക്കുന്നതും തടങ്കലിലാക്കുന്നതും ഇങ്ങനെ; രേഖകള്‍ ചോർന്നു

ഹോങ്കോംഗ് - ചൈനയില്‍ രാജ്യത്തിന്‍റെ ശത്രുക്കളാകുമെന്ന് ഭയപ്പെട്ട് പൌരന്മാരുടെ രഹസ്യവിവരങ്ങള്‍ സൂക്ഷിക്കുന്നതും അവരെ പിന്തുടരുന്നതും എങ്ങനെയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ചോർന്നു. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് സി.എന്‍.എന്‍ പ്രസിദ്ധീകരിച്ചു.

ചൈനയിലെ പടിഞ്ഞാറൻ സിൻജിയാങ് പ്രദേശത്ത് താമസിക്കുന്ന റോസിൻസ മാമത്തോത്തിക്ക് ഈ വിവരങ്ങള്‍ വായിച്ചതിനുശേഷം ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്ന ആമുഖത്തോടെയാണ് റിപ്പോർട്ട്. ചൈനീസ് സർക്കാർ റോസിന്‍സയുടെ കുടുംബത്തെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിച്ചുവെച്ചിരിക്കുന്നുവെന്നാണ് പുറത്താ രേഖകളില്‍നിന്ന് വ്യക്തമാകുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/02/18/rozinza.jpg

റോസിന്‍സയും ബന്ധുക്കളും വിമതരോ തീവ്രവാദികളോ അറിയപ്പെടുന്നവരല്ലതിരിട്ടും പ്രാദേശിക ഉദ്യോഗസ്ഥർ സൂക്ഷിക്കുന്ന സ്പ്രെഡ്‌ഷീറ്റിൽ, ഇവരുടെ ജോലികൾ, മതപരമായ പ്രവർത്തനങ്ങൾ, വിശ്വാസ്യത, അധികാരികളുമായുള്ള സഹകരണം എന്നിവയ്‌ക്കൊപ്പം കുടുംബത്തിന്‍റെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഷീറ്റ് അടിസ്ഥാനമാക്കിയാണ് റോസിന്‍സയുടെ സഹോദരിയെ സർക്കാർ തടങ്കല്‍ പാളയത്തിലേക്ക് അയച്ചത്.

റോസിന്‍സയുടേതടക്കം ചൈനീസ് സർക്കാർ സൂക്ഷിക്കുന്ന നൂറുകണക്കിനാളുകളുടെ വിവരങ്ങള്‍  വിപ്രവാസ ജീവിതം നയിക്കുന്ന  ഉയിഗൂർ പ്രവർത്തകരാണ്   മാധ്യമപ്രവർത്തകർക്ക് ചോർത്തി നൽകിയത്.

സിൻജിയാങ്ങിലുടനീളമുള്ള കനത്ത കോട്ടകളുള്ള തടങ്കൽ കേന്ദ്രങ്ങളിൽ ലക്ഷങ്ങളെ പാർപ്പിക്കുന്നതിന് ചൈനീസ് സർക്കാർ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/02/18/uighurwall.jpg

ഉയിഗൂരിലെ  മുസ്ലീം ഭൂരിപക്ഷത്തിന്‍റെ   സാംസ്കാരികവും മതപരവുമായ സ്വത്വത്തെ ഇല്ലാതാക്കാനും അടിച്ചമർത്താനുമുള്ള സർക്കാർ നടപടികളെ കുറിച്ചുള്ള രേഖകളുടെ മൂന്നാമത്തെ ചോർച്ചയാണിത്.

തീവ്രവാദികളാകാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ക്യാമ്പുകളില്‍ നടക്കുന്നതെന്ന് ചൈനീസ് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ശിരോവസ്ത്രം ധരിക്കുന്നവരേയും നീളമുള്ള താടി വളർത്തുന്നുവരേയും തടങ്കലില്‍ പാർപ്പിക്കുമെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഔദ്യോഗിക രേഖകളെന്ന് ഇവ പരിശോധിച്ച വിദഗ്ധർ അഭിപ്രായപ്പെടുന്നു.

റോസിന്‍സയുടെ സഹോദരി 34 കാരി പാത്തിമിനെ തടങ്കലിലിട്ടത് കുടുംബാസൂത്രണ നയം ലംഘിച്ചുവെന്ന കുറ്റം ചുമത്തിയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി സ്വീകരിച്ച നയത്തിന്‍റെ ഭാഗമായി സിന്‍ജിയാങിലെ ഗ്രാമീണ കുടുംബങ്ങളില്‍ മൂന്ന് കുട്ടികള്‍ മാത്രമേ പാടുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. പാത്തിമിന് നാല് കുട്ടികളുുണ്ട്.2016 ന് ശേഷം ആദ്യമായാണ് തന്‍റെ സഹോദരിക്കും കുടുംബത്തിനും എന്താണ് സംഭവിച്ചതെന്തെന്ന് റോസിന്‍സക്ക് വ്യക്തമായ വിവരം ലഭിക്കുന്നത്.

സഹോദരി ജയിലിലാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ചോർന്ന രേഖകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും ഇസ്താംബൂളിലെ വസതിയില്‍ കണ്ണീർ വാർത്തുകൊണ്ട് റോസിന്‍സ സി.എന്‍.എന്നിനോട് പറഞ്ഞു.

 

Latest News