തിരുവനന്തപുരം- കലാകൗമുദി ദിനപത്രം ചീഫ് എഡിറ്ററും കേരള കൗമുദി മുൻ ചീഫ് എഡിറ്ററുമായ എം.എസ്. മണി (79) അന്തരിച്ചു. പുലർച്ചെ അഞ്ച് മണിയോടെ കുമാരപുരം കലാകൗമുദി ഗാർഡൻസിൽ വെച്ചായിരുന്നു അന്ത്യം.കുറച്ചുനാളായി ചികിത്സയിലായിരുന്നു.
കലാകൗമുദി ഗാർഡൻസിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം വൈകീട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ സംസ്‌കരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. കസ്തൂരിഭായിയാണ് ഭാര്യ. കേരളകൗമുദി അസിസ്റ്റന്‍റ് എഡിറ്ററായിരുന്ന വത്സാമണി മകളും അന്താരാഷ്ട്ര പരസ്യക്കമ്പനി ഉദ്യോഗസ്ഥനായി പാരീസിൽ പ്രവർത്തിക്കുന്ന സുകുമാരൻ മണി മകനുമാണ്. കേരളകൗമുദി മുൻ റെസിഡന്‍റ് എഡിറ്റർ എസ്. ഭാസുരചന്ദ്രനാണ് മരുമകൻ.
കേരളകൗമുദി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ കെ. സുകുമാരന്‍റെയും മാധവീ സുകുമാരന്‍റെയും മകനായി 1941 നവംബർ നാലിന് കൊല്ലം ജില്ലയിലാണ് എം.എസ്. മണിയുടെ ജനനം. പേട്ട ഗവ. സ്‌കൂൾ, സെന്‍റ് ജോസഫ്സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. ഗവ. ആർട്സ് കോളജിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റി പാസായ ശേഷം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി.
വിദ്യാഭാസകാലത്തു തന്നെ കേരളകൗമുദിയുടെ ലേഖകനായി പ്രവർത്തിച്ച എം.എസ്. മണി, ബിരുദ പഠന ശേഷം ദൽഹി ലേഖകനായി ചുമതലയേറ്റു. നാലു വർഷം പാർലമെന്‍റ് ലേഖകനായിരുന്നു. 1962ലെ ചൈനീസ് യുദ്ധകാലത്ത് ലഡാക്കില്‍ പോയി യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്തു.
1969ൽ കേരളകൗമുദിയുടെ എഡിറ്ററായി ചുമതലയേറ്റ എം.എസ്. മണി ഞായറാഴ്ച പതിപ്പായ 'മൺഡേ മാഗസിൻ' തുടങ്ങിയ പുതിയ മാഗസിൻ സംസ്‌കാരത്തിന് മലയാള പത്രങ്ങളിൽ തുടക്കമിട്ടു. അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രീയ കാരണങ്ങളാൽ കേരളകൗമുദിയിൽ നിന്ന് പുറത്തു പോകേണ്ടി വന്ന അദ്ദേഹം 'കലാകൗമുദി' വാരിക ആരംഭിച്ചു. മുംബൈയിൽ നിന്ന് 1990ൽ 'കലാകൗമുദി' ദിനപത്രം ആരംഭിച്ചു. കേരളത്തിന് പുറത്ത് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള ദിനപത്രമായിരുന്നു ഇത്.
അമേരിക്ക, ബ്രിട്ടൻ, യു.എസ്.എസ്.ആർ, പശ്ചിമ - പൂർവ ജർമ്മനികൾ, ഹംഗറി, ചെക്കോസ്ലാവാക്യ, യുഗോസ്ലാവ്യ, ഈജിപ്ത്, ഇസ്രയേൽ, സ്വീഡൻ, നോർവ്വേ, ഡെന്മാർക്ക്, തായ്‌വാൻ, സിംഗപ്പൂർ, യു.എ.ഇ, ശ്രീലങ്ക, താഷ്‌കന്‍റ്, ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 'സ്വർഗം ഭൂമിയിലേക്ക് ഇറങ്ങി വരുന്നു' (1970), 'കാട്ടുകള്ളന്മാർ' (1974), ശിവഗിരിക്കു മുകളിൽ തീമേഘകൾ (1995) എന്നിവ രചനകളാണ്.
ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മാധ്യമ രംഗത്തെ മികവിനുള്ള കേരള സര്‍ക്കറിന്‍റെ സ്വദേശാഭിമാനി കേസരി പുരസ്കാരം, അംബേദ്കർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പരേതരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ, എം.എസ്. രവി എന്നിവരാണ് സഹോദരങ്ങൾ. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സഹോദര പുത്രനാണ്.