Sorry, you need to enable JavaScript to visit this website.

പോലീസ് നവീകരണത്തിന്റെ മറവിൽ സാമ്പത്തിക നേട്ടം: വിജിലൻസ് നടപടി റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്

തിരുവനന്തപുരം- പോലീസ് നവീകരണത്തിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് 151.41 കോടി രൂപയുടെ അവിഹിത സാമ്പത്തിക നേട്ടമുണ്ടാക്കി കൊടുത്തെന്ന പരാതിയിലെ വിജിലൻസ് നടപടി റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ്. 
വിജിലൻസിനും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു എന്നുള്ള റിപ്പോർട്ട്  ഈമാസം 19 ന് ഹാജരാക്കാനാണ് വിജിലൻസ് ജഡ്ജി എം.ബി.സ്‌നേഹലതയുടെ ഉത്തരവ് നൽകിയത്. സി.എ.ജി റിപ്പോർട്ടിൽ അഴിമതിയുടെയും വകമാറ്റലിന്റെയും കണക്കുകൾ പുറത്ത് വന്നതോടെ അഡ്വ. നെയ്യാറ്റിൻകര നാഗരാജ് വിജിലൻസിനും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നാൽ യാതൊരു നടപടികളും ഉണ്ടായില്ല. ഇതേ തുടർന്ന് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹരജി നൽകുകയായിരുന്നു.


ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ കൂടാതെ അഡി. ഡി.ജി.പി (നവീകരണം) യെ ചട്ടവിരുദ്ധമായി ഉപകരണങ്ങൾ വാങ്ങാൻ ബെഹ്‌റ ചുമതലപ്പെടുത്തി. സാങ്കേതിക സമിതി അംഗങ്ങൾ, പജേറോ കാറുകൾ വാങ്ങിയ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഫിനാൻസ് കോർപറേഷൻ എം.ഡി , പാനസോണിക് ഇന്ത്യ കമ്പനി എം.ഡി , ന്യൂ ദൽഹി ആസ്ഥാനമായ എൽ.എ.ടി കമ്പനി എം.ഡി , സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ കമ്പനി എം.ഡി എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പൊതുസേവകരായ സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷികളായ സ്വകാര്യ കമ്പനികളെ അവിഹിതമായി സഹായിച്ച് ഖജനാവിന് അന്യായ നഷ്ടം വരുത്തിയെന്നാണ് പരാതി. 


ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, ആഡംബര വാഹനങ്ങൾ, ജി.പി.എസ് സിസ്റ്റം, വോയ്‌സ് ലോഗർ സിസ്റ്റം, എക്‌സ്‌റേ ബാഗേജ് ഇൻസ്‌പെക്ഷൻ സിസ്റ്റം, ശബരിമലയിലേക്കുള്ള സുരക്ഷാ സിസ്റ്റം, മൊബൈൽ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ പ്ലാറ്റ്‌ഫോം എന്നിവ വാങ്ങിയതിലും വില്ലകൾ പണിതതിലും അഴിമതി നടത്തിയെന്ന് പരാതിയിൽ പറയുന്നു. 
കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ എസ്.സുനിൽരാജനെ സാക്ഷിപ്പട്ടികയിൽ ഒന്നാം സാക്ഷിയാക്കിയിട്ടുണ്ട്. അന്വേഷണത്തിൽ കോടതി നിരീക്ഷണം ആവശ്യമില്ലെന്നാണ് സർക്കാർ അഭിഭാഷകൻ വാദിച്ചത്. ഈ വാദം തള്ളിയ കോടതി റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തു.

 

Latest News