Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കാൻ  അവാർഡുകളുമായി തൊഴിൽ മന്ത്രാലയം


റിയാദ്- സൗദിവൽക്കരണം ഉയർത്താനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലേബർ അവാർഡ് എന്ന പേരിൽ പുതിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽ റാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച തൊഴിലവസരങ്ങൾ സ്വദേശികൾക്ക് നൽകാനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്. 

മികച്ച തൊഴിൽ സാഹചര്യത്തിനുള്ള പുരസ്‌കാരവും സൗദിവൽക്കരണത്തിനുള്ള പുരസ്‌കാരവും ആയി അവാർഡിന് രണ്ടു വിഭാഗമാണുള്ളത്. മികച്ച തൊഴിൽ അന്തരീക്ഷത്തിനുള്ള വിഭാഗത്തിൽ ആകെ ആറു അവാർഡുകളാണ് നൽകുക. സൗദിവൽക്കരണ വിഭാഗത്തിൽ പന്ത്രണ്ട് അവാർഡുകളുണ്ടാകും.
 


സൗദിവൽക്കരണം, സ്വദേശി ജീവനക്കാരുടെ തൊഴിൽ സ്ഥിരത, ഉന്നത തസ്തികകളിൽ സ്വദേശികളുടെ അനുപാതം, വേതന സുരക്ഷാ പദ്ധതി, ഉയർന്ന ഗുണമേന്മയുള്ള സ്വദേശിവൽക്കരണം, മികച്ച മാനേജ്‌മെന്റ്, തൊഴിൽ അന്തരീക്ഷം, വേതനം-ആനുകൂല്യങ്ങൾ-പരിശീലനം എന്നീ മേഖലകളിൽ കൈവരിച്ച ഏറ്റവും മികച്ച നേട്ടങ്ങൾ വിലയിരുത്തിയാണ് സൗദിവൽക്കരണ വിഭാഗത്തിൽ അവാർഡിന് അർഹമായ സ്ഥാപനങ്ങളെ കണ്ടെത്തുക. 


സൗദിവൽക്കരണ അവാർഡുകളെ നാലു വിഭാഗമായി തരം തിരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ.അബ്ദുല്ല അബൂസ്‌നൈൻ പറഞ്ഞു. വൻകിട സ്ഥാപനങ്ങൾക്കുള്ള ജനറൽ അവാർഡ്, ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കുള്ള അവാർഡ്, വിജയ സാധ്യതയുള്ള സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരം, ഒമ്പതു വ്യത്യസ്ത മേഖലകളിൽ സൗദിവൽക്കരണം ഉയർത്തുന്ന സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ എന്നിങ്ങനെ ആകെ 12 അവാർഡുകളാണ് സൗദിവൽക്കരണ മേഖലയിൽ നൽകുക. ജനറൽ അവാർഡിന് പരിഗണിക്കപ്പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 500 ഉം അതിൽ കൂടുതലും ആകണം. സ്ഥാപനത്തിന് അഞ്ചും അതിൽ കൂടുതലും കാലം പഴക്കവുമുണ്ടാകണം. ഈ വിഭാഗത്തിൽ ഒരു അവാർഡ് ആണ് നൽകുക.

 

ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കുള്ള അവാർഡിന് പരിഗണക്കപ്പെടുന്നതിന് ജീവനക്കാരുടെ എണ്ണം ആറു മുതൽ 499 വരെയാകണം. സ്ഥാപനം അഞ്ചും അതിൽ കൂടുതലും കാലമായി പ്രവർത്തിക്കുന്നവയാകണം. ഈ വിഭാഗത്തിലും ഒരു പുരസ്‌കാരമാണ് നൽകുക. വിജയ സാധ്യതയുള്ള സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നതിന് ജീവനക്കാരുടെ എണ്ണം ആറു മുതൽ 499 വരെയാകണമെന്നും സ്ഥാപനങ്ങൾക്ക് മൂന്നു മുതൽ അഞ്ചു വരെ വർഷത്തെ പഴക്കമുണ്ടാകണമെന്നും വ്യവസ്ഥയുണ്ട്. ഈ വിഭാഗത്തിലും ഒരു അവാർഡാണ് നൽകുക. വ്യത്യസ്ത മേഖലകൾക്കുള്ള അവാർഡിന് പരിഗണിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ പഴക്കം മൂന്നു വർഷവും അതിൽ കൂടുതലും ജീവനക്കാരുടെ എണ്ണം 50 ഉം അതിൽ കൂടുതലും ആകണം. ഒമ്പതു വ്യത്യസ്ത വിഭാഗങ്ങളിൽ ഓരോ വിഭാഗത്തിലും ഒരു പുരസ്‌കാരം വീതമാണ് നൽകുക. സൗദിവൽക്കരണ അവാർഡിന് പരിഗണിക്കപ്പെടുന്ന സ്ഥാപനങ്ങൾ ഉയർന്ന തോതിൽ സ്വദേശിവൽക്കരണം പാലിച്ച് പ്ലാറ്റിനം വിഭാഗത്തിൽ ഉൾപ്പെടണമെന്ന വ്യവസ്ഥയുമുണ്ട്.

 

Latest News