'ഇത് ഇന്ത്യയല്ല, പാകിസ്താനാണ്'; സമരക്കാരെ രാജ്യദ്രോഹികളാക്കിയ പോലീസിനോട് ഇസ്‌ലാമാബാദ് കോടതി

ഇസ്‌ലാമാബാദ്- പ്രതിഷേധ സമരം നടത്തിയ പൗരന്‍മാര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റുചെയ്ത പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്‌ലാമാബാദ് കോടതി.പ്രതിഷേധക്കാരെ രാജ്യദ്രോഹികളാക്കാന്‍ ഇത് ഇന്ത്യയല്ല പാകിസ്താനെന്നാണ് ഇസ്‌ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അതര്‍ മിന്‍അല്ല പൊലീസിനോട് പറഞ്ഞത്.

നേതാവിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട പിടിഎം പാര്‍ട്ടി പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ‘ഒരു ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിപ്പെടും. ഇത് ഇന്ത്യയല്ല, പാകിസ്താനാണ്’ മിന്‍അല്ല പറഞ്ഞു.

പ്രതിഷേധിക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വിമര്‍ശനത്തെ തുടര്‍ന്ന് പ്രതിഷേധക്കാരുടെ മേല്‍ ചുമത്തിയ ചാര്‍ജുകള്‍ പിന്‍വലിച്ചതായി ഇസ്‌ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ കോടതിയെ ബോധിപ്പിച്ചു.

കഴിഞ്ഞമാസമാണ് അവാമി വര്‍ക്കേര്‍സ് പാര്‍ട്ടിയിലെയും പാഷ്തന്‍ തഹഫുസ് പാര്‍ട്ടിയിലെയും 23 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

Latest News